സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു
സ്വർണാഭരണങ്ങൾക്ക് പണിക്കൂലി ഏറിയതോടെ സ്വർണ നാണയങ്ങളും സ്വർണകട്ടികളുമെല്ലാം വാങ്ങി സൂക്ഷിക്കുകയാണ് ആളുകൾ. ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ മികച്ച നിക്ഷേപ മാർഗങ്ങൾ ഇത് തന്നെയാണെങ്കിലും ഇവ പണയം വെയ്ക്കുകയെന്നത് എളുപ്പമായിരിക്കില്ലെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. റിപ്പോർട്ടർ ബിസിനസിനോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഡിജിറ്റിൽ ഗോൾഡ് വാങ്ങുന്നത് സുരക്ഷിതമാണോയെന്നതിനെ കുറിച്ചും അദ്ദേഹം പങ്കുവെച്ചു. വായിക്കാം
'സ്വർണത്തെ ഒരു നിക്ഷേപമായിട്ടാണ് പൂർണമായിട്ടും കാണുന്നതെങ്കിൽ മറ്റ് മാർഗങ്ങൾ ആയിരിക്കും നിർദേശിക്കുക. കാരണം മേക്കിംഗ് ചാർജ് ആണ്. ആഭരണത്തിന് അനുസരിച്ചിട്ട് അത് മാറും. മാത്രമല്ല ആ തുക ആഭരണം വിൽക്കുമ്പോൾ നമ്മുക്ക് തിരിച്ച് കിട്ടില്ല. അതുകൊണ്ട് തന്നെ ആഭരണത്തെ നമുക്ക് ഒരിക്കലും ഒരു മികച്ച നിക്ഷേപ മാർഗമായി കാണാൻ കഴിയില്ല. ഗോൾഡ് കോയിൻസ് ഒക്കെ വളരെ നല്ലതാണ് .കാരണം ഗോൾഡ് കോയിൻസിന് പ്യൂരിറ്റി 24 കാരറ്റ് തന്നെ കിട്ടും. അതിന് വലിയ മേക്കിംഗ് ചാർജസ് ഒന്നുമില്ല. ഒരു ഗ്രാം മുതൽ സ്വർണത്തിന്റെ ഈ കോയിൻസ് നമുക്ക് വാങ്ങാനായിട്ട് പറ്റും. ഗോൾഡ് ബാർ ഒക്കെ നമുക്ക് വാങ്ങി വെക്കാം. പക്ഷെ അതൊക്കെ നമുക്ക് പിന്നീട് പെട്ടെന്ന് ഒരു ആവശ്യം വരുമ്പോൾ പണയം വെക്കാനായിട്ട് എളുപ്പമല്ല.പണയം വെക്കാൻ കഴിയും പക്ഷെ അതിനൊരു പരിധിയും ചില നിബന്ധനകളും ഒക്കെ നമ്മൾ പാലിക്കേണ്ടതുണ്ട്. അതേസമയം ആഭരണം ആണെങ്കിൽ നമുക്ക് എപ്പോ വേണമെങ്കിലും കൊണ്ട് പണയം വെക്കാം.

ഡിജിറ്റൽ ഗോൾഡുകൾ എത്രമാത്രം ക്രെഡിബിൾ ആണ് എന്നത് അത് ഓഫർ ചെയ്യുന്ന പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ടിരിക്കും. ഡിജി ഗോൾഡ് സെബിയുടെയോ അല്ലെങ്കിൽ റിസർവ് ബാങ്കിന്റെയോ ഒന്നും നിയന്ത്രണത്തിൽ അല്ല. ഈ ഡിജി ഗോൾഡ് എന്ന് പറയുന്നത് ഏത് പ്ലാറ്റ്ഫോം വഴിയാണോ നമ്മൾ വാങ്ങുന്നത് ആ പ്ലാറ്റ്ഫോം ബേസ്ഡ് ആണ് അതിന്റെ മൂല്യം നിൽക്കുന്നത്. 50 രൂപ മുതൽ ഡിജി ഗോൾഡ് വാങ്ങാനായിട്ട് കഴിയും. അങ്ങനെ വാങ്ങുമ്പോൾ തത്തുല്യമായിട്ടുള്ള ഗോൾഡ് നമ്മുടെ പേരിൽ അവർ വാങ്ങി എന്നാണ് കണക്കാക്കുന്നത്. അവർ ഫിസിക്കൽ ആയിട്ടുള്ള ഗോൾഡ് വാങ്ങി അവരുടെ സുരക്ഷിതമായിട്ടുള്ള വോൾട്ടുകളിൽ അവർ സൂക്ഷിക്കും. എന്നാൽ ഇതിന്റെ മുകളിൽ യാതൊരു സർക്കാർ സംവിധാനങ്ങളുടെ നിയന്ത്രണവും നിലവിൽ ഇല്ല. അതുകൊണ്ടുതന്നെ ഇങ്ങനെ നിക്ഷേപം നടത്തിയാൽ ആ നിക്ഷേപത്തിന്റെ സുരക്ഷിതത്വം എത്രമാത്രം ഉണ്ടാകും എന്നുള്ളത്, ആരാണ് ,ആരു വഴിയാണ് നമ്മൾ അത് വാങ്ങിയത് അവരുടെ ക്രെഡിബിലിറ്റി ,ആ പ്ലാറ്റ്ഫോമിന്റെ ഇതുവരെയുള്ള പ്രവർത്തന വിശ്വാസ്യത അതനുസരിച്ചിട്ടായിരിക്കും.
ഫോൺപേ ആയാലും ഗൂഗിൾപേ ഒക്കെ ആണേലും കുറച്ച് ക്രെഡിബിലിറ്റി ഉള്ള സ്ഥാപനങ്ങൾ തന്നെയാണ് .മറ്റൊരു കാര്യം രണ്ട് ലക്ഷം രൂപ വരെ മാത്രമേ അത് വാങ്ങാൻ കഴിയുകയുള്ളൂ. അത് കഴിഞ്ഞാൽ പിന്നെ അത് വാങ്ങാനായിട്ട് വേറെ ബുദ്ധിമുട്ടുണ്ട്. മാത്രമല്ല ഇത് വിൽക്കുമ്പോൾ രണ്ടര ശതമാനം മുതൽ 5 ശതമാനം വരെ ഈ പ്ലാറ്റ്ഫോം കമ്മീഷൻ പിടിക്കും. അങ്ങനെയൊരു നഷ്ടം കൂടി അവിടെ വരുന്നുണ്ട്. ഗുണമെന്താണെന്ന് വെച്ചാൽ കടയിൽ പോകേണ്ട, അലമാരിയിൽ സൂക്ഷിച്ചു വെക്കേണ്ട അല്ലെങ്കിൽ ബാങ്കിൽ സ്പെഷ്യൽ സേഫ് ലോക്കർ എടുത്ത് അവിടെ സൂക്ഷിക്കേണ്ട, സേഫ് ലോക്കർ എടുത്തു കഴിഞ്ഞാൽ അതിന് വാടക നൽകേണ്ടതുണ്ടല്ലോ. ഡിജി ഗോൾഡിന് അതൊന്നും വേണ്ട', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications