സ്വർണം ഒരു പവൻ കൈയ്യിലിരിക്കണമെങ്കിൽ 1.10 ലക്ഷം കൊടുക്കേണ്ടി വരും; നെഞ്ചിടിപ്പോടെ സ്വർണപ്രേമികൾ
ഈ വർഷം ഇതുവരെ സ്വർണ വിലയിൽ 50 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഈ വർഷം 35 ലധികം തവണയാണ് സ്വർണവിലയിൽ റെക്കോഡുകൾ സ്ഥാപിച്ചത്. ഇതിനോടകം തന്നെ ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് വില 4200 ഡോളർ കടന്നു. ആഗോള അനിശ്ചിതത്വങ്ങൾ, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷകൾ, കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് വർധിപ്പിച്ചതെല്ലാം വില ഉയരാൻ കാരണമായി. അതേസമം ഈ പോക്ക് തുടർന്നാൽ അന്താരാഷ്ട്ര സ്വർണ വില ഔൺസിന് 4,500 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്നാണ് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ (MOFSL) റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കേന്ദ്ര ബാങ്കുകളുടെ തുടർച്ചയായ സ്വർണ്ണ വാങ്ങൽ, ഭൗമരാഷ്ട്രീയപരമായ അനിശ്ചിതത്വങ്ങൾ, ഏഷ്യയിൽ നിന്നുള്ള ശക്തമായ ആവശ്യം എന്നിവ ഈ മുന്നേറ്റത്തിന് കാരണമാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടു്നു.
"ധനപരമായ അനിശ്ചിതത്വങ്ങൾ, ഡോളറിന്റെ മൂല്യത്തകർച്ച, കേന്ദ്ര ബാങ്കുകളുടെ തന്ത്രപരമായ വൈവിധ്യവൽക്കരണം എന്നിവയുൾപ്പെടെയുള്ള വിവിധ സാമ്പത്തിക മാറ്റങ്ങളുടെ ഫലമാണ് സ്വർണത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റം. സ്വർണത്തിന്റെ ആവശ്യം ഏഷ്യയിൽ നിന്ന് ശക്തമായിക്കൊണ്ടിരിക്കുന്നതും സ്വർണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്, മോഫ്സലിലെ കമ്മോഡിറ്റീസ് & കറൻസീസ് അനലിസ്റ്റ് മാനവ് മോദിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ വിപണിയിൽ സ്വർണവല 10 ഗ്രാമിന് 1.20 ലക്ഷം രൂപയിലെത്തി നിൽക്കുകയാണ്. യുഎസ് ഡോളർ-രൂപ വിനിമയ നിരക്ക് 89 ആയി നിലനിർത്തുകയാണെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത് 1.35 ലക്ഷം രൂപ വരെ ഉയരാൻ സാധ്യതയുണ്ട്. ദുർബലമായ യുഎസ് ഡോളർ സൂചികയും താരതമ്യേന ശക്തമായ രൂപയും ഈ മുന്നേറ്റത്തിന് ആക്കം കൂട്ടും.2025-ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ കേന്ദ്ര ബാങ്കുകൾ ഏകദേശം 600 ടൺ സ്വർണ്ണം വാങ്ങിയപ്പോൾ, ആഗോള സ്വർണ ഇടിഎഫുകൾ 450 ടൺ എന്ന റെക്കോർഡ് നിക്ഷേപം രേഖപ്പെടുത്തി. ഇത് 2020 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്, വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഈ വർഷം വെള്ളി വിലയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. വെള്ളി സ്വർണത്തെ പിന്നിലാക്കി 60 ശതമാനത്തിലധികം നേട്ടം കൈവരിച്ചു. ശക്തമായ വ്യാവസായിക ആവശ്യം, വിതരണത്തിലെ കുറവ് എന്നിവ കാരണം വെള്ളി ഔൺസിന് 75 ഡോളർ വരെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഭ്യന്തര വെള്ളി വില കിലോഗ്രാമിന് 2.3 ലക്ഷം രൂപയായി ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനങ്ങൾ.. 'സൗരോർജ്ജം, ഇലക്ട്രിക് വാഹനങ്ങൾ, എഐ ഹാർഡ്‌വെയർ തുടങ്ങിയ വ്യാവസായിക മേഖലകളിലെ ഉപയോഗമാണ് വെള്ളിയുടെ വില വർദ്ധനവിന് പ്രധാന കാരണം.
യുഎസ് ധനപരമായ ആശങ്കകളും ദുർബലമായ തൊഴിൽ ഡാറ്റയും സുരക്ഷിത നിക്ഷേപ ആസ്തികളോടുള്ള ആവശ്യം വർദ്ധിപ്പിച്ചു. കൂടാതെ, ആഗോള ഖനന ഉൽപ്പാദനത്തിലെ സ്തംഭനം, അയിരിന്റെ ഗുണമേന്മയിലെ കുറവ്, കർശനമായ പാരിസ്ഥിതിക നിയന്ത്രണങ്ങൾ എന്നിവ വിതരണം പരിമിതപ്പെടുത്തി.
ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യ സെപ്റ്റംബറോടെ ഏകദേശം 300 ടൺ സ്വർണവും 3,000 ടൺ വെള്ളിയും ഇറക്കുമതി ചെയ്തു. ഇത് സ്ഥിരമായ ആവശ്യകതയെ ആണ് സൂചിപ്പിക്കുന്നത്. ഈ വർഷം ആദ്യം 110 ആയിരുന്ന സ്വർണ്ണം-വെള്ളി അനുപാതം ഇപ്പോൾ 81-82 ആയി കുറഞ്ഞത് വെള്ളിയുടെ ആപേക്ഷിക ശക്തിയെ എടുത്തു കാണിക്കുന്നുണ്ട്.
കേരളത്തിൽ വില എങ്ങോട്ട്
രാജ്യാന്തര വിപണിയിൽ 4358 രൂപയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്.ഇതോടെ കേരളത്തിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 12170 രൂപയായി. പവന് 97360 രൂപയും. അതായത് 3 ശതമാനം ജി എസ് ടിയും 5 ശതമാനം പണിക്കൂലിയും ചേർത്താൽ ഒരു ലക്ഷം കടന്നു. ഇനി ഔൺസ് വില 4500 ലെത്തിയാൽ 1.10 ആയിരം കൊടുക്കാതെ ഒരു പവൻ പൊന്ന് കൈയ്യിൽ കിട്ടില്ലെന്ന് സാരം.












Click it and Unblock the Notifications