ഇപ്പൊ എങ്ങനെ ഇരിക്കണ്! സ്വർണം വാങ്ങാൻ തിരക്കോട് തിരക്ക്..ഒരേയൊരു കാരണം
സ്വർണ ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയ കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം രാജ്യത്തെ സ്വർണ വിപണിയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. സ്വർണത്തിനുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായാണ് ഉയർത്തിയത്. ഇതിനൊപ്പം കാർഷിക-അടിസ്ഥാന സൗകര്യ വികസന സെസും 1 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി വർധിപ്പിച്ചു. ഇതോടെ സ്വർണത്തിനുള്ള മൊത്തം ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർന്നു. വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും രൂപയുടെ മൂല്യം നിലനിർത്താനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചതെന്നാണ് വിലയിരുത്തൽ.
തീരുവ വർധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വർണത്തിന്റെ 10 ഗ്രാമിന്റെ വില 1,47,160ൽ നിന്ന് 1,62,120 ആയാണ് ഉയർന്നത്. ഉയർന്ന ഇറക്കുമതി ചെലവിന്റെ ഭാരം ജ്വല്ലറികൾ നേരിട്ട് ഉപഭോക്താക്കൾക്ക് മേൽ ചുമത്തിയതോടെയാണ് വിലയിൽ വലിയ മാറ്റം ഉണ്ടായത്. ഭൗതിക സ്വർണം വാങ്ങുന്നവർക്കാണ് ഇതിന്റെ ആഘാതം ആദ്യം അനുഭവപ്പെട്ടത്. അതേസമയം, ഗോൾഡ് ഇടിഎഫുകളുടെയും ഡിജിറ്റൽ ഗോൾഡിന്റെയും വിലയിൽ ചെറിയ താമസത്തിന് ശേഷമാണ് വർധനവ് പ്രതിഫലിച്ചത്.

വില കുത്തനെ ഉയർന്നിട്ടും സ്വർണത്തിനുള്ള ഇന്ത്യൻ ഉപഭോക്താക്കളുടെ താത്പര്യത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലെന്നതാണ് ശ്രദ്ധേയം. രാജ്യത്തെ വിവിധ നഗരങ്ങളിലെ ജ്വല്ലറി ഷോറൂമുകളിലേക്ക് ആളുകൾ വലിയ തോതിൽ എത്തി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഗോൾഡ് ഇടിഎഫുകളും ഡിജിറ്റൽ സ്വർണ നിക്ഷേപങ്ങളും വ്യാപകമായി വാങ്ങപ്പെട്ടു. മെയ് മാസത്തിൽ വലിയ ആഘോഷങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിലും വിവാഹ സീസണിലെ ആവശ്യകതയും സ്വർണത്തോടുള്ള സാംസ്കാരിക അടുപ്പവും വിപണിയെ സജീവമായി നിലനിർത്തി.
പ്രതിവർഷം 700 മുതൽ 800 ടൺ വരെ സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളിൽ ഒന്നായി തുടരുകയാണ്.എന്നാൽ ഉയർന്ന വില സാധാരണ ഉപഭോക്താക്കളുടെ വാങ്ങൽ രീതിയിൽ കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. വലിയ ഭാരമുള്ള ആഭരണങ്ങൾ വാങ്ങുന്നതിൽ നിന്ന് പലരും പിന്മാറുകയാണ്. പകരം ഭാരം കുറഞ്ഞ ആഭരണങ്ങളിലേക്കാണ് കൂടുതൽ പേർ തിരിയുന്നത്. കുറഞ്ഞ ചെലവിൽ ആഭരണം സ്വന്തമാക്കാനാകുമെന്നതാണ് ഇതിന് പ്രധാന കാരണം. പഴയ സ്വർണം നൽകി പുതിയ ആഭരണങ്ങൾ വാങ്ങുന്ന എക്സ്ചേഞ്ച് രീതിക്കും ഇപ്പോൾ കൂടുതൽ സ്വീകാര്യത ലഭിക്കുന്നുണ്ട്. അധിക പണം ചെലവാക്കാതെ ആഭരണം പുതുക്കാനാകുന്നതും പലരെയും ഈ രീതിയിലേക്ക് ആകർഷിക്കുന്നുണ്ട്.
ഭാരം കുറഞ്ഞ ആഭരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഹാൾമാർക്ക് ഉണ്ടോയെന്ന് ഉറപ്പാക്കണം. ആഭരണത്തിലെ കൊളുത്തുകൾ, കണ്ണികൾ, ലോക്കുകൾ എന്നിവയുടെ ഉറപ്പും പണിത്തരവും പ്രത്യേകം പരിശോധിക്കണമെന്നും അവർ നിർദേശിക്കുന്നു. രൂപഭംഗി മാത്രം നോക്കാതെ ദീർഘകാല ഉപയോഗവും പരിഗണിക്കണമെന്നാണ് ഉപദേശം.
ഇതിനിടെ ഡയമണ്ട് ആഭരണങ്ങൾക്ക് വിപണിയിൽ വലിയ ഓഫറുകളും പണിക്കൂലി ഇളവുകളും പ്രഖ്യാപിക്കപ്പെടുന്നുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കാനായി പല ജ്വല്ലറികളും പ്രത്യേക കിഴിവുകൾ നൽകുന്നുണ്ട്. എന്നാൽ ഡയമണ്ട് ആഭരണങ്ങളുടെ പുനർവിൽപ്പന മൂല്യം സ്വർണത്തേക്കാൾ കുറവാണെന്നും തിരികെ വാങ്ങൽ വ്യവസ്ഥകൾ പലപ്പോഴും സങ്കീർണ്ണമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ നിക്ഷേപ ലക്ഷ്യത്തോടെ ആഭരണം വാങ്ങുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
സ്വർണ്ണം വിൽക്കുമ്പോൾ ബാധകമാകുന്ന നികുതിയും ഇപ്പോൾ പ്രധാന ചർച്ചാവിഷയമാണ്. 12 മുതൽ 24 മാസം വരെ കൈവശം വച്ച സ്വർണ്ണം വിറ്റാൽ ലഭിക്കുന്ന ഹ്രസ്വകാല നേട്ടങ്ങൾക്ക് വരുമാന സ്ലാബ് അനുസരിച്ചായിരിക്കും നികുതി. 24 മാസത്തിലധികം കൈവശം വച്ച ഭൗതിക സ്വർണ്ണത്തിന്റെ ദീർഘകാല മൂലധന നേട്ടങ്ങൾക്ക് ഇൻഡെക്സേഷൻ ആനുകൂല്യമില്ലാതെ 12.5 ശതമാനം നികുതി ബാധകമാണ്. നികുതി സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇൻവോയ്സുകൾ, വാങ്ങൽ രേഖകൾ, അനന്തരാവകാശ രേഖകൾ എന്നിവ സൂക്ഷിക്കണമെന്ന് നികുതി വിദഗ്ധർ നിർദേശിക്കുന്നു. ചില സാഹചര്യങ്ങളിൽ പാർപ്പിട സ്വത്തിൽ പുനർനിക്ഷേപം നടത്തുന്നതിലൂടെ നികുതി ബാധ്യത കുറയ്ക്കാനും സാധിക്കും.
ആഗോള സാമ്പത്തിക അനിശ്ചിതത്വം, സെൻട്രൽ ബാങ്കുകളുടെ സ്വർണ്ണ ശേഖരണം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ തുടരുന്ന സാഹചര്യത്തിൽ സ്വർണ്ണം ഇപ്പോഴും സുരക്ഷിത നിക്ഷേപം തന്നെയാണ്. വില താഴുന്ന സമയങ്ങളിൽ ഘട്ടംഘട്ടമായി സ്വർണം വാങ്ങുന്നത് നല്ല നിക്ഷേപ തന്ത്രമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഹ്രസ്വകാലത്ത് ആവശ്യകതയിൽ ചെറിയ കുറവ് ഉണ്ടാകാമെങ്കിലും ഇന്ത്യയിൽ സ്വർണത്തിനുള്ള സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യം അടുത്ത കാലത്തും ശക്തമായി തുടരുമെന്നതാണ് വിപണി നിരീക്ഷകരുടെ പൊതുവായ വിലയിരുത്തൽ.












Click it and Unblock the Notifications