സ്വർണ നാണയം വാങ്ങാൻ പ്ലാൻ ഉണ്ടോ? ബാങ്കിൽ ചെല്ലുമ്പോൾ വൻ പണി കിട്ടിയേക്കും..ഇക്കാര്യം അറിയണമെന്ന് വ്യാപാരി
സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയതോടെ കേരളത്തിൽ സ്വർണപ്രേമികൾക്കിടയിൽ വാങ്ങൽ രീതികളിലും വലിയ മാറ്റമാണ് പ്രകടമായത്. നേരത്തേ 22 കാരറ്റ് ആഭരണം മാത്രം വാങ്ങിയിരുന്നവർ 18 ഉം 14 ഉം എന്തിന് 9 കാരറ്റ് ആഭരങ്ങൾ പോലും ഇപ്പോൾ വാങ്ങാൻ തയ്യാറാണ്. നിക്ഷേപ താത്പര്യമുള്ളവരാകട്ടെ സ്വർണാഭരണങ്ങളിൽ നിന്നും സ്വർണനാണയങ്ങളിലേക്കും കട്ടികളിലേക്കും തിരിഞ്ഞു.
പണിക്കൂലി ഇല്ലെന്നതാണ് നാണയങ്ങളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നതെന്ന് പറയുകയാണ് ജ്വല്ലറി വ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളത്തോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ

'സ്വർണ നാണയങ്ങൾക്കുള്ള അന്വേഷണങ്ങൾ ധാരാളം വരാറുണ്ട്. ആളുകൾ വാങ്ങുന്നുമുണ്ട് .നേരത്തെ ആഭരണങ്ങൾ ആയിട്ട് വാങ്ങി വെച്ച ആളുകൾ ഇപ്പോൾ നാണയങ്ങളിലേക്ക് തിരിഞ്ഞിട്ടുണ്ട് . സ്വർണ ആഭരണങ്ങൾ ധരിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞ് വരികയാണ്. ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലി നഷ്ടമാകുമെന്നതിനാൽ നാണയങ്ങൾ നിക്ഷേപ താത്പര്യത്തോടെ വാങ്ങുകയാണ്.
ആഭരണമായിട്ട് അണിയാൻ ആഗ്രഹിക്കുന്നില്ല എന്നുണ്ടെങ്കിൽ സ്വർണം നാണയം ആയിട്ട് വാങ്ങി വെക്കാം. പക്ഷെ അത് പണയമായിട്ട് വെക്കുമ്പോൾ അവയ്ക്ക് ലോക്കറ്റ് പോലെ ഒരു കുഴ ഉണ്ടെങ്കിൽ മാത്രമേ ചില ബാങ്കുകളും പണമിടപാട് സ്ഥാപനങ്ങളും സ്വീകരിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ കുഴവെച്ച് ആണ് ചിലർ നാണയങ്ങൾ വാങ്ങുന്നത്.
സ്വർണം ഒരു ആഭരണമായി പണിയണമെങ്കിൽ അതിന് അതിന്റെതായ മെനക്കേടുകളും സമയവും ഒരുപാട് ആളുകളുടെ മാൻപോറും അല്ലെങ്കിൽ മെഷീന്റെ യൂസേജും വേസ്റ്റേജും ഒക്കെ ഉണ്ടാകുന്നുണ്ട്. കോയിൻ ആയിട്ട് അത് ചെയ്യണമെങ്കിൽ അതൊരു അച്ചാണ്. അതിൽ വെച്ചിട്ട് പ്രസ്സ് ചെയ്ത് എടുക്കുകയാണ് .അതുകൊണ്ട് ആഭരണങ്ങൾ നിർമ്മിക്കുമ്പോൾ വരുന്ന പണിക്കൂലി നാണയങ്ങൾക്ക് വരില്ല', അദ്ദേഹം വിശദീകരിച്ചു.
അതേസമയം സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് ആഭരണത്തിന് 14185 രൂപയാണ് വില. പവന്‍ വില 113480 രൂപയാണ്. 18 കാരറ്റിന് ഗ്രാമിന് 11655 രൂപയും പവന് 93240 രൂപയും നൽകണം. 14 കാരറ്റ് സ്വര്‍ണം ഗ്രാം വില 9075 രൂപയാണ്, പവന്‍ വില 72600 രൂപയും. 9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5855 രൂപയും പവന്‍ വില 46840 രൂപയുമാണ്.
സ്വർണവില കൂടുമോ അതോ കുറയുമോ?
രാജ്യാന്തര വിപണിയിലെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുകയാണെന്ന സൂചനകൾ ഇപ്പോൾ സ്വർണത്തെ തളർത്തുന്നുണ്ട്. സംഘർഷം ശക്തമായാൽ അത് പണപ്പെരുപ്പ ഭീഷണി ഉയർത്തും. സ്വാഭാവികമായും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യതയും ഉയരും. നിരക്ക് ഉയരുന്നത് സ്വർണത്തിന് തിരിച്ചടിയാണ്. അതേസമയം പ്രതിസന്ധികൾ അവസാനിച്ചാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വർണത്തിൻ്റെ പെരുമ ഉയരും. ഇത് വിലയെ മുകളി്ലേക്ക് നയിക്കും.


Click it and Unblock the Notifications
