സ്വർണം ചതിച്ചു; ചെറുകിട ജ്വല്ലറികൾ പൂട്ടേണ്ടി വരുമോ? കടുത്ത പ്രതിസന്ധി വിവരിച്ച് വ്യാപാരികൾ
ഒക്ടോബർ മാസത്തിൽ സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമായത്. ആഗോളതലത്തിലെ സാഹചര്യങ്ങളും നിക്ഷേപകരുടെ മനോഭാവവുമാണ് ഈ മാറ്റങ്ങൾക്ക് പ്രധാന കാരണം. മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണ്ണത്തിന് ഏകദേശം 87,440 രൂപ എന്ന നിലയിൽ സ്ഥിരത പുലർത്തിയിരുന്നു, ആദ്യ ദിവസങ്ങളിൽ നേരിയ വർദ്ധനവും രേഖപ്പെടുത്തി.
എന്നാൽ, ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും വർദ്ധിച്ചതോടെ സ്വർണ്ണത്തിന് ആവശ്യക്കാർ കൂടി. ഇത് വില വർദ്ധനവിന് വഴിയൊരുക്കി. ഒക്ടോബർ പകുതിയോടെ ഈ മുന്നേറ്റം കൂടുതൽ ശക്തമാവുകയും, ഒക്ടോബർ 17-ന് ഒരു പവൻ സ്വർണ്ണത്തിന് 97,360 രൂപ എന്ന മാസത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തുകയും ചെയ്തു. സമീപകാല വില നിലവാരത്തിൽ ഇത് ഒരു വലിയ നാഴികക്കല്ലായിരുന്നു.

എങ്കിലും, ഈ കുതിച്ചുചാട്ടം അധികനാൾ നീണ്ടുനിന്നില്ല. ഉയർന്ന നിലവാരത്തിൽ എത്തിയതിന് പിന്നാലെ, ആഗോള വിപണികൾ അല്പം സ്ഥിരത കൈവരിച്ചതും നിക്ഷേപകർ ലാഭമെടുക്കാൻ തുടങ്ങിയതും വിലയിടിവിന് കാരണമായി. മാസത്തിന്റെ രണ്ടാം പകുതിയിൽ സ്വർണ്ണവിലയിൽ തുടർച്ചയായ തിരുത്തലുകൾ ഉണ്ടായി.
അവസാന വാരത്തിൽ വിലയിടിവിന്റെ വേഗത വർദ്ധിച്ചു. വില 90,000 രൂപയ്ക്ക് താഴെ എത്തുകയും, മാസാവസാനം ഏകദേശം 88,600 രൂപയിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഏകദേശം 9,000 രൂപയുടെ വലിയ ഇടിവാണ് ഇത് അടയാളപ്പെടുത്തിയത്.
മൊത്തത്തിൽ, ഒക്ടോബർ മാസം സ്വർണ്ണവിലയിൽ ശക്തമായ മുന്നേറ്റവും അതിനുശേഷം അതിശക്തമായ തിരുത്തലുകളും കണ്ട മാസമായിരുന്നു. ആദ്യഘട്ടത്തിലെ വർദ്ധനവ് നേരത്തെ നിക്ഷേപിച്ചവർക്ക് വലിയ നേട്ടങ്ങൾ നൽകി. എന്നാൽ, അവസാനമുണ്ടായ പെട്ടന്നുള്ള ഇടിവ് വിപണിയുടെ ചാഞ്ചാട്ട സ്വഭാവം കൂടുതൽ പ്രകടമാക്കുന്നതായിരുന്നു.
വിപണിയിലെ സ്വർണവില വർദ്ധനവ് ഗുണകരമായിട്ടുള്ള ഒരു രീതിയിലേക്ക് അല്ല നിലവിൽ കാണുന്നതെന്ന് പറയുകയാണ് സ്വർണ വ്യാപാരിയായ മനു ജോർജ്. ഇപ്പോഴത്തെ വിലയിലെ ചാഞ്ചാട്ടം ജ്വല്ലറികളിലേക്ക് വരുന്നതിൽ നിന്നും ആളുകളെ തടയുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ഒരു ദിവസം രണ്ടു തവണ വില കൂടുന്നു,അടുത്ത ദിവസം വീണ്ടും രണ്ടു തവണ വില കുറയുന്നു ,അങ്ങനെയൊരു സ്ഥിതി വിശേഷമാണ് കഴിഞ്ഞ ഒരു ആഴ്ചയായിട്ട് തുടർന്നുവരുന്നത്.അത് ആളുകളിൽ വലിയ കൺഫ്യൂഷനും അതുപോലെ തന്നെ ജ്വല്ലറികളിലെത്തി സ്വർണം വാങ്ങുന്നതിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഫെഡറൽ റിസർവ് പലിശനിരക്ക് കുറയക്കുന്നതുമായിട്ട് ബന്ധപ്പെട്ട് ഒക്കെയാണ് ഈ വിലയിൽ ഈ ചാഞ്ചാട്ടം കാണിക്കുന്നത് എന്നാണ് വിപണിയിൽ നിന്ന് നമ്മൾ മനസ്സിലാക്കുന്നത്. ഏകദേശം ഓരോ 15 മിനിറ്റും വിലയിൽ ചാഞ്ചാട്ടം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
വ്യാപാരിയെ സംബന്ധിച്ച് പഴയ സ്വർണം ആളുകളിൽ ിന്ന് വാങ്ങുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. അതുപോലെതന്നെ വിൽക്കാൻ വരുന്ന ആളുകളെ സംബന്ധിച്ച് അവർക്കും കൃത്യമായൊരു വില കിട്ടാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.
രണ്ടാഴ്ചയായിട്ട് വില സ്റ്റബിലിറ്റി ഇല്ലാതെയാണ് പോകുന്നത്, അതുകൊണ്ട് വില ഇനി എന്താകും എന്ന കാര്യത്തിലും ഉറപ്പില്ല. അങ്ങനെ ഒരു രീതി കാണുമ്പോൾ ആളുകൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്താനായിട്ട് ഉള്ള സാഹചര്യങ്ങൾ കുറയുന്ന ഒരു സ്ഥിതിയുണ്ട്. വില സ്റ്റഡിയായി നിന്ന് കഴിഞ്ഞാൽ ആളുകൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തിത്തുടങ്ങും.
ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ വ്യാപാരം വളരെ കുറവായിട്ടാണ് നിലവിൽ കാണുന്നത്. കാരണം വൻകിടക്കാര് വലിയ തോതിലുള്ള പരസ്യങ്ങൾ ഒക്കെ നടത്തുന്നുണ്ട്. ആ പരസ്യങ്ങളിൽ ആകർഷകരായിട്ട് പൊള്ളയായ വാഗ്ദാനങ്ങൾക്ക് പുറകെ പോകുകയാണ് ആളുകൾ. അങ്ങനെ ഒരു സ്ഥിതി ഉള്ളതുകൊണ്ട് ചെറുകിട വ്യാപാരികൾ വളരെ വലിയൊരു ബുദ്ധിമുട്ടിലൂടെയാണ് പോകുന്നത് .ഇതുപോലെ ഒരു കച്ചവടം ഇല്ലാതെ തുടർന്നു കഴിഞ്ഞാൽ വ്യാപാരസ്ഥാപനങ്ങൾക്ക് വാടകയും അവരുടെ സ്റ്റാഫുകളുടെ ശമ്പളം ഒക്കെ നൽകുന്നതിന് സാധിക്കാത്ത ഒരു അവസ്ഥയിലേക്ക് വരാനും സാധ്യത കാണുന്നുണ്ട്












Click it and Unblock the Notifications