സ്വര്‍ണ നഗരം പണിയാന്‍ തമിഴ്‌നാട്; 126 കോടി രൂപ ചെലവില്‍ വന്‍ പദ്ധതി, കേന്ദ്ര അനുമതി ഉടന്‍
തമിഴ്‌നാട് സര്‍ക്കാര്‍ കോയമ്പത്തൂരില്‍ ജ്വല്ലറി പാര്‍ക്ക് ആരംഭിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെയാണ് പദ്ധതി. തറക്കല്ലിടല്‍ കര്‍മം കഴിഞ്ഞ ഒക്ടോബറില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിര്‍വഹിച്ചു. കഴിഞ്ഞ ബജറ്റില്‍ 81 കോടി രൂപ തമിഴ്‌നാട് സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. ഇനി കേന്ദ്രത്തിന്റെ സഹായം കൂടി ലഭിച്ചാല്‍ പദ്ധതി നിര്‍മാണം തുടങ്ങും.
രണ്ടര ഏക്കര്‍ ഭൂമയില്‍ 126 കോടി രൂപ ചെലവിലാണ് ജ്വല്ലറി പാര്‍ക്ക് തുടങ്ങുന്നത്. രണ്ട് ഘട്ടങ്ങളായിട്ടാണ് നിര്‍മാണം. ആദ്യഘട്ടത്തിനുള്ള ഫണ്ട് ബജറ്റില്‍ വകയിരുത്തികഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതത്തിന് വേണ്ടി പദ്ധതി സമര്‍പ്പിച്ചുകഴിഞ്ഞു. വിഹിതം ലഭിച്ചാല്‍ ഉടന്‍ നിര്‍മാണം തുടങ്ങും. വൈകാതെ കേന്ദ്രം ഫണ്ട് അനുവദിക്കുമെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

58 കോടി രൂപ ചെലവില്‍ അഞ്ച് നിലകളുള്ള കെട്ടിടം നിര്‍മിക്കുകയാണ് ആദ്യം ചെയ്യുക. കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലുമായി 4000ത്തോളം ചെറുതും വലുതുമായ ആഭരണ നിര്‍മാണ ശാലകളുണ്ട്. ഒരു ലക്ഷത്തോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നു. പുതിയ ജ്വല്ലറി പാര്‍ക്ക് ഒരുങ്ങുന്നതോടെ എല്ലാവരും ഇവിടേക്ക് മാറും. ഇതോടെ തൊഴിലാളികള്‍ക്ക് സംഘടിത രൂപമാകും. ഇത് ബിസിനസ് അതിവേഗം വളരുന്നതിന് വഴിയൊരുക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
കോയമ്പത്തൂരില്‍ എവിടെയാണ് ജ്വല്ലറി പാര്‍ക്ക്?
പദ്ധതിയുടെ മൂന്നിലൊന്ന് ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നാണ് വിവരം. ഇക്കാര്യത്തിലുള്ള അനുമതിക്ക് വേണ്ടിയാണ് പദ്ധതി സമര്‍പ്പിച്ചിട്ടുള്ളത്. അനുമതി ലഭിച്ചാല്‍ അതിവേഗം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. മൂന്ന് വര്‍ഷത്തിനകം ജ്വല്ലറി പാര്‍ക്ക് സജ്ജമാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഒരു ലക്ഷത്തോളം പേര്‍ ജോലി ചെയ്യാന്‍ സാധിക്കുന്ന പാര്‍ക്ക് വലിയ സംരംഭമായി മാറും.
കോയമ്പത്തൂരിലെ കുറിച്ചി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് ജ്വല്ലറി പാര്‍ക്ക് നിര്‍മിക്കുന്നത്. സ്വര്‍ണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പിന്നീട് പാര്‍ക്കിലേക്ക് മാറ്റും. ആഭരണ നിര്‍മാണം, മിനുക്കല്‍, ഡിസൈന്‍ രൂപീകരണം, ഹാള്‍മാര്‍ക്കിങ് തുടങ്ങി എല്ലാ ജോലികളും ഇവിടെയാകും. നിലവില്‍ പല ഭാഗങ്ങളിലാണ് ഓരോ ജോലികളും നടക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷാ വെല്ലുവിളികളും നേരിടുന്നുണ്ട്. ഇതിനെല്ലാം പരിഹാരമാണ് പുതിയ ജ്വല്ലറി പാര്‍ക്ക്.
പദ്ധതിയുടെ ആദ്യ ഘട്ടം ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ശ്രമം. പാര്‍ക്ക് നിലവില്‍ വരുന്നതോടെ കോയമ്പത്തൂരിന്റെ വികസനത്തിന് പുതിയ സാധ്യതകള്‍ തെളിയും. സ്വര്‍ണത്തിന്റെ എല്ലാ ജോലികളും ഒറ്റ കേന്ദ്രത്തില്‍ ചെയ്യാന്‍ സാധിക്കുന്നതാണ് നേട്ടം. സ്വര്‍ണവുമായി ഓരോ കേന്ദ്രങ്ങളിലേക്ക് പ്രത്യേകമായി പോകേണ്ടി വരില്ല എന്നത് ജ്വല്ലറി ഉടമകള്‍ക്കും ആശ്വാസമാകും.












Click it and Unblock the Notifications