സ്വർണം ഒരു പവൻ 33,555 രൂപയ്ക്ക് വാങ്ങാം, 54,000ത്തോളം രൂപ പോക്കറ്റിൽ കിടക്കും..പരിശുദ്ധി അറിയാം
കേരളത്തിൽ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 81,440 രൂപയാണ്. ഗ്രാമിന് 10,180 രൂപയും. ജി എസ് ടിയും പണിക്കൂലിയും ചേർക്കുമ്പോൾ ഒരു പവൻ ആഭരണത്തിന് 88,000 രൂപ വരും. അതായത് സാധാരണക്കാരനെ സംബന്ധിച്ച് ഒരു പവൻ സ്വർണം തൊടാൻ പോലും സാധിക്കില്ലെന്ന് സാരം. അപ്പോൾ ഇനി സാധാരണക്കാർ സ്വർണം ഉപേക്ഷിക്കണമെന്നാണോ? ചെറിയ കാരറ്റിലുള്ള സ്വർണാഭരണം ഇവിടെയുള്ളപ്പോൾ ഒരിക്കലും വേണ്ടി വരില്ലെന്ന് തന്നെയാണ് ഉത്തരം.
സ്വർണത്തിന് വില ഉയർന്നതോടെ ആളുകൾ ചെറിയ കാരറ്റ് സ്വർണങ്ങൾ വാങ്ങിത്തുടങ്ങിയിട്ടുണ്ട്. 18,14 കാരറ്റ് ആഭരണങ്ങളാണ് കൂടുതലായും ആളുകൾ ആശ്രയിച്ചിരുന്നത്. അതേസമയം 22 കാരറ്റിന് സമാനമായി ഇവയുടേയും വില കുതിക്കാൻ തുടങ്ങിയതോടെ വലിയൊരു വിഭാഗം ആളുകൾ 9 കാരറ്റ് സ്വർണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

22 കാരറ്റിന് 88,000 കൊടുക്കുമ്പോൾ ഇന്ന് ഏകദേശം 33,555 രൂപയ്ക്ക് 9 കാരറ്റ് സ്വർണം ലഭിക്കും ( ഗ്രാമിന് 3712 രൂപ). അപ്പോൾ പിന്നെ എന്തിന് 22 കാരറ്റിന് പുറകെ പോണം അല്ലേ? ഇത്ര കുറഞ്ഞ വിലയിൽ ഒരു പവൻ ലഭിക്കുമ്പോൾ ആളുകൾക്ക് സ്വാഭാവികമായുള്ള സംശയം 9 കാരറ്റ് സ്വർണ്ണം യഥാർത്ഥ സ്വർണം അല്ലേ എന്നായിരിക്കും. 9 കാരറ്റിൽ അടങ്ങിയിിക്കുന്ന സ്വർണത്തിന്റേയും മറ്റ് ലോഹങ്ങളുടേയും അളവ് വിശദമായി അറിഞ്ഞാൽ അതിനുത്തരം കിട്ടും. നോക്കാം
9 കാരറ്റ് സ്വർണ്ണം യഥാർത്ഥ സ്വർണ്ണം തന്നെയാണ്. എന്നിരുന്നാലും 14 കാരറ്റ് (58.5% സ്വർണം), 18 കാരറ്റ് (75% സ്വർണം) എന്നിവയെ അപേക്ഷിച്ച് ഇവയ്ക്ക് പരിശുദ്ധി കുറവാണ്. 37.5 ശതമാനം ശുദ്ധമായ സ്വർണവും ബാക്കിയുള്ള 62.5 ശതമാനം മറ്റ് ലോഹങ്ങളും ചേർന്നതാണ് 9 കാരറ്റ് സ്വർണം. ഈ ലോഹക്കൂട്ടുകൾ സ്വർണത്തിന് കൂടുതൽ ഈട് നൽകും.
വിശ്വാസ്യത ഉറപ്പാക്കുന്ന ഹാൾമാർക്കിംഗ്
ഈ വർഷം ജൂലൈയിൽ ആണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) 9 കാരറ്റ് സ്വർണത്തിന് ഹാൾമാർക്കിംഗ് അംഗീകാരം നൽകിയത്.
9 കാരറ്റ് സ്വർണ്ണത്തിലെന്തെല്ലാം?
24 കാരറ്റ് സ്വർണമാണ് ശുദ്ധമായ സ്വർണം. ഇവ പക്ഷെ ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കില്ല. 22 കാരറ്റ് ആണ് സ്വർണാഭരണം തയ്യാറാക്കാനായി ഉപയോഗിക്കുക. ഇതിൽ 91.67 ശതമാനവും സ്വർണമായിരിക്കും. ഈട് വർദ്ധിപ്പിക്കുന്നതിനായി ചെമ്പ്, വെള്ളി അല്ലെങ്കിൽ സിങ്ക് പോലുള്ള ലോഹസങ്കരങ്ങളാണ് ഇവയിൽ ചേർക്കുന്നത്.
ഇൻി 9 കാരറ്റിലേക്ക് വന്നാൽ 37.5% ശുദ്ധമായ സ്വർണവും ശേഷിക്കുന്ന 62.5 ശതമാനം മറ്റ് ലോഹങ്ങശളുമാണ്. സാധാരണയായി ചെമ്പ്, വെള്ളി, സിങ്ക്, നിക്കൽ, ചിലപ്പോൾ പല്ലേഡിയം, പ്ലാറ്റിനം എന്നിവയാണ് സ്വർണത്തോടൊപ്പം ചേർക്കാറുള്ളത്.
മഞ്ഞ സ്വർണ്ണത്തിൽ സാധാരണയായി സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവയുടെ ഒരു മിശ്രിതമാണ് അടങ്ങിയിരിക്കുന്നത്. അതേസമയം, വെള്ള സ്വർണ്ണത്തിന് ഇളം നിറം ലഭിക്കുന്നതിനായി പല്ലേഡിയം, നിക്കൽ, സിങ്ക് തുടങ്ങിയ ലോഹങ്ങൾ ഉപയോഗിക്കുന്നു. റോസ് ഗോൾഡിന് ചുവപ്പ് നിറം ലഭിക്കുന്നതിന് ഉയർന്ന അളവിൽ ചെമ്പ് ഉൾപ്പെടുത്തും. സ്വർണ്ണാഭരണങ്ങളുടെ നിറം, കാഠിന്യം, ഈട് എന്നിവയക്കെല്ലാം വേണ്ടിയാണ് ഇത്തരത്തിൽ മറ്റ് ലോഹങ്ങൾ ചേർക്കുന്നത്.
പണി കിട്ടുന്നത് ഇവിടെ
സ്വർണത്തിന്റെ തിളക്കം കാലക്രമേണ കുറയാൻ സാധ്യതയുണ്ട്. ചില ലോഹക്കൂട്ടുകൾ ചേർക്കുമ്പോൾ സ്വർണ്ണം മങ്ങാനും ചിലരിൽ ചർമ്മപ്രശ്നങ്ങൾ ഉണ്ടാകാനും കാരണമായേക്കും. വാങ്ങുന്ന സ്വർണാഭരണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താൻ എപ്പോഴും ഹാൾമാർക്കുകൾ ശ്രദ്ധിക്കുക. ഇത് സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പിക്കാൻ സഹായിക്കും.












Click it and Unblock the Notifications