സ്വര്‍ണം ഇങ്ങനെ വാങ്ങൂ; കുറഞ്ഞത് 7800 രൂപ ലാഭിക്കാം, ബുദ്ധിപൂര്‍വം കളിച്ചാല്‍ ലാഭം കൊയ്യാം
കൊച്ചി: സ്വര്‍ണവില കുതിച്ചുയരുന്ന വേളയില്‍ എങ്ങനെ ലാഭം കൊയ്യാമെന്ന് നോക്കുകയാണ് ഉപഭോക്താക്കള്‍. നേരത്തെ സ്വര്‍ണം വാങ്ങിവച്ചവരെല്ലാം സന്തോഷത്തിലാണ്. വില ഇനിയും ഉയരുമെന്ന വാര്‍ത്തകളും അവര്‍ക്ക് പ്രതീക്ഷ സമ്മാനിക്കുന്നു. എന്നാല്‍ നിലവിലെ കുതിപ്പ് ഒരു പരിധി കഴിഞ്ഞാല്‍ നിലയ്ക്കുമെന്നും പിന്നീട് താഴുമെന്നും പ്രവചിക്കുന്ന സാമ്പത്തിക വിദഗ്ധരുണ്ട്.
വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ഇപ്പോഴും പ്രിയം സ്വര്‍ണാഭരണം തന്നെയാണ്. വില കൂടിയിട്ടുണ്ടെങ്കിലും സ്വര്‍ണമില്ലാതെ ആഘോഷങ്ങള്‍ നടക്കുന്നില്ല. എന്നാല്‍ നേരത്തെ വാങ്ങിയ അത്രയും അളവില്‍ വാങ്ങുന്നില്ല എന്നു മാത്രം. ആഭരണം വാങ്ങുന്നത് ശരിക്കും ഉപഭോക്താവിന് നഷ്ടമാണ് സമ്മാനിക്കുന്നത്. പകരം അല്‍പ്പം മാറി ചിന്തിച്ചാല്‍ ലാഭം കൊയ്യാം.

ഒരു പവന്‍ ആഭരണത്തിന് ഇന്നത്തെ വില 94520 രൂപയാണ്. ആഭരണം വാങ്ങുമ്പോള്‍ ഈ വിലയ്ക്ക് കിട്ടില്ല. ആഭരണം നിര്‍മിക്കുന്നതിന് പണിക്കൂലി ആവശ്യമാണ്. കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. കൂടാതെ ജിഎസ്ടി ഏത് സ്വര്‍ണത്തിനും നല്‍കണം. ഹാള്‍മാര്‍ക്കിങ് ചാര്‍ജും. ഇതെല്ലാം ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയ്‌ക്കൊപ്പം 7800 രൂപ കൂടി അധികമായി നല്‍കേണ്ടി വരും.
ആഭരണം വാങ്ങുന്നതിന് പകരം
ആഭരണമായി വാങ്ങുന്നതിന് പകരം കോയിന്‍ ആയോ ബാര്‍ ആയോ വാങ്ങിയാല്‍ പണിക്കൂലിയില്‍ നിന്ന് രക്ഷപ്പെടാം. അതേസമയം, ഡിജിറ്റലായി സ്വര്‍ണം വാങ്ങിയാല്‍ സ്വര്‍ണത്തിന്റെ വില മാത്രം നല്‍കിയാല്‍ മതിയാകും. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സ്വര്‍ണ ബോണ്ടുകള്‍ ഇതിന് ഉദാഹരമാണ്. ധനകാര്യ സ്ഥാപനങ്ങളുടെ ഇടിഎഫില്‍ നിന്ന് സ്വര്‍ണം വാങ്ങിയാലും പണിക്കൂലി ഇനത്തില്‍ നഷ്ടം വരില്ല.
വില കൂടിയ സാഹചര്യത്തില്‍ ആഭരണം എന്ന രീതിയില്‍ സ്വര്‍ണം വാങ്ങുന്നത് സുരക്ഷാ ഭീഷണി കൂടി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭൗതിക സ്വര്‍ണം വാങ്ങാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ ഡിജിറ്റലായി സ്വര്‍ണം വാങ്ങിയാല്‍ അധിക ചെലവുകള്‍ കുറയ്ക്കുകയും സുരക്ഷാ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാം. കേരളത്തിലെ മിക്ക ജ്വല്ലറികളും ഏറ്റവും കുറഞ്ഞ പണിക്കൂലിയായി ഈടാക്കുന്നത് അഞ്ച് ശതമാനമാണ്.
പണിക്കൂലി എന്ന വന്‍തുക
ആഭരണത്തിന്റെ ഡിസൈന്‍ കൂടുമ്പോള്‍ പണിക്കൂലി കൂടും. ഒരു വര്‍ഷം മുമ്പ് ഒരു പവന്‍ സ്വര്‍ണത്തിന് അഞ്ച് ശതമാനം പണിക്കൂലി വാങ്ങിയവര്‍ ഇപ്പോഴും അഞ്ച് ശതമാനം വാങ്ങുന്നു എങ്കില്‍ മൂല്യത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ടാകും. കാരണം സ്വര്‍ണത്തിന്റെ വില അത്രയ്ക്കും ഉയര്‍ന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ പണിക്കൂലി ഇനത്തില്‍ ജ്വല്ലറികള്‍ കൊള്ളലാഭം കൊയ്യുന്നു എന്ന വിമര്‍ശനമുണ്ട്. ഇതേ സ്വര്‍ണം ഉപഭോക്താവ് വില്‍ക്കുന്ന വേളയില്‍ മാര്‍ക്കറ്റ് വില കിട്ടുകയുമില്ല. അപ്പോഴും നഷ്ടം നേരിടും. ഗോള്‍ഡ് ബോണ്ടിലെ സ്വര്‍ണമാണ് വില്‍ക്കുന്നതെങ്കില്‍ മാര്‍ക്കറ്റ് വില കിട്ടും.
പവന്‍ സ്വര്‍ണത്തിന് 40000 രൂപ വിലയുണ്ടായിരുന്നപ്പോള്‍ 5 ശതമാനം പണിക്കൂലി എന്നത് 2000 രൂപയായിരുന്നു. ഇന്ന് 5 ശതമാനം എന്നത് 4800 രൂപയിലേക്ക് അടുക്കുകയാണ്. രണ്ടുവര്‍ഷത്തിനിടെയാണ് ഈ വര്‍ധനവ്. ഇത്രയും ചുരുങ്ങിയ കാലത്തിനിടെ ഇത്രയും കൂടിയ പണിക്കൂലി മറ്റൊരു മേഖലയിലുമില്ല. മാത്രമല്ല, നേരത്തെ സ്വര്‍ണപ്പണിക്കാര്‍ കൈകൊണ്ടാണ് ആഭരണം നിര്‍മിച്ചതെങ്കില്‍ ഇന്നത് മെഷീനിലാണ്. എന്നിട്ടും ഉയര്‍ന്ന കൂലി വാങ്ങുന്നത് ഉചിതമല്ല എന്ന വിമര്‍ശനവുമുണ്ട്.












Click it and Unblock the Notifications