കേന്ദ്ര ബാങ്ക് സംഭരിച്ച സ്വര്‍ണം എത്രയെന്ന് അറിയാമോ? 40 ശതമാനം വര്‍ധിച്ചു... എന്തിനാണിത്
ന്യൂഡല്‍ഹി; ലോകത്തെ എല്ലാ കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങി സൂക്ഷിക്കാറുണ്ട്. ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന കേന്ദ്ര ബാങ്കുകളില്‍ ഇന്ത്യയുടെ റിസര്‍വ് ബാങ്കും ഉള്‍പ്പെടും. റിസര്‍വ് ബാങ്കിന്റെ കൈവശം എത്ര സ്വര്‍ണമാണുള്ളത്, എന്തിനാണ് റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത്, എവിടെയാണ് ആര്‍ബിഐയുടെ സ്വര്‍ണമുള്ളത്... ഒട്ടേറെ സംശയങ്ങള്‍ സ്വാഭാവികമാണ്.
ആര്‍ബിഐയുടെ സ്വര്‍ണ ശേഖരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. റിസര്‍വ് ബാങ്കിന്റെ പുതിയ ഡാറ്റ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. 2017ന് ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവില്‍ 40 ശതമാനം വര്‍ധന വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് കാലം മുതലാണ് വന്‍ തോതില്‍ സ്വര്‍ണം ശേഖരിക്കാന്‍ തുടങ്ങിയത്.

2017 ഡിസംബറില്‍ ആര്‍ബിഐയുടെ കൈവശമുള്ള സ്വര്‍ണം 17.9 മില്യണ്‍ ട്രോയ് ഔണ്‍സ് ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഏപ്രിലിലെ കണക്ക് പ്രകാരം സ്വര്‍ണ സംഭരണം 25.55 മില്യണ്‍ ട്രോയ് ഔണ്‍സ് ആയി ഉയര്‍ന്നു. 25 മില്യണ്‍ ട്രോയ് ഔണ്‍സ് എന്നാല്‍ ഏകദേശം 795 മെട്രിക് ടണ്‍ സ്വര്‍ണമാണ്. കഴിഞ്ഞ ജനുവരി-ഏപ്രില്‍ കാലയളവില്‍ ലോകത്തെ കേന്ദ്ര ബാങ്കുകള്‍ മാത്രം 228 മെട്രിക് ടണ്‍ സ്വര്‍ണമാണ് വാങ്ങി സൂക്ഷിച്ചിരിക്കുന്നത്.
എന്തിനാണ് കേന്ദ്ര ബാങ്കുകള്‍ ഇത്തരത്തില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത്? രാജ്യത്തിന്റെ ശക്തി കണക്കാക്കുന്നതില്‍ സ്വര്‍ണത്തിന്റെ പങ്ക് ചെറുതല്ല. രാജ്യം സാമ്പത്തിക ഭദ്രമാണ് എന്ന് കണക്കാക്കുന്നതില്‍ സ്വര്‍ണത്തിന്റെ ശേഖരം കൂടി അടിസ്ഥാനമാക്കുന്നു എന്നര്‍ഥം. കേന്ദ്ര ബാങ്കുകള്‍ക്ക് വിദേശ കറന്‍സികള്‍ സൂക്ഷിക്കുന്ന പതിവുമുണ്ട്. ഡോളര്‍ സംഭരണമായിരുന്നു നേരത്തെ കൂടുതല്‍ പ്രചാരം. എന്നാല്‍ സമീപ കാലത്തായി ഇത് സ്വര്‍ണത്തിലേക്ക് മാറിയിരിക്കുകയാണ്.
രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ സ്വര്‍ണ സംഭരണത്തിലൂടെ സാധിക്കുമെന്നതാണ് ഒരു കാര്യം. സാമ്പത്തികമായി ഭദ്രതയുള്ള രാജ്യത്തിനാണ് ഏത് പ്രതിസന്ധിയും തരണം ചെയ്യാന്‍ സാധിക്കുക. കൊവിഡ് കാലത്ത് പല രാജ്യങ്ങളും നേരിട്ട വെല്ലുവിളിയും ഇതായിരുന്നു. തുടര്‍ന്നാണ് സ്വര്‍ണം വന്‍തോതില്‍ വാങ്ങാന്‍ കേന്ദ്ര ബാങ്കുകള്‍ പ്രത്യേക ശ്രദ്ധ തുടങ്ങിയത്.
സമ്പന്നമായ യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും കൊവിഡ് കാലത്ത് ആടിയുലഞ്ഞത് സാമ്പത്തിക ഭദ്രതയില്‍ ഇളക്കം തട്ടിയതോടെയാണ്. ഇപ്പോള്‍ ജര്‍മനി നേരിടുന്ന പ്രതിസന്ധിയും ഇതിന്റെ ഭാഗം തന്നെ. യൂറോപ്പിലെ ശക്തമായ രാജ്യങ്ങളിലൊന്നായ ജര്‍മനി സാമ്പത്തിക മാന്ദ്യം നേരിടുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ സാധ്യമാകുന്ന അത്ര സ്വര്‍ണം ശേഖരിക്കുന്ന ആര്‍ബിഐയുടെ നീക്കം നിസാരമല്ല.
എവിടെയാണ് ആര്‍ബിഐ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത് എന്ന് വിശദീകരിക്കാം. വിദേശത്തും ഇന്ത്യയിലുമായിട്ടാണ് സംഭരിച്ചുവച്ചിട്ടുള്ളത്. 437 മെട്രിക് ടണ്‍ സ്വര്‍ണം ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ് എന്നീ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്നു. 301 മെട്രിക് ടണ്‍ സ്വര്‍ണം ഇന്ത്യയിലും. അതേസമയം, 56 മെട്രിക് ടണ്‍ വിവിധ നിക്ഷേപങ്ങളിലാണ്.












Click it and Unblock the Notifications