സ്വർണം ഇങ്ങനെ വാങ്ങാം, 51000 രൂപക്ക് മുകളിൽ ലാഭിക്കാം.വിവാഹം പൊടിപൊടിക്കാം
സ്വർണം സകല റെക്കോഡും ഭേദിച്ച് കുതിക്കുകയാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും സ്വർണ വിലയെ സ്വാധനീക്കുന്നത്. ഇന്ന് ആഗോളവിപണിയിൽ വില ഔൺസിന് 3427 ഡോളറാണ് രേഖപ്പെടുത്തിയത്, ഏകദേശം 40 ദിവസത്തെ ഇടവേളയ്ക്കിടയിലെ ഏറ്റവും വലിയ കുതിപ്പ്. വില 3450 തൊട്ടാൽ 3500 ഡോളർ എന്ന റെക്കോഡ് മറികടക്കാൻ വലിയ കാലതാമസം ഉണ്ടാകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കടുത്തപ്പോഴായിരുന്നു നേരത്തേ സ്വർണ വില റോക്കറ്റ് ഉയരത്തിൽ പറന്നത്. വ്യാപാരയുദ്ധം ഇപ്പോഴും ഒരു ഭീഷണിയായി യുഎസ് ഉയർത്തുന്നത് വിപണിയിൽ ആശങ്കയായി തുടരുന്നുണ്ട്. എന്നാൽ ഇന്നത്തെ വില വർധനവിന് കാരണം യുഎസ് ഫെഡറൽ റിസർവ് തലവൻ ജെറോം പവലന്റിന്റെ പ്രഖ്യാപനങ്ങളാണ്. മാത്രമല്ല യുസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതും തിരിച്ചടിക്ക് കാരണമായി.

ആഗോള വിപണിയിലെ ചുവടുപിടിച്ച് കേരളത്തിലെ സ്വർണ വിലയും കുതിച്ചുയർന്നു. ഇന്ന് ഒരു പവന് 75040 രൂപയാണ് പവന് വില. അതായത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പവന് 76 രൂപയുടെ വർധനവ്. ഗ്രാമിന് വർധിച്ചത് 95 രൂപയാണ്, നിലവിൽ 9380 രൂപയാണ് വില. റെക്കോഡ് വിലയാണിത്. പവന് നേരത്തേ റെക്കോഡ് വില രേഖപ്പെടുത്തിയത് കഴിഞ്ഞ മാസം 14 ന് ആയിരുന്നു. അന്ന് വില 74560 രൂപയും. വെള്ളിയുടെ വിലയും കുതിച്ചുയരുകയാണ്. ഒറ്റ ദിവസം കൊണ്ട് 4,500 രൂപ വർധിച്ച് ഒരു കിലോയുടെ വില 1,15,500 രൂപയായി.
അതേസമയം വിവാഹസീസൺ ആയതുകൊണ്ട് തന്നെ വില വർധനവിൽ കടുത്ത ആശങ്കയിലാണ് സ്വർണ പ്രേമികളും ജ്വല്ലറി ഉടമകളും. ഈ ആഴ്ചയിൽ സ്വർണ വിലയിൽ ഏകദേശം രണ്ട് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഈ പോക്ക് പോയാൽ വരും ദിവസങ്ങളിൽ വില പിടിവിട്ട് കുതിക്കുമോയെന്ന ആശങ്കയാണ് ഇവർ പങ്കുവയ്ക്കുന്നത്.
എങ്ങനെ ലാഭകരമായി വാങ്ങാം?
സ്വർണ വില കുതിച്ചതോടെ നിക്ഷേപ ആവശ്യങ്ങൾ അല്ലാതെയുള്ള വാങ്ങലിന് 18 കാരറ്റ് സ്വർണത്തേയാണ് ആളുകൾ കൂടുതലായി ആശ്രയിച്ചിരുന്നത്. വിവാഹം പോലുള്ള ആവശ്യങ്ങൾക്കും ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് ഡിമാന്റ് ഏറുന്നുണ്ട്, യുവാക്കളും 18 കാരറ്റ് ഗോൾഡിന് പിന്നാലെയാണ്. ഇഷ്ടമുള്ള ഡിസൈനുകൾ കുറഞ്ഞ വിലയിൽ ലഭിക്കുമെന്നതാണ് 18 കാരറ്റിനെ ആകർഷകമാക്കിയത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 9380 രൂപയാണ് വില. അതേസ്ഥാനത്ത് 7675 രൂപ കൊടുത്താൽ 18 കാരറ്റ് ഒരു ഗ്രാം സ്വർണം കിട്ടും. സ്വർണം അണിയണം, എന്നാൽ വില അധികം പാടില്ല എന്ന ചിന്തയുമുള്ളവർക്ക് 18 കാരറ്റ് മികച്ച ഓപ്ഷനായിരുന്നു.
ട്രെന്റ് മാറുന്നു, 51,000ത്തിനടുത്ത് ലാഭം
പകുതി വിലയിൽ സ്വർണം വാങ്ങാൻ അവസരം ലഭിച്ചാൽ ആരെങ്കിലും വേണ്ടന്ന് വെക്കുമോ? പകുതി വില എന്ന് കേൾക്കുമ്പോൾ അമ്പരപ്പ് വേണ്ട, 9 കാരറ്റ് സ്വർണത്തെ കുറിച്ചാണ് പറയുന്നത്. 9 കാരറ്റ് സ്വർണത്തിന് ബിഐഎസ് ഹോൾമാർക്കിംഗ് ഇപ്പോൾ നിർബന്ധമാക്കിയിരുക്കുകയാണ് സർക്കാർ. ഇതുവരെ 9 കാരറ്റ് സ്വർണത്തിന് നിർബന്ധിത ഹോൾമാർക്കിംഗ് ബാധകമല്ലായിരുന്നു. 24,23,22,20,18,14 കാരറ്റ് സ്വർണത്തിന് മാത്രമായിരുന്നു ഹാൾമാർക്കിംഗ് നിർബന്ധം.
നിക്ഷേപമല്ല ലക്ഷ്യമെങ്കിൽ ധൈര്യമായി ഇനി 9 കാരറ്റ് സ്വർണം തിരഞ്ഞെടുക്കാം. ഇന്നത്തെ വിലയിൽ വെറും 3,840 രൂപ കൊടുത്താൽ ഒരു ഗ്രാം സ്വർണം വാങ്ങാം. പവന് 30,857 രൂപയെ വരുന്നുള്ളൂ. അതായത് 22 കാരറ്റുമായി താരതമ്യപ്പെടുത്തിയാൽ ഏകദേശം 51,000ത്തിനടുത്ത് ലാഭം. പണം കളയാതെ തന്നെ പവർ വരട്ടെയല്ലേ?...












Click it and Unblock the Notifications