സ്വർണത്തിൽ നിക്ഷേപിച്ചോ? വേഗത്തിൽ ലക്ഷങ്ങൾ കൊയ്യാമെന്ന മോഹത്തിന് പണികിട്ടും..എടുത്തത് 'വല്ലാത്ത റിസ്ക്'
2025ൽ മാത്രം സ്വർണ വിലയിൽ 65 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിത്. ഈ വർഷവും സ്വർണത്തിന് സമാനരീതിയിലുള്ള വർധനവ് ഉണ്ടാകുമെന്നാണ് പ്രവചനങ്ങൾ. വില ഉയരുമ്പോൾ സ്വർണാഭരണങ്ങൾ വാങ്ങാൻ ആളുകൾ മടിക്കുകയാണ്. എന്നാൽ നിക്ഷേപ താത്പര്യത്തോടെ സ്വർണ നാണയങ്ങളായും സ്വർണ കട്ടിയായും ആളുകൾ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. ഭാവിയിൽ സ്വർണത്തിന് വില ഉയരുമെന്ന പ്രതീക്ഷയോടെ ഇരട്ടി ലാഭം നേടാം എന്ന കണക്ക് കൂട്ടലിലാണ് ഈ നീക്കം.
സ്വർണം ഇത്തരത്തിൽ വാങ്ങിവെയ്ക്കുന്നത് ലാഭകരം തന്നെയായിരിക്കുമോ? ഭാവിയിൽ സമാനരീതിയിലുള്ള ലാഭം കൊയ്യാൻ സാധിക്കുമോ? സ്വർണത്തിൻ്റെ ചരിത്രം പറയുന്നത് ഇതാണ്.

സ്വർണ്ണത്തിന്റെ നിക്ഷേപയാത്ര അത്ര സുഗമമല്ലെന്നാണ് ഫണ്ട്സ്ഇന്ത്യ ഗവേഷണ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കുതിച്ചുകയറ്റങ്ങൾക്കുശേഷം ദീർഘകാലത്തേക്ക് മന്ദഗതി പുലർത്തുന്ന പതിവ് സ്വർണത്തിന് ഉണ്ടത്രേ. 1980-89, 1996-2002, 2012-2019 കാലയളവുകളിൽ സ്വർണ വരുമാനം പൂജ്യം ശതമാനം മാത്രമാണ്. വില ഉയർന്ന നിലവാരത്തിലെത്താൻ ചില ഘട്ടങ്ങളിൽ 10 വർഷം വരെയും (1980-89) കാത്തിരിക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്.
പലതും ഒട്ടും ചെറിയ ഇടവേളകളായിരുന്നില്ല, മറിച്ച് നിക്ഷേപകരുടെ ക്ഷമയും ആത്മവിശ്വാസവും പരീക്ഷിക്കുന്ന നീണ്ട കാലയളവുകൾ ഇക്കാലത്തിനിടയിൽ ഉണ്ടായിട്ടുണ്ട്. അതായത് ഉയർന്ന വിലയിൽ നിക്ഷേപിച്ചവർക്ക് സ്ഥിരമായ വരുമാനം പ്രതീക്ഷിക്കാൻ കഴിയാതെ വരുന്നത് ഇത് കാരണമാണ്.
അതേസമയം ദീർഘകാലാടിസ്ഥാനത്തിൽ ആണെങ്കിൽ സ്വർണ്തിൻ്റെ പ്രകടനം ഏറ്റവും മികച്ചത്ര തന്നെ. ഫണ്ട്സ്ഇന്ത്യയുടെ 2025 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം: 10 വർഷത്തിൽ 18.8%, 20 വർഷത്തിൽ 15.2%, 30 വർഷത്തിൽ 11.9%, 40 വർഷത്തിൽ 12.2% എന്നിങ്ങനെ മികച്ച വരുമാനം സ്വർണം രേഖപ്പെടുത്തിയിട്ടുണ്ട്.
ചരിത്രം പരിശോധിക്കുമ്പോൾ, നിക്ഷേപകർക്ക് സ്വർണ്ണം മികച്ച വരുമാനം നൽകിയിട്ടുള്ളതായി കാണാം. കഴിഞ്ഞ 7 വർഷത്തെ നിക്ഷേപ കാലയളവുകളിൽ ഏകദേശം മൂന്നിൽ രണ്ടും 7 ശതമാനത്തിലധികം വരുമാനം സ്വർണ്ണം നേടിക്കൊടുത്തിട്ടുണ്ട്. 10 മുതൽ 15 വർഷം വരെയുള്ള ദീർഘകാലയളവിൽ സാധാരണയായി പണപ്പെരുപ്പത്തെ മറികടന്ന് ഉയർന്ന വരുമാനം നൽകിയിട്ടുണ്ട്. സ്വർണ്ണത്തിൽ നിന്നുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രതീക്ഷിക്കുന്ന വരുമാനം പണപ്പെരുപ്പത്തോടൊപ്പം ഏകദേശം 2 മുതൽ 4 ശതമാനം വരെ അധികമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
സ്വർണത്തിൽ നിന്നും ഉയർന്ന ലാഭം ലഭിക്കുന്നതിലെ കാലതാമസം തന്നെയാണ് യഥാർത്ഥ വെല്ലുവിളി. 2002-2012 (19% വാർഷിക വളർച്ച), 2019-2025 (23% വാർഷിക വളർച്ച) പോലുള്ള ശക്തമായ മുന്നേറ്റങ്ങൾ ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ, ഈ മുന്നേറ്റങ്ങൾ സാധാരണയായി നീണ്ട കാലത്തോളമുള്ള കനത്ത നിരാശയ്ക്ക് ശേഷം മാത്രം സംഭവിക്കുന്നതാണ്. ചുരുക്കത്തിൽ സ്വർണ്ണം ക്ഷമയ്ക്ക് പ്രതിഫലം നൽകുമെങ്കിലും, ആ ക്ഷമയെ പരീക്ഷിക്കുകയും ചെയ്യും.












Click it and Unblock the Notifications