'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്‍ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'
സ്വർണവിലയിലെ ചാഞ്ചാട്ടം ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ദിവസം ഒന്നോ രണ്ടോ തവണ വിലയിൽ മാറ്റം വന്നിരുന്നയിടത്ത് ഇപ്പോൾ ഒരു ദിവസം തന്നെ മൂന്നും നാലും തവണ വരെ വിലയിൽ മാറ്റം വരുന്ന അസാധാരണമായ സാഹചര്യമാണ് സ്വർണവിപണി നേരിടുന്നത്.
വില ഒരു ദിവസം തന്നെ ഇത്തരത്തിൽ മാറുന്നത് കച്ചവടക്കാരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണെന്ന് പറയുന്നു ഓൾ കേരള ഗോൾഡ് സെയിൽസ് മെർച്ചന്റ്സ് അസോസിയേഷൻ അംഗം ജസ്റ്റിൻ പാലത്ര.
''സ്വര്‍ണവിലയിലെ കുറവ് താല്‍ക്കാലികമാണ്. കാരണം ഡോളര്‍ ശക്തമായി നില്‍ക്കുകയാണ്. അപ്പോള്‍ നിക്ഷേപം ഡോളര്‍ ബോണ്ടുകളിലേക്കും ഷെയറുകളിലേക്കും മാറുന്നു. അത് കൂടാതെ അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് ലോണുകള്‍ക്ക് പലിശ കൂട്ടും എന്ന നിലയിലാണ്. ഇത് രണ്ടും സ്വര്‍ണവിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

5 ദിവസത്തേക്ക് വെടി നിര്‍ത്തല്‍ എന്ന് അമേരിക്ക മാത്രമാണ് തീരുമാനം എടുത്തത്. ഇറാന്‍ അറിഞ്ഞിട്ടില്ല. പിന്നെയും യുദ്ധത്തിലേക്കാണ് പോകുന്നത്. അതുകൊണ്ട് കൂടിയാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം നടക്കുന്നത്.
വ്യാപാരികളെ സംബന്ധിച്ചും ഉപഭോക്താക്കളെ സംബന്ധിച്ചും സ്വര്‍ണവില കൂടുന്നതോ കുറയുന്നതോ അല്ല പ്രശ്‌നം. വില സ്ഥിരതയാണ് സ്വര്‍ണം. സ്വര്‍ണം വാങ്ങാനുളളവര്‍ ഇനിയും വില കുറയും എന്ന് കരുതി നില്‍ക്കും. വില്‍ക്കാനുളളവര്‍ ഇനി വില കൂടട്ടെ എന്നും കരുതും. വില സ്ഥിരത ഇല്ലാതിരിക്കുമ്പോള്‍ സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്‍ക്കും. കച്ചവടം നടക്കണമെങ്കില്‍ വില കൂടിയാലും ശരി കുറഞ്ഞാലും ശരി സ്ഥിരത വേണം. ചാഞ്ചാട്ടം വന്നാല്‍ കച്ചവടം നില്‍ക്കും.
വ്യാപാരികള്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണ്. കാരണം രാവിലെ ഒരു വില ഉച്ചയ്ക്ക് ഒരു വില വൈകിട്ട് ഒരു വില അങ്ങനെയാണ്. നാലാമതും വില മാറ്റാനുളള മടി കൊണ്ടാണ് മാറ്റാത്തത്. കാരണം പൊതുജനത്തിന് തന്നെ അങ്കലാപ്പാണ്. കാരണം രാവിലെ വന്ന് സ്വര്‍ണം വാങ്ങിച്ചപ്പോള്‍ വില കൂടുതലായിരുന്നു. ഉച്ചയായപ്പോള്‍ വില കുറഞ്ഞല്ലോ, വൈകിട്ട് വീണ്ടും കുറഞ്ഞല്ലോ എന്നാണ് ആളുകള്‍ തലയില്‍ കൈ വെയ്ക്കുന്നത്.
ഒരു ദിവസം മൂന്നും നാലും വില വരുന്നത് വ്യാപാരികള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പക്ഷേ വില മാറ്റാതിരിക്കാനും പറ്റില്ല. കൂടിയാല്‍ ഉയര്‍ത്തുകയും കുറഞ്ഞാല്‍ വില കുറയ്ക്കുകയും ചെയ്യും. ഇപ്പോഴത്തെ വിലക്കുറവ് പ്രതീക്ഷിച്ചിരുന്നതല്ല. പവന് ഒന്നര-രണ്ട് ലക്ഷം വരെ വില ഉയരും എന്നാണ് കരുതിയിരുന്നത്. പെട്ടെന്ന് ഒരു ചാഞ്ചാട്ടം വന്നത് പ്രതീക്ഷിച്ചിരുന്നതല്ല.
കച്ചവടക്കാരെ സംബന്ധിച്ച് വില കുറയുന്നത് സന്തോഷമാണ്. വില ചാഞ്ചാട്ടത്തില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ വാങ്ങാത്തതാണ് കച്ചവടത്തെ ബാധിക്കുന്നത്. പരമാവധി വില കുറയുന്നത് വരെ ആളുകള്‍ കാത്തിരിക്കുക. വില സ്ഥിരത വന്നാലെ വ്യാപാരം നിലനില്‍ക്കുകയുളളൂ. പല തവണ വില മാറുന്നത് കാരണം ഒരു ദിവസം തന്നെ കച്ചവടത്തില്‍ ലാഭവും നഷ്ടവും സംഭവിക്കുകയാണ്. ഒരു ദിവസം തന്നെ 4 തവണയൊക്കെ വില മാറുന്നത് ആദ്യമായാണ്''.












Click it and Unblock the Notifications