'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്?
ഇറാൻ-യുഎസ് യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണ വില കൂപ്പുകുത്തുകയാണ്. ഇന്ന് മാത്രം ഏഴായിരത്തോളം വില കുറഞ്ഞു. വില അടിക്കടി കുറയാൻ തുടങ്ങിയതോടെ ആഭരണപ്രേമികൾ ആശ്വാസത്തിലാണ്. ഇനിയും വില കുത്തനെ ഇടിയുമെന്നാണ് പലരുടേയും പ്രതീക്ഷ. എന്നാൽ സ്വർണ വിലയിലെ ഇപ്പോഴത്തെ ചാഞ്ചാട്ടം യഥാർത്ഥത്തിൽ തിരിച്ചടിയായിരിക്കുന്നത് തങ്ങൾക്കാണെന്ന് പറയുകയാണ് ജ്വല്ലറിക്കാർ. വില കുറഞ്ഞിട്ടും സ്വർണം വാങ്ങാൻ ആളുകൾ എത്തുന്നില്ലെന്ന് വ്യാപാരിയായ അരുണ്‍ മാർക്കോസ് പറയുന്നു. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'എണ്ണവില കൂടുന്നത് പണപ്പെരുപ്പ് ആശങ്കയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അതാണ് ഇപ്പോൾ സ്വർണവില വലിയ തോതിൽ കുറയുന്നത്. വിപണിയിൽ വലിയ തോതിലുള്ള സപ്ലൈ എത്തുകയാണ് . ആവശ്യക്കാർ വളരെ കുറവാണ്. അതുകൊണ്ട് തന്നെ സ്വർണ വില കുത്തനെ ഇടിയുന്ന സ്ഥിതിവിശേഷത്തിലൂടെയാണ് പോകുന്നത്. യുദ്ധം എത്ര ദിവസം നീണ്ടുനിൽക്കുമോ അത്രയും നാൾ ഈ സ്വർണത്തിലെ വിലയും താഴേക്ക് കൂപ്പുകുത്തും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

ഈ ഒരു പോക്ക് വളരെ വലിയ ഒരു പ്രശ്നം വ്യാപാരികളിലും സൃഷ്ടിക്കുന്നുണ്ട് . സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ച് അവർക്ക് സന്തോഷവാർത്തയാണ്. കാരണം വലിയ രീതിയിലാണ് വില കുറയുന്നത്. വീണ്ടും കുറയും എന്നുള്ള ചിന്തയോടുകൂടി ആളുകൾ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നില്ല. എങ്ങനെ വ്യാപാരികൾ ഈ ഒരു പ്രതിസന്ധി തരണം ചെയ്യും എന്നുള്ള കാര്യത്തിൽ ഒരു എത്തും പിടിയുമില്ല.
വലിയ ഒരു സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യങ്ങൾ കടന്നു പോകുന്നത്. അവശ്യ സാധനങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കുന്നതിന് പകരം അവർ സ്വർണം വാങ്ങാനായിട്ട് മുതിരില്ല എന്നുള്ളതാണ് അതിന്റെ ഒരു വസ്തുത. പിന്നെ അടിക്കടി ഇങ്ങനെ വില കുറയുമ്പോൾ വീണ്ടും കൂടുതലായി വില താഴേക്ക് എത്തും എന്നുള്ളത് കൊണ്ട് ജനം കാത്തിരിക്കുകയാണ്.
അടുത്ത മാസം ആദ്യത്തോടുകൂടി ഒക്കെ കല്യാണ സീസണുകളാണ്. പക്ഷേ ആളുകൾ ഇപ്പോഴും സ്വർണ വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രോപ്പർ ആയിട്ട് എത്തി തുടങ്ങിയിട്ടില്ല എന്നുള്ളതാണ് വസ്തുത. സാധാരണ ഈ സമയത്ത് ഉള്ളതിന്റെ നാലിലൊന്ന് പോലും വ്യാപാരം ഒരു സ്വർണക്കടകളിലും നടക്കുന്നില്ല.
സാധാരണ യുദ്ധസമയത്ത് സ്വർണത്തിന് വില ക്രമാതീതമായി വർദ്ധിക്കുന്ന ഒരു സാഹചര്യമായിരുന്നു. ഇപ്പോൾ പക്ഷെ വിപരീതമായ ഒരു പ്രതിഭാസമാണ് കാണുന്നത്. ഈ റിവേഴ്സ് ഇമ്പാക്ടിന് തടയിടണമെങ്കിൽ ഒരു ശാശ്വത പരിഹാരം ഉണ്ടാകണം. യുദ്ധം അവസാനിക്കാത്തിടത്തോളം കാലം സ്വർണവില ഇനിയും താഴേക്ക് പോകും', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications