സ്വര്‍ണം 9 കാരറ്റ് വാങ്ങാം; സര്‍ക്കാര്‍ നടത്തിയത് കിടിലന്‍ നീക്കം, വാങ്ങുന്നവര്‍ക്ക് മാത്രമല്ല നേട്ടം
കൊച്ചി: സ്വര്‍ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പുതിയ നീക്കം സ്വര്‍ണവിപണിക്ക് ഉണര്‍വേകുമെന്ന് വിലയിരുത്തല്‍. ഒമ്പത് കാരറ്റ് ആഭരണങ്ങള്‍ കൂടി ഇനി വിപണിയില്‍ നിറയാന്‍ പോകുന്നു. ഈ പരിശുദ്ധിയിലുള്ള ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് (ബിഐഎസ്).
വലിയ വില കൊടുത്ത് സ്വര്‍ണം വാങ്ങേണ്ട സാഹചര്യം ഇപ്പോഴില്ല എന്നതാണ് പുതിയ മാറ്റം. കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങള്‍ വിപണിയില്‍ കിട്ടും. ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയതിലൂടെ ഈ കാരറ്റിലെ ആഭരണങ്ങള്‍ക്ക് വിശ്വാസ്യതയേറി. ഉപഭോക്താക്കള്‍ക്കും വില്‍ക്കുന്നവര്‍ക്കും നേട്ടമാണിതെന്ന് ഇന്ത്യന്‍ ബുള്ളിയന്‍ ജ്വല്ലേഴ്‌സ് അസോസിയേഷന്‍ (ഐബിജെഎ) സെക്രട്ടറി സുരേന്ദ്ര മേത്ത സിഎന്‍ബിസി ടിവിയോട് പറഞ്ഞു.

24, 22 എന്നീ കാരറ്റിലുള്ള ആഭരണങ്ങളാണ് കേരള വിപണിയില്‍ സജീവമായിരുന്നത്. ആഭരണം വാങ്ങുന്നവര്‍ 22 കാരറ്റാണ് തിരഞ്ഞെടുക്കാറ്. വില കൂടിയതോടെ ആഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയായി. ഈ സാഹചര്യത്തിലാണ് 18, 14 കാരറ്റുകളില്‍ കൂടുതല്‍ ആഭരണങ്ങള്‍ സ്വര്‍ണവിപണിയില്‍ ഇറങ്ങിയത്. ഇപ്പോഴിതാ 9 കാരറ്റിലെ ആഭരണങ്ങളും വന്നിരിക്കുന്നു.
കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിലെ ഉപഭോക്തൃ വകുപ്പിന് കീഴിലുള്ള ഇന്ത്യയുടെ ദേശീയ നിലവാര പരിശോധന സ്ഥാപനമാണ് ബിഐഎസ്. 14 കാരറ്റില്‍ താഴെയുള്ള ആഭരണങ്ങള്‍ക്ക് നേരത്തെ ബിഐഎസ് അനുമതി നല്‍കിയിരുന്നില്ല. കഴിഞ്ഞാഴ്ച ഇക്കാര്യത്തില്‍ അനുമതി നല്‍കി. ഇതോടെ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുമെന്നതാണ് നേട്ടം. ഈ സ്വര്‍ണം വില്‍ക്കുമ്പോഴും കുറഞ്ഞ വിലയേ കിട്ടൂ.
9 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില
കേരളത്തില്‍ ഒമ്പത് കാരറ്റിലുള്ള സ്വര്‍ണം ഗ്രാമിന് 3825 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസത്തേക്കാള്‍ 45 രൂപ വര്‍ധിച്ചിട്ടുണ്ട്. 14 കാരറ്റിലെ സ്വര്‍ണം ഗ്രാമിന് 5935 രൂപയാണ് ഇന്നത്തെ വില. തിങ്കളാഴ്ച രേഖപ്പെടുത്തിയതിനേക്കാള്‍ 70 രൂപ വര്‍ധിച്ചിട്ടുണ്ട്. വിപണിയില്‍ സ്വര്‍ണവില കൂടുമ്പോള്‍ 9, 14 കാരറ്റിനും ആനുപാതികമായി വില ഉയരും. ആഭരണം വാങ്ങുന്ന വേളയില്‍ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൊടുക്കേണ്ടി വരും.
കുറഞ്ഞ വിലയ്ക്ക് സ്വര്‍ണാഭരണം വാങ്ങാന്‍ സാധിക്കുന്നതോടെ കൂടുതല്‍ പേര്‍ വിപണിയില്‍ എത്താന്‍ സാധ്യതയുണ്ട്. ഇതോടെ വ്യാപാരികള്‍ക്കും നേട്ടമാകും. വില കൂടിയത് കാരണം ആഭരണ വിപണി പ്രതിസന്ധി നേരിട്ടിരുന്നു. വലിയ വില കൊടുത്ത് സ്വര്‍ണം വാങ്ങാന്‍ മടിയുള്ളതിനാല്‍ ഉപഭോക്താക്കള്‍ മറ്റു നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. ബിഐഎസിന്റെ പുതിയ തീരുമാനം വന്നതോടെ ഇതില്‍ മാറ്റം വന്നേക്കാം.
ഹാള്‍മാര്‍ക്കിങ് ഇല്ലാത്തതിനാല്‍ ഗ്രാമീണ മേഖലകളില്‍ പരിശുദ്ധി കുറഞ്ഞ സ്വര്‍ണം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നു എന്ന് ആരോപണം ഉണ്ടായിരുന്നു. ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയതോടെ ഇക്കാര്യത്തില്‍ പരിഹാരമായി. യുവജനങ്ങള്‍ കുറഞ്ഞ കാരറ്റിലുള്ള ആഭരണത്തിന് താല്‍പ്പര്യം കാണിക്കുമെന്നാണ് പ്രതീക്ഷയെന്നു സുരേന്ദ്ര മേത്ത പറഞ്ഞു. ആഭരണങ്ങള്‍ക്ക് മാത്രമല്ല സ്വര്‍ണക്കട്ടികള്‍ക്കും ഹാള്‍മാര്‍ക്കിങ് ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications