സ്വർണം വാങ്ങാന്‍ പോവുകയാണോ; ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ.. എങ്കില്‍ ലാഭം ഉറപ്പ്, പറ്റിക്കപ്പെടില്ല
സ്വർണത്തിന്റെ വില വളരെ ഉയർന്ന് നില്‍ക്കുമ്പോഴും ഒരു തരി പൊന്നെങ്കിലും സ്വന്തമാക്കുക എന്നുള്ള മോഹത്തിന് വലിയ ഇടിവൊന്നും സംഭവിച്ചിട്ടില്ല. മൊത്തത്തിലുള്ള ഡിമാന്‍ഡില്‍ നേരിയ ഇടിവ് മാത്രമാണ് ഈ റെക്കോർഡ് വില വർധനവ് കാലത്തിലും ഉണ്ടായിരിക്കുന്നത്. വാങ്ങുന്നതിന്റെ തൂക്കത്തില്‍ മാത്രമാണ് കുറവുണ്ടായതെന്നും കൂടുതല്‍ ആളുകള്‍ സ്വർണം വാങ്ങിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ജ്വല്ലറി ഉടമകളും അറിയിക്കുന്നു.
ഇന്ത്യയിലെ സ്വർണ്ണ ഡിമാൻഡിനെക്കുറിച്ചുള്ള രസകരമായ ഒരു വസ്തുത എന്തെന്നാൽ, മൊത്തത്തിലുള്ള ഡിമാൻഡിന്റെ ഏകദേശം 2/3 ഭാഗവും ഗ്രാമീണ ജനതയാണ് ഉപയോഗിക്കുന്നത്. രാജ്യത്തിനകത്ത് ആവശ്യകത നികത്താന്‍ ഇന്ത്യ ഒരോ വർഷവും വലിയ തോതില്‍ സ്വർണം ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മിയുടെ (സിഎഡി) ഏറ്റവും വലിയ രണ്ടാമത്തെ സ്രോതസ്സാണ് സ്വർണ ഇറക്കുമതി, എണ്ണ ഇറക്കുമതിയുടെ തൊട്ടുപിന്നിലാണ് സ്വർണത്തിന്റെ സ്ഥാനം. എന്തായാലും സ്വർണം വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

സ്വർണ്ണ നിരക്ക് പരിശോധിക്കുക
ഇത് വളരെ നിസാരമായി തോന്നാമെങ്കിലും എത്ര പേർ ഈ ഘട്ടം ഒഴിവാക്കുന്നു എന്നത് നിങ്ങളെ ആശ്ചര്യപ്പെടുത്തും. ഒരു നഗരത്തിലേക്ക് സ്വർണ്ണം ഇറക്കുമതി ചെയ്യുന്നതിനുള്ള ഗതാഗതച്ചെലവിന് പുറമെ ഓരോ നഗരത്തിലും സ്വർണ്ണത്തിന് അതിന്റേതായ ചാർജുകൾ ഉണ്ടായിരിക്കുമെന്നതിനാൽ, വ്യത്യസ്ത നഗരങ്ങളിൽ സ്വർണ്ണ വില വ്യത്യസ്തമാണ്. ഉദാഹരണത്തിന് കേരളത്തിലെ നിരക്കായിരിക്കില്ല ബാംഗ്ലൂരില്‍. നിങ്ങള്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന ആളാണെങ്കില്‍ നിങ്ങള്‍ അവിടെ നിന്നും സ്വർണം വാങ്ങുന്നത് ചിലപ്പോള്‍ നേരിയ വില വ്യത്യാസം നല്‍കിയേക്കാം.
ഹാൾമാർക്കിങ് പരിശോധിക്കുക
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അല്ലെങ്കിൽ ബിഐഎസ് ആണ് സ്വർണത്തിന്റെ പരിശുദ്ധി അളക്കാന്‍ ഏറെക്കാലമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ സ്വർണാഭരണങ്ങളിൽ പഴയ ഹാൾമാർക്കിംഗ് മുദ്ര മായ്ച്ച് പുതിയ ഹാൾമാർക്കിംഗ് മുദ്ര (എച്ച് യു ഐ ഡി) പതിപ്പിക്കണമെന്ന നിർദേശം കേന്ദ്ര സർക്കാർ അടുത്തിടെ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ഇൻഡ്യയിലെ എല്ലാ സ്വർണ വ്യാപാരികൾക്കും ബാധകമായിരിക്കും. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിയമം നടപ്പിലാക്കണമെന്ന നിർദേശം ഉണ്ടെങ്കിലും കേരളത്തില്‍ മൂന്ന് മാസത്തെ ഇളവ് കോടതി ഇടപെട്ട് നല്‍കിയിട്ടുണ്ട്.

അധിക നിരക്കുകള്‍ പരിശോധിക്കുക
സ്വർണം ആഭരണമായി വാങ്ങുമ്പോള്‍ അധികമായി വരുന്ന ഒരു പ്രധാന ചാർജാണ് പണിക്കൂലി. ഇത് അഞ്ച് ശതമാനം മുതല്‍ ആരംഭിക്കുന്നു. ജല്ലറികള്‍ക്ക് അനുസരിച്ചും ഡിസൈനുകള്‍ക്ക് അനുസരിച്ചും പണിക്കൂലിയില്‍ വ്യത്യാസമുണ്ടാവും. എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍ ഈടാക്കുന്ന പണിക്കൂലി ന്യായമായ നിരക്ക് തന്നെയല്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുക.
റീസെയിൽ/എക്സ്ചേഞ്ച് മൂല്യം പരിശോധിക്കുക
കാഷ്വൽ പർച്ചേസ് എന്നതിലുപരി സ്വർണം നിക്ഷേപമാണ്. നിങ്ങളുടെ ആഭരണങ്ങൾ വിൽക്കുകയാണെങ്കിൽ അപ്പോള്‍ എത്ര രൂപ ലഭിക്കും തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സ്വർണം തിരികെ വില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ആദ്യം നഷ്ടമാകുന്ന തുക പണിക്കൂലിയും ജി എസ് ടിയുമാണ്. നിലവിലെ വിപണി നിരക്ക് മാത്രമാണ് നിങ്ങള്‍ക്ക് ലഭിക്കുക. ഇതോടൊപ്പം ചെറിയ കുറവുകള്‍ വേറെയും ജ്വല്ലറികള്‍ ഇടാക്കും. നിങ്ങള്‍ വാങ്ങിയ ജ്വല്ലറികളില്‍ തന്നെ തിരികെ ലഭിക്കുന്നത് ഉയർന്ന മൂല്യം ലഭിക്കുന്നതിന് ഇടയാക്കിയേക്കും.
ഇടപാടുകള്‍ സുതാര്യമായിരിക്കുക
ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ നടത്തുന്ന എല്ലാ പർച്ചേസിനും പാൻ വിശദാംശങ്ങൾ ർബന്ധമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ജി എസ് ടി വെട്ടിക്കാനായി ബില്ല് ഇല്ലാതെ സ്വർണം വാങ്ങുന്ന ചില പ്രവണതകളും നമുക്ക് ചുറ്റുമുണ്ട്. ഇത് താല്‍ക്കാലികമായി ചെറിയ നേട്ടം തരാമെങ്കിലും പിന്നീട് നിങ്ങള്‍ക്ക് തന്നെ തിരിച്ചടിയായി മാറിയേക്കും.












Click it and Unblock the Notifications