സ്വർണം തൊട്ടാല്‍ പൊള്ളും, അപ്പോള്‍ സൂക്ഷിക്കണം: വാങ്ങാന്‍ പോവുമ്പോള്‍ ഈ 5 കാര്യം ഉറപ്പായും ചോദിക്കുക
സംസ്ഥാനത്ത് സ്വർണ വില ഏറിയും കുറഞ്ഞും മുന്നേറിക്കൊണ്ടിരിക്കുകയാണ്. 360 രൂപ കുറഞ്ഞതോടെ പവന് 44640 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. ഗ്രാമിന് 45 രൂപ കുറഞ്ഞ് 5580 രൂപയുമായി. ചെറിയ ഇടവേളക്ക് ശേഷം സ്വർണം ഇന്നലെ 45000 എന്ന നിരക്കിലേക്ക് ഉയർന്നിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 5,625 രൂപയിലും പവന് 45,000 രൂപയിലുമായിരുന്നു ഇന്നലത്തെ വില.
അന്താരാഷ്ട്ര വിപണയിലെ ചലനങ്ങളാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. ഡോളർ കരുത്താർജിച്ചതോടെ സ്വർണം ഇടിഞ്ഞു. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1957 ഡോളറിലാണ് വില. ഇന്ന് നേരിയ കുറവുണ്ടായെങ്കിലും സ്വർണം ഇപ്പോഴും സമീപകാലത്തെ ഉയർന്ന നിരക്കില്‍ തന്നെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ സ്വർണം വാങ്ങാന്‍ പോവുമ്പോള്‍ സ്വയം ചോദിക്കേണ്ട 5 കാര്യങ്ങളെക്കുറിച്ചാണ് ഇനി ഇവിടെ പറയാന്‍ പോവുന്നത്.

1. പരിശുദ്ധി
നിങ്ങള്‍ വാങ്ങിക്കാന്‍ ഉദ്ധേശിക്കുന്ന സ്വർണത്തിന്റെ പരിശുദ്ധി എത്ര കാരറ്റാണെന്നാണ് ആദ്യം ചോദിക്കേണ്ടത്, അല്ലെങ്കില്‍ മനസ്സിലാക്കേണ്ടത്. 24 കാരറ്റാണ് പരിശുദ്ധമായ സ്വർണം. എന്നാല്‍ ഇതുകൊണ്ട് ആഭരണം ഉണ്ടാക്കാന്‍ സാധിക്കില്ല. 22 കാരറ്റാണ് പൊതുവെ ആഭരണം നിർമ്മിക്കാന്‍ ഉപയോഗിക്കുന്നത്. 916 എന്ന് പറയപ്പെടുന്ന ഇത്തരം ആഭരണങ്ങളില്‍ 100 ഗ്രാം സ്വർണത്തിലെ 91.6 ഗ്രാമും പരിശുദ്ധ സ്വർണമായിരിക്കും. ബാക്കിയുള്ള ശതമാനം ആഭരണങ്ങള്‍ നിർമ്മിക്കുന്നതിന്റെ സൌകര്യത്തിന് വേണ്ടി ചേർക്കുന്ന മറ്റ് ലോഹങ്ങളായിരിക്കണം.
958 ഹാൾമാക്കിങ് 23 കാരറ്റ് സ്വർണത്തെയും 750 ഹാൾമാക്കിങ് 18 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ 14 കാരറ്റ് വരേയുള്ള സ്വർണം വിപണയില്‍ ലഭ്യമാണ്. പറഞ്ഞുവരുന്നത് എന്താണെന്ന് വെച്ചാല്‍ പരിശുദ്ധി പരിശോധിക്കാതെ സ്വർണ്ണാഭരണങ്ങളിൽ നിക്ഷേപിക്കുന്നത് വലിയ നഷ്ടങ്ങള്‍ക്ക് ഇടയാക്കിയേക്കും. പരിശുദ്ധിയെ സൂചിപ്പിക്കുന്ന മറ്റൊരു മാർഗമാണ് ഹാൾമാർക്ക്. പുതിയ ഹാള്‍മാർക്കിങ് സംവിധാനം നിലവില്‍ വന്നതോടെ വാങ്ങുന്ന ആഭരണം സംബന്ധിച്ച എല്ലാ കാര്യങ്ങളും ബിഐഎസ് ആപ്പ് വഴി അറിയാന്‍ സാധിക്കും.
2. വില
സ്വർണാഭരണത്തിന്റെ വില നിർണ്ണയിക്കുന്നതിലെ പ്രധാന ഘടകം അതിന്റെ പരിശുദ്ധിയും പണിക്കൂലിയും അടിസ്ഥാനമാക്കിയാണ്. പണിക്കൂലി ഡിസൈനിന് അനുസരിച്ച് അഞ്ച് ശതമാനം മുതല്‍ ഇരുപത് ശതമാനം വരെയാവും. ഇതിന് പുറമെ നിശ്ചിത ശതമാനം ജി എസ് ടിയും ഹാള്‍മാക്കിങ് ചാർജും നല്‍കേണ്ടി വരും. സമീപ നഗരങ്ങളിലെ വിലകള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നത് ഉചിതമായിരിക്കും. വിശ്വസനീയമായ ജ്വല്ലറിയിൽ നിന്നോ അറിയപ്പെടുന്ന ബ്രാൻഡുകളിൽ നിന്നോ വാങ്ങുന്നത് എപ്പോഴും നല്ലത്.

3. നിറം
എല്ലാ സ്വർണ്ണാഭരണങ്ങള്‍ക്കും ഒരേ നിറമല്ലേ എന്നാണ് ചോദ്യമെങ്കില്‍, അല്ല എന്നുള്ള ഉത്തരമാണ് നല്‍കാനുള്ളത്. ശുദ്ധമായ സ്വർണ്ണത്തിലേക്ക് മറ്റ് ലോഹങ്ങള്‍ സംയോജിപ്പിക്കുന്നതിലൂടെ മറ്റൊരു നിറം ലഭിക്കും. എന്നാൽ നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ഡിമാൻഡ് മഞ്ഞ സ്വർണ്ണത്തിനാണ്. നിങ്ങൾക്ക് വൈവിധ്യം വേണമെങ്കിൽ, വെള്ളയും റോസ് ഗോൾഡും പോലുള്ള മറ്റ് നിറങ്ങളിൽ നിന്നുളവയും തിരഞ്ഞെടുക്കാവുന്നതാണ്.
4. ഭാരം
പണം നൽകുന്നതിന് മുമ്പ് നിങ്ങൾ വാങ്ങുന്ന യഥാർത്ഥ സ്വർണ്ണത്തിന്റെ ഭാരം പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയേണ്ടതില്ലെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന കല്ലുകളും മറ്റും ഭാരം വർദ്ധിപ്പിക്കും. ഇത് ഒഴിവാക്കി സ്വർണത്തിന്റെ വില മാത്രം അറിയേണ്ടതുണ്ട്. കല്ലുകള്‍ക്ക് പൊതുവെ വില കുറവായിരിക്കും. അതുപൊലെ തന്നെ ഒന്നില്‍ അധികം ആഭരണങ്ങള്‍ വാങ്ങിക്കുന്നുണ്ടെങ്കില്‍ ഓരോ ആഭരണങ്ങളും പ്രത്യേകം തൂക്കണം.
5. ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ
വില വലിയ തോതില്‍ ഉയർന്നതായതിനാല്‍ തന്നെ ഒരു സ്വർണാഭരണം വാങ്ങിക്കുക എന്നുള്ളത് സാധാരണക്കാരനെ സംബന്ധിച്ച് വളരെ അധികം പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ വാങ്ങുന്നതാണ് നല്ലത്. ഇത് ശുദ്ധതയെ സൂചിപ്പിക്കുക മാത്രമല്ല, സുരക്ഷിതമായ നിക്ഷേപത്തിനുള്ള മാർഗവുമാണ്. അതേസമയം പുതിയ നിയമം നടപ്പിലാക്കിയ പശ്ചാലത്തലത്തില്‍ രാജ്യത്ത് രണ്ട് ഗ്രാമില്‍ കൂടുതലുള്ള ഏത് ആഭരണം വില്‍ക്കാനും ഹാള്‍മാർക്കിങ് നിർബന്ധമാണ്.












Click it and Unblock the Notifications