സ്വർണം ആളുകൾ തിരിഞ്ഞ് നോക്കുന്നില്ല;വാങ്ങിപ്പിക്കാൻ ഒരു വഴിയേ ഉള്ളൂ, തന്ത്രം പയറ്റി വ്യാപാരികൾ
സ്വർണ വില സമാനതകളില്ലാത്ത വിധം കുതിക്കുകയാണ്. കേരളത്തിൽ പവൻ വില ഇന്ന് 97000 രൂപ ഭേദിച്ചു. 97280 രൂപയാണ് നിലവിൽ വില. ഗ്രാമിന് 12160 രൂപയും. ഈ നില തുടർന്നാൽ സ്വർണ വില ഒക്ടോബർ 17 ലെ റെക്കോഡ് വില 97360 രൂപ തൊട്ടേക്കും. വില കുതിക്കാൻ തുടങ്ങിയതോടെ സ്വർണം വാങ്ങുന്നതിൽ നിന്ന് വിട്ട് നിൽക്കുകയാണ് ആഭരണപ്രേമികൾ.
അതേസമയം ആളുകളെ ആകർഷിക്കാൻ വമ്പൻ ഡിസ്കൌണ്ടുകളാണ് ജ്വല്ലറികൾ നൽകുന്നത്.. വിവാഹ സീസണായിട്ടും സ്വർണത്തിനുള്ള ആവശ്യം കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. ഔദ്യോഗിക ആഭ്യന്തര വിലകളെ അപേക്ഷിച്ച് ഒരു ഔൺസിന് 34 ഡോളർ വരെ കിഴിവാണ് വ്യാപാരികൾ വാഗ്ദാനം ചെയ്യുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞാഴ്ച ഇത് വെറും 22 ഡോളർ മാത്രമായിരുന്നു.

'വില ഉയർന്നതോടെ ആളുകൾ ജ്വല്ലറികളിലേക്ക് വരുന്നില്ല. അതുകൊണ്ട് തന്നെ പുതിയ സ്വർണം ജ്വല്ലറികൾ വാങ്ങുന്നില്ല. ഇത്രയും ഉയർന്ന വിലക്ക് സ്വർണ വാങ്ങേണ്ടെന്നാണ് പലരുടേയും കാഴ്ചപ്പാട്. അതിനാൽ വിവാഹ സീസണായിട്ട് കൂടി ആളുകൾ ആഭരണങ്ങൾ വാങ്ങാൻ മടിക്കുകയാണ്', മുംബൈയിലെ സ്വർണ വ്യാപാരികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു. ഇന്ത്യയെ പോലെ തന്നെ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ഡിമാൻ്റുള്ള രാജ്യങ്ങളിലൊന്നായ ചൈനയിലും ഇപ്പോൾ സ്വർണത്തിന് ഡിമാൻ്റ് കുത്തനെ ഇടിഞ്ഞു.
അടുത്തിടെ ചൈന സ്വര്‍ണ വിൽപ്പനയ്ക്ക് ദീർഘകാലമായി നൽകിവന്നിരുന്ന നികുതി ആനുകൂല്യം അടുത്തിടെ നിർത്തലാക്കിയിരുന്നു. ചൈനയില്‍ നിന്ന് വില്‍ക്കുന്ന സ്വർണത്തിന് മൂല്യവർധിത നികുതി (വാറ്റ്) രാജ്യം ഏർപ്പെടുത്തി. ഇത് ജ്വല്ലറികളുടെ ചെലവ് വർദ്ധിപ്പിച്ച് ചില്ലറ വിൽപ്പനയെ ബാധിച്ചു. അതേസമയം ആവശ്യക്കാർ കുറഞ്ഞതോടെ ചൈനയും ഡിസ്കൌണ്ട് നൽകുന്നുണ്ട്. 20 ഡോളറിന് താഴെയാണ് ഓഫർ നൽകിയത്.
മറ്റ് ഏഷ്യൻ വിപണികളിൽ, സിംഗപ്പൂരിൽ ഈയാഴ്ച സ്വർണം 1.5 ഡോളർ മുതൽ 3.50 ഡോളർ വരെ പ്രീമിയത്തിൽ വിറ്റഴിച്ചു. ഹോങ്കോങ്ങിൽ ഇത് 0.5 ഡോളർ കിഴിവ് മുതൽ 2.5 ഡോളർ പ്രീമിയം വരെയായിരുന്നു വ്യാപാരം. ജപ്പാനിൽ 5.5 ഡോളർ വരെ കിഴിവ് മുതൽ 1 ഡോളർ കിഴിവിലായിരുന്നു വ്യാപാരം നടന്നത്.
ജ്വല്ലറികൾ കടുത്ത പ്രതിസന്ധിയിൽ
സ്വർണ വില ഉയരുമ്പോൾ സന്തോഷിക്കേണ്ട ജ്വല്ലറിക്കാർ പക്ഷെ ഇപ്പോൾ കടുത്ത ആശങ്കയാണ് പങ്കുവെയ്ക്കുന്നത്. സ്വർണ വിൽപന വലിയ തോതിൽ കുറഞ്ഞെന്നും ആളുകൾ വാങ്ങാൻ മടിക്കുകയാണെന്നും ഇവർ പറയുന്നു. വില ഒരു ശരാശരി നിലയിൽ തുടരുന്നതാണ് വിൽപന മെച്ചപ്പെടാൻ സഹായിക്കുകയുള്ളൂവെന്നും അവർ വ്യക്തമാക്കി.
ആഗോള സാമ്പത്തിക പ്രതിസന്ധികളാണ് സ്വർണ വിലയിലെ വർധനവിന് കാരണമാകുന്നത്. യു എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് കഴിഞ്ഞാഴ്ച പലിശ നിരക്ക് ഉയർത്തിയതാണ് ഇപ്പോഴത്തെ സ്വർണക്കുതിപ്പിന് കാരണം. ഭൌമരാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധികളും അയഞ്ഞില്ലെങ്കിൽ സ്വർണ വില താഴേക്ക് വരുമെന്ന് സ്വപ്നത്തിൽ പോലും കരുതേണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications