സ്വർണം വാങ്ങാൻ ആളില്ലേ? ഇറക്കുമതിയിൽ വൻ ഇടിവ്; തീരുവ വർധന ഫലം കണ്ട് തുടങ്ങി?
\ഡൽഹി: രാജ്യത്തെ സ്വർണ ഇറക്കുമതിയിൽ വൻ ഇടിവ്. മെയ് മാസത്തിൽ ഇറക്കുമതി 3.42 ബില്യൺ ഡോളറായി കുറഞ്ഞു. ഏപ്രിലിൽ 5.63 ബില്യൺ ഡോളറിൻ്റെ ഇറക്കുമതിയാണ് നടന്നത്. അതായത് ഒരു മാസത്തിനിടെ 2.21 ബില്യൺ ഡോളറിന്റെ കുറവാണ് ഉണ്ടായത്. സ്വർണ ഇറക്കുമതിക്ക് കേന്ദ്രം ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ഫലം കണ്ടുതുടങ്ങിയെന്ന സൂചനയാണ് പുതിയ കണക്കുകൾ നൽകുന്നത്.
മേയ് മാസത്തിലാണ് കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തീരുവ വർധനവായിരുന്നു ഇത്. സ്വർണ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കടുത്ത നീക്കം. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ സമ്മർദം കുറയ്ക്കാനാണ് കേന്ദ്രം ഈ തീരുമാനം എടുത്തത്.

ഇതിനിടെ, രാജ്യതാൽപര്യം മുൻനിർത്തി ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. വിദേശ യാത്രകൾ കുറയ്ക്കുക, ഇന്ധന ഉപഭോഗത്തിൽ നിയന്ത്രണം പാലിക്കുക തുടങ്ങിയ നിർദേശങ്ങൾക്കൊപ്പമാണ് ഈ ആഹ്വാനവും അദ്ദേഹം നടത്തിയത്. തീരുവ വർധനയും പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയും ചേർന്ന് സ്വർണ വിപണിയിൽ സ്വാധീനം ചെലുത്തിയെന്നാണ് വ്യാപാര രംഗത്തെ വിലയിരുത്തൽ. പല ജ്വല്ലറികളിലും ആവശ്യകത കുറഞ്ഞതായും വ്യാപാരികൾ പറയുന്നു.
എന്നാൽ മാസാടിസ്ഥാനത്തിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും വാർഷിക കണക്കുകളിൽ സ്വർണ ഇറക്കുമതി ഇപ്പോഴും ഉയർന്ന നിലയിലാണ്. 2025 മേയിൽ 2.55 ബില്യൺ ഡോളറായിരുന്ന ഇറക്കുമതി ഇത്തവണ 3.42 ബില്യൺ ഡോളറിലെത്തി. അതായത് ഏകദേശം 34 ശതമാനത്തിന്റെ വർധനവ്. നിക്ഷേപമെന്ന നിലയിലും ആഭരണമെന്ന നിലയിലും സ്വർണത്തോടുള്ള ഇന്ത്യക്കാരുടെ താൽപര്യം ഇപ്പോഴും ശക്തമായി തുടരുന്നുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
കേന്ദ്രത്തിന്റെ പുതിയ നടപടികളുടെ പ്രതിഫലനം ആഭ്യന്തര വിപണിയിലും പ്രകടമായിട്ടുണ്ട്. മേയ് രണ്ടാം പകുതിയിൽ സ്വർണ ആവശ്യകത ഏകദേശം 70 ശതമാനം വരെ ഇടിഞ്ഞതായാണ് റിപ്പോർട്ടുകൾ. മേയ് 27-ന് അവസാനിച്ച രണ്ടാഴ്ചക്കാലയളവിൽ സ്വർണ വാങ്ങൽ 7.5 ടണ്ണായി കുറഞ്ഞപ്പോൾ, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അത് 25 ടണ്ണിനടുത്തായിരുന്നു.
ഈ ഇടിവ് ഏറ്റവും കൂടുതൽ ബാധിച്ചത് രാജ്യത്തെ ചെറുകിട സ്വർണ വ്യാപാരികളെയാണ്. ഇന്ത്യയിലെ സ്വർണ വ്യാപാരത്തിന്റെ വലിയൊരു പങ്കും കൈകാര്യം ചെയ്യുന്ന അസംഘടിത മേഖലയിലെ വ്യാപാരികൾക്ക് ആവശ്യകതയിലെ കുറവ് തിരിച്ചടിയായിട്ടുണ്ട്. പല ജ്വല്ലറി ഷോറൂമുകളിലും തിരക്ക് കുറഞ്ഞതായും ഉപഭോക്താക്കൾ വലിയ വാങ്ങലുകൾ മാറ്റിവെക്കുന്നതായും വ്യാപാരികൾ പറയുന്നു. സ്വർണ ഇറക്കുമതി നിയന്ത്രിക്കുന്നതിനൊപ്പം സാമ്പത്തിക രംഗത്തെ സമ്മർദങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം നടപടികൾ സ്വീകരിച്ചിരിക്കുന്നത്. വരും മാസങ്ങളിൽ ഈ ഇടിവ് തുടരുമോ, അതോ ആവശ്യകത വീണ്ടും ഉയരുമോ എന്നതാണ് ഇനി വിപണിയും സാമ്പത്തിക വിദഗ്ധരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications