50000 രൂപയ്ക്ക് മുകളില്‍ സ്വര്‍ണം വാങ്ങുന്നോ? ഇക്കാര്യങ്ങള്‍ പാലിക്കണം, അറിയേണ്ട കാര്യങ്ങള്‍
2000 രൂപ വിപണിയില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനം ഔദ്യോഗികമായി ആര്‍ബിഐ പ്രഖ്യാപിച്ച പിന്നാലെ ജനങ്ങള്‍ ആശങ്കയിലാണ്. സാധാരണക്കാരുടെ കൈവശം 2000 രൂപാ നോട്ട് അധികമുണ്ടാകില്ല എന്നതിനാല്‍ പ്രതിസന്ധിയില്ല എന്ന ആശ്വാസത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ വലിയ ഇടപാടുകള്‍ക്ക് 2000 രൂപയായിരുന്നു സൗകര്യം.
നോട്ട് നിരോധന കാലത്ത് ആശങ്കയിലായവര്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങിവച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. എന്നാല്‍ അത്രയും തിരക്ക് ഇപ്പോഴില്ല. കാരണം നോട്ട് നിരോധനം പോലെ പൊടുന്നനെയുള്ള ഒരു പ്രഖ്യാപനമല്ല ഇപ്പോള്‍ വന്നിരിക്കുന്നത്. 2000 നോട്ട് നിരോധിച്ചു എന്ന പ്രചാരണം നേരത്തെ വിപണിയിലുള്ളതാണ്.

2000 രൂപ കള്ളപ്പണമായി സൂക്ഷിച്ചവര്‍ സ്വര്‍ണം വാങ്ങി അത് വെളുപ്പിക്കാന്‍ ശ്രമം നടത്തും എന്ന ആക്ഷേപത്തില്‍ കഴമ്പില്ല. കാരണം സ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിന് സര്‍ക്കാരിന്റെ വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളുണ്ട്. അത് ലംഘിച്ചുള്ള വ്യാപാരം കച്ചവടക്കാര്‍ക്ക് കെണിയൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്താണ് സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്ന് പറയാം.
50000 രൂപയ്ക്ക് മുകളിലുള്ള സംഖ്യയുടെ ഇടപാട് നടത്തുന്നവര്‍ നിര്‍ബന്ധമായും കെവൈസി സമര്‍പ്പിക്കണം എന്നാണ് ചട്ടം. 2 ലക്ഷം രൂപയുടെ മുകളില്‍ വാങ്ങുന്ന വ്യക്തി നിര്‍ബന്ധമായും പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കണം. ഇനി 10 ലക്ഷത്തിന് മുകളിലുള്ള ഇടപാടാണ് ഉപഭോക്താവ് നടത്തുന്നതെങ്കില്‍ സര്‍ക്കാരിന്റെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തെ അറിയിക്കണമെന്നാണ് ചട്ടം.
അതുകൊണ്ടുതന്നെ 2000 രൂപ ഉപയോഗിച്ച് വന്‍തോതില്‍ സ്വര്‍ണം വാങ്ങി കള്ളപ്പണം വെളുപ്പിക്കുമെന്ന വാദത്തില്‍ കാര്യമില്ലെന്ന് വ്യാപാരികള്‍ പറയുന്നു. അതേസമയം, പ്രാദേശികമായി വ്യാപാരം നടത്തുന്ന ജ്വല്ലറികള്‍ ഇത്തരം മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധ്യത കുറവാണ്. ഈ വേളയിലാണ് സര്‍ക്കാര്‍ നടപ്പാക്കിയ ഹാള്‍മാര്‍ക്കിങ് സംവിധാനത്തിന്റെ പ്രസക്തി.
കഴിഞ്ഞാഴ്ചയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപാ നോട്ട് പിന്‍വലിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. മെയ് 23 മുതല്‍ സെപ്തംബര്‍ 30 വരെ ബാങ്കുകളിലെത്തി നോട്ട് മാറിയെടുക്കാം. 20000 രൂപ വരെ ഒറ്റത്തവണ മാറ്റി നല്‍കും. ഇതിന് ബാങ്കുകളില്‍ പ്രത്യേക രേഖകള്‍ സമര്‍പ്പിക്കുകയോ ബാങ്കില്‍ അക്കൗണ്ട് വേണമെന്ന നിര്‍ബന്ധമോ ഇല്ല. ഇത്രയും നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും പല ബാങ്കിലും ഇന്ന് രാവിലെ മുതല്‍ ക്യൂ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
2016ലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചത്. അന്ന് വിപണിയിലുണ്ടായിരുന്ന 1000, 500 രൂപാ നോട്ടുകള്‍ നിരോധിക്കുകയാണ് ചെയ്തത്. ഇതോടെ വന്‍തോതില്‍ പണം കൈവശമുള്ളവര്‍ സ്വര്‍ണം വാങ്ങുന്ന സാഹചര്യമുണ്ടായി. അന്ന് സ്വര്‍ണം 10 ഗ്രാമിന്റെ വില 30000 രൂപയായിരുന്നു. എന്നാല്‍ എട്ട് വര്‍ഷത്തിലേക്ക് അടുക്കുമ്പോള്‍ വില കുത്തനെ ഉയര്‍ന്ന് 10 ഗ്രാമിന് 60000 രൂപയിലെത്തി.
ഇന്ന് കേരളത്തിലെ സ്വര്‍ണവില പവന് 44800 രൂപയാണ്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറയുകയാണ് ചെയ്തത്. രൂപയുടെ മൂല്യം, ഡോളറിന്റെ മൂല്യം, ആഗോള വിപണിയിലെ സാഹചര്യം, സാമ്പത്തിക പ്രതിസന്ധി തുടങ്ങി ഒട്ടേറെ ഘടകങ്ങളാണ് സ്വര്‍ണ വിലയുടെ ഗതി നിര്‍ണയിക്കുന്നത്. കേരളത്തില്‍ 45760 വരെ ഉയര്‍ന്ന പവന്‍ വില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറഞ്ഞു വരികയാണ്.












Click it and Unblock the Notifications