സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്
സ്വർണ വിലയിലെ പെട്ടന്നുള്ള ചാഞ്ചാട്ടം ആഭരണപ്രേമികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഇന്നലെ 98,000 രൂപയിലേക്ക് പവൻ വില ഇടിഞ്ഞതോടെ ഇനിയും വില ഇടിയുമെന്ന ആശ്വാസത്തിലായിരുന്നു പലരും. എന്നാൽ ഇന്ന് സ്വർണ വില വിണ്ടും ഒരു ലക്ഷം കടന്നു. നിലവിൽ 1.4 ലക്ഷത്തിനാണ് പവൻ വ്യാപാരം നടക്കുന്നത്. ഇനിയെന്താകും സ്വർണ വില എന്ന് പറയാനാകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. സീ ന്യൂസ് മലയാളത്തോടാണ് അവരുടെ പ്രതികരണം. വായിക്കാം
'യുദ്ധം അവസാനിക്കുന്നു എന്നൊരു അവസ്ഥ വന്നാൽ സ്വർണത്തിന്റെ വില പഴയതുപോലെ വർധിച്ചു വരാൻ സാധ്യതയുണ്ട്. പക്ഷേ ഇപ്പോൾ രണ്ടും പറയാൻ പറ്റാത്ത ഒരു സാഹചര്യമാണ്. ഒരു ലക്ഷത്തിന്റെ താഴേക്ക് പോയ സ്വർണത്തിന്റെ വില വളരെ പെട്ടെന്ന് തന്നെ ഒരു ലക്ഷത്തിന്റെ മുകളിലേക്ക് പോയിരിക്കുകയാണ്. അമേരിക്കൻ ഓഹരി വിപണിയായ ഡൗ ജോൺസ് പോസിറ്റീവ് ആണ്. അതായത് അമേരിക്കൻ ഷെയറുകളിലേക്ക് ഇൻവെസ്റ്റ്മെന്റ് വരുന്നുണ്ട്. ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ നിന്ന് ഷെയറുകൾ വിറ്റുപോകുന്നു. അതുകൊണ്ടാണ് നമ്മുടെ സൂചിക നെഗറ്റീവ് ആകുന്നത്.

ഓഹരി വിപണി ശക്തമാകുന്നത് ഡോളർ ശക്തമാകുന്നു എന്നതാണ് അർത്ഥം. അതേ സമയം സ്വർണത്തിന്റെ വിലയും കൂടിക്കൊണ്ടിരിക്കുകയാണ്. സാധാരണ ഡോളർ ശക്തമാകുമ്പോൾ സ്വർണത്തിലേക്ക് പോകുന്നതിനേക്കാൾ കൂടുതൽ നിക്ഷേപം ഡോളറിലേക്കാണ് പോകുന്നത്. എന്നാൽ ഇപ്പോൾ രണ്ടിലേക്കും നിക്ഷേപം പോകുന്നു. എന്ന് വെച്ചാൽ അനിശ്ചിതാവസ്ഥ തുടരുന്നു എന്നതാണ് കാരണം.
ഈ അനിശ്ചിതാവസ്ഥ തുടരാൻ കാരണം, അമേരിക്ക "ഞങ്ങൾ യുദ്ധം നിർത്തുന്നു" എന്ന് പറയുമ്പോഴും അടുത്ത നിമിഷം വീണ്ടും യുദ്ധത്തിലേക്ക് പോകുന്ന തരത്തിലുള്ള സാഹചര്യമാണ്. ഹോർമോസ് കടൽ തുറക്കാൻ അമേരിക്ക ആവശ്യപ്പെടുന്നു. ഇറാൻ വിസമ്മതം അറിയിക്കുന്നതോടെ അമേരിക്ക വീണ്ടും യുദ്ധത്തിന്റെ നിലപാട് ശക്തമാക്കുന്നു. ആ തരത്തിലേക്ക് സംഭാഷണം നീളുന്നു.
അതിനാൽ അനിശ്ചിതാവസ്ഥയിൽ മാറ്റം വരുന്നില്ല. ട്രംപ് പറഞ്ഞ് രണ്ട് മണിക്കൂർ കഴിയുമ്പോഴേക്കും ട്രംപ് തന്നെ വാക്ക് മാറ്റുന്നു. ഇറാനും ഒന്നും സ്ഥിരമായി പറയുന്നില്ല. എല്ലാ ലോകരാജ്യങ്ങൾക്കും എന്ത് ചെയ്യണം, എന്ത് പറയണം, ഏത് നിഗമനത്തിൽ എത്തണം എന്ന് അറിയാൻ കഴിയാത്ത അവസ്ഥയാണ്.
ഇങ്ങനെ ഇരിക്കുന്നിടത്തോളം കാലം സ്വർണത്തിന്റെ വിലയിൽ ചാഞ്ചാട്ടം തുടരും. താഴേക്ക് പോകുന്നതോ മുകളിലേക്ക് ഉയരുന്നതോ സ്ഥിരതയുള്ളതായിരിക്കില്ല.
ഉപഭോക്താക്കളോട് പറയാനുള്ളത് - ഇപ്പോൾ സ്വർണം വാങ്ങുന്നത് സുരക്ഷിതമല്ല. അല്പം കൂടി കാത്തിരിക്കുക. ഈ യുദ്ധത്തിന്റെ സ്ഥിതി ഒന്ന് സ്ഥിരതയിലേക്ക് വരട്ടെ. ട്രംപ് തുറന്ന് വ്യക്തമാക്കട്ടെ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന്. അതുവരെ ഈ കയറ്റിറക്കങ്ങൾ തുടരും.
ഇപ്പോൾ സ്വർണം വാങ്ങിയാൽ പിന്നീട് വില കുറഞ്ഞ് വിൽക്കേണ്ടി വരുമോ എന്ന ഭയം ഉണ്ട്. ഒന്നും ഉറപ്പായി പറയാൻ കഴിയാത്ത ഒരു അവസ്ഥയാണ്. ഇറാന്റെ യഥാർത്ഥ സ്ഥിതി ഇപ്പോൾ ലോകത്തിലെ ഒരു രാജ്യത്തിനും വ്യക്തമായിട്ടില്ല. ഇറാന്റെ ആണവശേഷി എത്രത്തോളം നശിപ്പിക്കപ്പെട്ടു, എത്രത്തോളം ഇപ്പോഴും നിലനിൽക്കുന്നു എന്നതൊന്നും വ്യക്തമായിട്ടില്ല.
ട്രംപും ഇസ്രായേലും അവരുടെ ആണവശേഷി നശിപ്പിച്ചുവെന്നാണ് അവകാശപ്പെടുന്നത്. പക്ഷേ ഇറാൻ പറയുന്നത് അതിന് ഒരു പോറലും സംഭവിച്ചിട്ടില്ല എന്നാണ്. ആര് പറയുന്നതാണ് ശരി എന്ന് നമുക്ക് ഉറപ്പിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് യുദ്ധം ഇനിയും മുന്നോട്ട് പോകാനും സാധ്യതയുണ്ട്, അല്ലെങ്കിൽ ശമിക്കാനും സാധ്യതയുണ്ട്'












Click it and Unblock the Notifications