'ഗ്രാമിന് അയ്യായിരം കൊടുത്തും സ്വർണം വാങ്ങാം, ഇനി വരുന്ന മാസങ്ങളിലും സ്വർണത്തിന് വില കൂടും'
സ്വർണവില വേഗം കുറയുമെന്നുളള പ്രതീക്ഷകളൊക്കെ നിലവിൽ മലയാളികൾക്ക് അസ്തമിച്ച മട്ടാണ്. ഇനി വരുന്ന മാസങ്ങളിലും സ്വര്‍ണവില കൂടുക തന്നെ ചെയ്യുമെന്നാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റും വിലനിർണയ സമിതി അംഗവുമായ ജസ്റ്റിൻ പാലത്ര പറയുന്നത്.
ജസ്റ്റിൻ പാലത്രയുടെ വാക്കുകൾ: ''ഇനി വരുന്ന മാസങ്ങളില്‍ സ്വര്‍ണവില കൂടുക തന്നെ ചെയ്യും. കാരണങ്ങള്‍ പഴയതൊക്കെ തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഇറാന് എതിരെയുളള യുദ്ധം തീര്‍ന്നിട്ടില്ല. ആ സാഹചര്യങ്ങള്‍ കാരണം എല്ലാ രാജ്യങ്ങളും ഖജനാവിലേക്ക് സ്വര്‍ണം വാങ്ങുന്നു. അത് കൊണ്ട് വില കൂടും. മാത്രമല്ല സ്വര്‍ണ നിര്‍മ്മാണവും കുറഞ്ഞിട്ടുണ്ട്. സാധനങ്ങള്‍ക്കുളള ക്ഷാമമാണ് അതിനുളള കാരണം.
വ്യാപാരികളെല്ലാം ആശങ്കയിലാണ്. കച്ചവടം കുറയും എന്നതില്‍ സംശയമില്ല. അവരെ സംബന്ധിച്ച് ബദല്‍ മാര്‍ഗം കണ്ടുപിടിച്ചിരിക്കുന്നത് 916 സ്വര്‍ണം കൂടാതെ 18 കാരറ്റ് ഉണ്ടാക്കി തുടങ്ങിയിരിക്കുന്നത്. അതാകുമ്പോള്‍ വില കുറയുന്നു. 14 കാരറ്റും 9 കാരറ്റും രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. 9 കാരറ്റ് സ്വര്‍ണം വാങ്ങുകയാണെങ്കില്‍ ഗ്രാമിന് 5000 രൂപയേ വരുന്നുളളൂ. 14 കാരറ്റിന് 7000-8000 രൂപയേ വരുന്നുളളൂ.

ജനങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന തരത്തിലേക്ക് ആഭരണങ്ങളുടെ ക്യാരറ്റില്‍ വ്യത്യാസം വന്നിരിക്കുന്നു. സാധാരണ ജനങ്ങളെ സംബന്ധിച്ച് സ്വര്‍ണം വാങ്ങുക എന്നത് വലിയ ബുദ്ധിമുട്ടുളള കാര്യമാണ്. അതുകൊണ്ട് അവര്‍ക്ക് വാങ്ങാന്‍ സാധിക്കുന്ന തരത്തിലുളള സ്വര്‍ണം ഇപ്പോള്‍ ഉണ്ടാക്കുന്നു. അങ്ങനെ മാത്രമേ ഈ വ്യാപാരത്തിന് മുന്നോട്ട് പോകാന്‍ സാധിക്കുകയുളളൂ.
ചെറുകിട കച്ചവടക്കാരും വന്‍കിട കച്ചവടക്കാരും എല്ലാം ബുദ്ധിമുട്ടിലാണ്. വില കൂടുമ്പോള്‍ കച്ചവടം കുറയുക തന്നെ ചെയ്യും. അത് സര്‍ക്കാരിനേയും ബാധിക്കും. നികുതി കിട്ടുന്നത് കുറയും, സമ്പദ് വ്യവസ്ഥയേയും അത് ബാധിക്കും. ഇനി സ്വര്‍ണം വില്‍ക്കാന്‍ ആളുകള്‍ കൂടുതലായും വരും. വില്‍ക്കുമ്പോള്‍ വലിയ നിരക്ക് വ്യത്യാസങ്ങളൊന്നും സ്വര്‍ണക്കടകള്‍ ചെയ്യുന്നില്ല. വില കൂടുന്ന ട്രെന്‍ഡ് ആണ് ഇപ്പോള്‍ എന്നത് കൊണ്ട് വില കുറയില്ല എന്നും പറയാനാകില്ല. ന്യായമായ വിലയ്ക്ക് തന്നെയാണ് കടക്കാര്‍ സ്വര്‍ണം എടുക്കുന്നത്''.




Click it and Unblock the Notifications