സ്വര്‍ണം ഇങ്ങനെയാണോ വാങ്ങുന്നത്; ഇടപാടില്‍ 5 ശതമാനം നഷ്ടം, നികുതി നിര്‍ബന്ധം
കൊച്ചി: ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുന്നവര്‍ ഓരോ ദിവസവും ഏറി വരികയാണ്. മൊബൈല്‍ ആപ്പ് വഴിയും മറ്റുമാണ് ഇതിലെ ഇടപാടുകള്‍. വലിയ തോതില്‍ ആവശ്യക്കാര്‍ എത്തുന്ന സാഹചര്യത്തില്‍ സെബി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഏജന്‍സികളുടെ നിയന്ത്രണമില്ലാത്ത ഇടപാടുകള്‍ നഷ്ടസാധ്യത കൂടുതലാണ്. സെബിയോ ആര്‍ബിഐയോ ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാടിനെ നിയന്ത്രിക്കുന്നില്ല.
ഭൗതിക സ്വര്‍ണത്തിന് സമാനമായ നികുതി ഡിജിറ്റല്‍ ഗോള്‍ഡിനും ഉണ്ടാകും. രണ്ട് വര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ ലാഭം ഹ്രസ്വകാല മൂലധന നേട്ടമായി കണക്കാക്കി ആദായ നികുതിയുടെ സ്ലാബ് നിരക്കുകള്‍ക്കനുസരിച്ച് നികുതി ഈടാക്കും. ദീര്‍ഘകാലം കൈവശം വെക്കുകയാണെങ്കില്‍ 12.5% നിരക്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതി ചുമത്തും. സൂചികാ നേട്ടങ്ങള്‍ ഇതിന് ലഭിക്കുകയുമില്ല.

സൗകര്യപ്രദമാണെങ്കിലും ഭൗതിക സ്വര്‍ണത്തെക്കാള്‍ നികുതി ആനുകൂല്യങ്ങളൊന്നും ഡിജിറ്റല്‍ സ്വര്‍ണത്തിന് ലഭ്യമല്ല. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇന്ത്യക്കാര്‍ 9,000 കോടി രൂപയുടെ ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങിയതായാണ് കണക്കുകള്‍. ജനുവരിയില്‍ 762 കോടി രൂപയായിരുന്നത് സെപ്റ്റംബറില്‍ 1,410 കോടി രൂപയുടെ ഇടപാടായി വര്‍ധിച്ചു.
ഡിജിറ്റല്‍ സ്വര്‍ണ ഇടപാട് വര്‍ധിച്ചതോടെയാണ് വില ക്രമാതീതമായി ഉയരാന്‍ തുടങ്ങിയത്. ഇന്ന് രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നു. രാവിലെ 1680 രൂപയും വൈകീട്ട് 600 രൂപയും കൂടി. അതായത്, ഇന്ന് മാത്രം ഒരു പവന് 2300 രൂപയോളം വര്‍ധിച്ചു. ഡിജിറ്റല്‍ സ്വര്‍ണം ആര്‍ബിഐ, അംഗീകൃത കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് എന്നിവയുടെ നിയന്ത്രണത്തില്‍ വരുന്നില്ലെന്ന് സെബി അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഡിജിറ്റല്‍ സ്വര്‍ണം: ചെലവ് ഇങ്ങനെ
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇന്ത്യക്കാര്‍ 9,000 കോടി രൂപയുടെ ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങി എന്നാണ് ടാക്‌സ്ബഡ്ഡി.കോം സ്ഥാപകന്‍ സുജിത് ബംഗാര്‍ പറയുന്നത്. മൊബൈല്‍ ആപ്പുകളിലൂടെയും യുപിഐ പേയ്മെന്റുകളിലൂടെയും ചെറിയ അളവില്‍ സ്വര്‍ണം വാങ്ങാനുള്ള സൗകര്യമാണ് ഇതിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കാരണം.
നിക്ഷേപകര്‍ക്ക് വലിയ ചെലവുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ 3% ജിഎസ്ടി മുന്‍കൂട്ടി ഈടാക്കും. കൂടാതെ, ഇടപാട് നടത്തുന്ന പ്ലാറ്റ്ഫോമുകള്‍ സാധാരണയായി വാങ്ങുന്നതിനും വില്‍ക്കുന്നതിനും 2-3% ചാര്‍ജും ഈടാക്കും. ഇതിനര്‍ത്ഥം, ഒരു നിക്ഷേപകന്‍ വാങ്ങുമ്പോള്‍ തന്നെ ഫലത്തില്‍ 5-6% നഷ്ടത്തില്‍ തുടങ്ങുന്നു. ഗോള്‍ഡ് ഇടിഎഫുകളും ആര്‍ബിഐയുടെ സോവറിങ് ഗോള്‍ഡ് ബോണ്ടുകളുമാണ് ഇതിനേക്കാള്‍ സുരക്ഷിതം.
റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്ക് 2.5% വാര്‍ഷിക പലിശയും വില വര്‍ധനവിന്റെ ആനുകൂല്യങ്ങളും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നികുതി രഹിത മൂലധന നേട്ടങ്ങളും ലഭിക്കും. അതുപോലെ, ഗോള്‍ഡ് ഇടിഎഫുകള്‍ സെബി നിയമങ്ങള്‍ക്ക് കീഴിലാണ് വരുന്നത്. അവയ്ക്ക് സ്വതന്ത്ര കസ്റ്റോഡിയന്‍ഷിപ്പും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിക്വിഡിറ്റിയും ഉണ്ട്.












Click it and Unblock the Notifications