ഒരു പവൻ സ്വർണം 38000 ത്തോളം രൂപ മാത്രം; ബെംഗളൂരുകാർ ലാഭിക്കുന്നത് 57000 രൂപയോളം..മലയാളികൾക്കും വാങ്ങാം ഇങ്ങനെ
സ്വർണ വില കുതിച്ചുയർന്നത് ആഭരണപ്രേമികളുടെ ഇടയിൽ കനത്ത ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഒരു ലക്ഷത്തിന് മുകളിൽ തുകയ്ക്ക് ഒരു പവൻ വാങ്ങുകയെന്നത് എളുപ്പമല്ലെന്ന് പലകും പരിഭവം പറയുന്നു. അപ്പോൾ ആഭരണം വാങ്ങുന്നതിന് എന്താണ് പോംവഴി? ഒറ്റ വഴിയേ ഇനിയുള്ളൂ, കുറഞ്ഞ കാരറ്റ് സ്വർണത്തിലേക്ക് മാറുക. 18,14, 9 കാരറ്റ് സ്വർണാഭരണങ്ങൾ വില കുറച്ച് ലഭിക്കുമ്പോൾ എന്തിന് ലക്ഷങ്ങൾ കൊടുത്ത് ആഭരണങ്ങൾ വാങ്ങിക്കുന്നുവെന്നതാണ് ചോദ്യം.
ഇന്ത്യയുടെ ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ബെംഗളൂരുവിൽ, ജെൻ സെഡ്, മില്ലേനിയൽ വിഭാഗങ്ങൾക്കിടയിൽ 9 കാരറ്റ് സ്വർണാഭരണങ്ങൾ പ്രിയങ്കരമാവുകയാണെന്നാണ് ജ്വല്ലറി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. 'തെക്കേ ഇന്ത്യയിൽ ഞങ്ങൾക്ക് മൂന്ന് സ്റ്റോറുകളുണ്ട് - രണ്ടെണ്ണം ബെംഗളൂരുവിലും ഒന്ന് ചെന്നൈയിലും. ഈ മൂന്ന് സ്റ്റോറുകളും വ്യത്യസ്ത വിഭാഗത്തിലുള്ള ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. ചെന്നൈയിലെ ഉപഭോക്താക്കൾ സ്വർണ്ണത്തിന്റെ പരിശുദ്ധിക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നവരാണ്. അവർക്ക് 18 കാരറ്റ് സ്വർണ്ണമാണ് കൂടുതലിഷ്ടം. ബഡ്ജറ്റ് കുറഞ്ഞ ആഭരണങ്ങൾക്കോ സമ്മാനങ്ങൾക്കോ വേണ്ടി 14 കാരറ്റ് സ്വർണ്ണം തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ ബെംഗളൂരുവിൽ 9 കാരറ്റ് സ്വർണ്ത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ബെംഗളൂരുവിലെ ഞങ്ങളുടെ സ്റ്റോറിൽ 9 കാരറ്റ് ആഭരണങ്ങൾ ഞങ്ങൾ അവതരിപ്പിച്ചതിന് ശേഷം ആവശ്യക്കാർ വർധിച്ചു. കാരണം, ദിവസവും ജോലിസ്ഥലത്തോ കോളേജിലോ മറ്റ് അവസരങ്ങളിലോ ധരിക്കാൻ ഗുണമേന്മയുള്ളതും എന്നാൽ വില കുറഞ്ഞതുമായ ആഭരണങ്ങളാണ് അവർക്കിഷ്ടം', ജ്വൽബോക്സ് സ്ഥാപക വിദിത കോച്ചറിനെ ഉദ്ധരിച്ച് ബിസിനസ്‌ലൈൻ റിപ്പോർട്ട് ചെയ്തു.

ജെൻസിയും മില്ലേനിയൽസും ലാബ്-ഗ്രോൺ ഡയമണ്ടുകളോടാണ് കൂടുതൽ താൽപ്പര്യം കാണിക്കുന്നത്. 9 അല്ലെങ്കിൽ 14 കാരറ്റ് സ്വർണ്ണത്തിൽ ഒരു ചെറിയ ഡയമണ്ട് ചേർത്താൽ 10,000-നും 15,000-നും ഇടയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭിക്കും. 20,000-ൽ താഴെ വില വരുന്ന നിരവധി ഉൽപ്പന്നങ്ങൾ ഞങ്ങളുടെ പക്കലുണ്ട്', അവർ പറഞ്ഞു..
ഒൻപത് കാരറ്റ് ആഭരണങ്ങളുടെ ഹാൾമാർക്കിംഗ് അടുത്തിടെ ഇന്ത്യൻ സർക്കാർ അംഗീകരിച്ചിരുന്നു. 9 കാരറ്റ് ആഭരണങ്ങൾ ഇപ്പോൾ നിരവധി പരമ്പരാഗത ബ്രാൻഡുകളും പുതിയ ബ്രാൻഡുകളും നിർമ്മിക്കുന്നുണ്ട്. ദൈനംദിന ഉപയോഗത്തിനും വിവാഹ ആവശ്യങ്ങൾക്കുമെല്ലാം അനുയോജ്യമാണിത്. ലാബ്-ഗ്രോൺ ഡയമണ്ടുകളുടെ വിലയും ഉൽപ്പന്ന ശ്രേണിയും യുവതലമുറയെ ആകർഷിക്കുന്നുണ്ടെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. കുറഞ്ഞ തുകയ്ക്ക് സ്വന്തമായി ആഭരണങ്ങൾ വാങ്ങാൻ തക്ക വരുമാനം ഉണ്ടെന്നതും ഇവരെ കുറഞ്ഞ കാരറ്റിലേക്ക് ആകർഷിക്കുന്നുണ്ടെന്നും വ്യാപാരികൾ വ്യക്തമാക്കി.
കേരളത്തിനും പിന്തുടരാം
മലയാളികൾ പൊതുവെ സ്വർണത്തെ നിക്ഷേപ താത്പര്യത്തോടെയാണ് സമീപിക്കുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ കാരറ്റിലുള്ള സ്വർണത്തോട് പലരും താത്പര്യം കാണിക്കാറില്ല. എന്നാൽ യുവാക്കൾക്കിടയിൽ കുറഞ്ഞ കാരറ്റ് സ്വർണത്തിന് പ്രചാരം ലഭിക്കുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് വില 94,360 രൂപയാണ് വില. ഗ്രാമിന് 11,795 രൂപയും. എന്നാൽ 18 കാരറ്റിന് ഗ്രാം വില 9,755 രൂപയായി. അതേസമയം 9 കാരറ്റ് സ്വർണമാണ് വാങ്ങുന്നതെങ്കിൽ ഇന്ന് ഏകദേശം 38000 ത്തോളം രൂപയ്ക്ക് ഒരു പവൻ ലഭിക്കും.
9 കാരറ്റ് വാങ്ങിക്കാം, പക്ഷെ ഇക്കാര്യങ്ങൾ അറിയാം
9 കാരറ്റ് സ്വർണത്തിൻ്റെ പ്രധാന പോരായ്മ സ്വർണത്തിന്റെ പരിശുദ്ധി തന്നെ. ഇത് 37.5% മാത്രമാണ് ശുദ്ധമായ സ്വർണം.കൂടുതൽ അലോയ് ലോഹങ്ങൾ (ചെമ്പ് അല്ലെങ്കിൽ വെള്ളി പോലുള്ളവ) അടങ്ങിയിരിക്കുന്നതിനാൽ 9K സ്വർണ്ണം കാലക്രമേണ നിറം മങ്ങാൻ സാധ്യതയുണ്ട്. വിയർപ്പ്, രാസവസ്തുക്കൾ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയുമായി സമ്പർക്കത്തിൽ വരുമ്പോൾ ഈ പ്രശ്നം കൂടാം.
ഉയർന്ന കാരറ്റ് സ്വർണ്ണത്തെ അപേക്ഷിച്ച് 9K സ്വർണ്ണത്തിന് രൂപം നിലനിർത്താനുള്ള ശേഷിയും കുറവാണ്. അലോയ് ലോഹങ്ങൾ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ തേയ്മാനം സംഭവിക്കുകയോ ചെയ്യാം. ഇത് കൂടുതൽ പരിപാലനവും പോളിഷിംഗും ആവശ്യമാക്കി മാറ്റിയേക്കും. കൂടാതെ, 9K സ്വർണ്ണത്തിന് ആഡംബരപരമായ ആകർഷണം കുറവാണ്. ഇതിന് പുനർവിൽപ്പന മൂല്യവും താരതമ്യേന കുറവാണ്. സ്വർണ്ണം ഒരു നിക്ഷേപമായി കണക്കാക്കുന്ന കേരളം പോലുള്ള വിപണികളിൽ ഇത് ഒരു പ്രധാന പ്രശ്നമാണ്.












Click it and Unblock the Notifications