സ്വർണം വാങ്ങുമ്പോൾ ഇനി പറ്റിക്കപെടില്ല;പരിശുദ്ധി ഉറപ്പാക്കാൻ എളുപ്പ വഴി ഇതാ, അക്ഷയ തൃതീയക്കും ശ്രദ്ധിക്കാം
സ്വർണ വില ഉയർന്ന് നിൽക്കുകയാണെങ്കിലും അക്ഷയ തൃതീയക്ക് വലിയ വിൽപ്പന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ഇത്രയും ഉയർന്ന തുകയ്ക്ക് സ്വർണം വാങ്ങുമ്പോൾ അതിൻ്റെ പരിശുദ്ധി പരിശോധിക്കേണ്ടത് പ്രധാനമല്ലേ. 'സ്വർണ്ണം പൂശിയ' ആഭരണങ്ങളോ ശുദ്ധിയില്ലാത്ത ലോഹങ്ങളോ വാങ്ങി വഞ്ചിക്കപ്പെടാതിരിക്കണമെങ്കിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്.
ബിഐഎസ് ലോഗോ
ചെറിയ ത്രികോണാകൃതിയിലുള്ളതാണ് ഈ ലോഗോ. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) നിങ്ങൾ വാങ്ങുന്ന സ്വർണത്തിന് അംഗീകാരം നൽകിയിട്ടുണ്ടെന്ന് കാണിക്കുന്നതാണിത്. സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിൽ ഏറ്റവും വിശ്വസനീയമായ അടയാളമാണിത്.

പരിശുദ്ധിയും ഗുണമേന്മയും: സ്വർണ്ണാഭരണങ്ങളിൽ അതിന്റെ പരിശുദ്ധി കാരറ്റിൽ രേഖപ്പെടുത്തിയിരിക്കും. ഉദാഹരണത്തിന്, 22 കെ 916 എന്നാൽ 91.6% സ്വർണ്ണം അടങ്ങിയിരിക്കുന്നു എന്നാണ്, ഇത് പരമ്പരാഗത ആഭരണങ്ങളുടെ സാധാരണ നിലവാരമാണ്. അതുപോലെ, 18 കെ 750 എന്നത് 75% പരിശുദ്ധി സൂചിപ്പിക്കുന്നു,. മുൻപ് 22 കാരറ്റ് ആഭരണങ്ങൾ മാത്രമായിരുന്നു ആളുകളുടെ പ്രധാന ചോയിസ്. എന്നാൽ ഇന്ന് 18 കാരറ്റ് ആഭരണങ്ങൾക്കും വലിയ ഡിമാൻ്റ് ആണ്.
ഹോൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ (HUID) നമ്പർ
ആറ് അക്ക ആൽഫാന്യൂമെറിക് കോഡ് ആണിത്. ഉദാഹരണത്തിന്, A1B2C3. 2026-ഓടെ ഇത് സ്വർണ്ണാഭരണങ്ങളിലെ ഏറ്റവും നിർണ്ണായകമായ അടയാളമായി മാറും.
ഡിജിറ്റൽ പരിശോധന
ബിഐഎസ് കെയർ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ആഭരണം തത്സമയം പരിശോധിക്കാം. ഇതിനായുള്ള ലളിതമായ വഴികൾ എന്താണെന്ന് കൂടി നോക്കാം. സർക്കാർ അംഗീകൃത ഔദ്യോഗിക ആപ്പായ ബിഐഎസ് കെയർ ആപ്പ് ഡൗൺലോഡ് ചെയ്യുക. അതിലെ "വെരിഫൈ HUID" എന്ന ഭാഗത്ത് ആരണത്തിലുള്ള 6 അക്ക കോഡ് നൽകുക. ജ്വല്ലറുടെ രജിസ്ട്രേഷൻ പേര്, ആഭരണം പരിശോധിച്ച അസ്സേയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്റർ (AHC) വിവരങ്ങൾ, ഹാൾമാർക്കിംഗ് തീയതി, സ്വർണ്ണത്തിന്റെ പരിശുദ്ധി എന്നിവ ഇതോടെ കണ്ടെത്താ. ആപ്പിലെ വിവരങ്ങളും ആഭരണത്തിലെ ടാഗിലെ വിവരങ്ങളും തമ്മിൽ ഒത്തുനോക്കുക. ആപ്പ് കാരറ്റ് എന്ന് കാണിക്കുമ്പോൾ ജ്വല്ലറി 24 കാരറ്റ് ആണെന്ന് അവകാശപ്പെട്ടാൽ ഉടൻ തന്നെ ആ വാങ്ങൽ അവിടെ അവസാനിപ്പിക്കാം.
"കാരറ്റ് മീറ്റർ" ടെസ്റ്റിനായി ആവശ്യപ്പെടുക
മിക്ക ജ്വല്ലറികളിലും ഇപ്പോൾ എക്സ്ആർഎഫ് (എക്സ്-റേ ഫ്ലൂറസെൻസ്) മെഷീൻ ലഭ്യമാണ്, ഇത് സാധാരണയായി കാരറ്റ് മീറ്റർ എന്നാണ് അറിയപ്പെടുന്നത്. ഈ ഉപകരണം എക്സ്-റേ ഉപയോഗിച്ച് ലോഹത്തിന്റെ ഉപരിതലം സ്കാൻ ചെയ്യുകയും ആഭരണത്തിന് കേടുപാടുകൾ വരുത്താതെ അതിലെ സ്വർണ്ണം, വെള്ളി, ചെമ്പ് തുടങ്ങിയ ലോഹക്കൂട്ടുകളുടെ കൃത്യമായ വിവരങ്ങൾ ലഭിക്കാൻ സഹായിക്കുകയും ചെയ്യും. സ്വർണം വാങ്ങി ബിൽ അടക്കുന്നതിന് മുൻപ് തന്നെ ഈ പരിശോധന നടത്തുന്നതാണ് നല്ലത്.
ഒരു അടിസ്ഥാന കാന്ത പരിശോധന നടത്തുക
ശുദ്ധമായ സ്വർണ്ണം കാന്തികമല്ലാത്തതാണ്. അതിനാൽ, നിങ്ങളുടെ സ്വർണ്ണാഭരണം കാന്തത്തിൽ ആകർഷിക്കപ്പെടുകയാണെങ്കിൽ, അതിൽ ഇരുമ്പ്, നിക്കൽ, കൊബാൾട്ട് തുടങ്ങിയ മറ്റ് ലോഹങ്ങൾ കാര്യമായ അളവിൽ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. അതും പരിശോധിക്കാൻ മറക്കേണ്ട.
വിശദമായ നികുതി ഇൻവോയ്‌സ് ആവശ്യപ്പെടുക
കൃത്യമായൊരു ബിൽ വാങ്ങാൻ ഉറപ്പാക്കണം. ഓരോ ആഭരണത്തിന്റെയും എച്ച്യുഐഡി നമ്പർ ഉണ്ട്. പരിശുദ്ധിയും ഭാരവും (കാരറ്റിലും ഗ്രാമിലും). അന്നത്തെ സ്വർണ്ണത്തിന്റെ നിലവിലുള്ള വില. പണിക്കൂലിയുടെയും നികുതികളുടെയും (ജിഎസ്ടി) വ്യക്തമായ വിശദാംശങ്ങൾ എന്നിവ ഇൻവോയ്‌സിൽ ഉണ്ടെന്ന് നിർബന്ധമായും ഉറപ്പാക്കണം.












Click it and Unblock the Notifications