സ്വർണ നാണയങ്ങൾ ഇനി വിൽക്കില്ല, ഗോൾഡ് സ്കീമുകളും നിർത്തും..കടുത്ത തീരുമാനവുമായി സ്വർണ വ്യാപാരികൾ
ഇറക്കുമതി തീരുവ ഉയർത്തിയതിന് പിന്നാലെ സ്വർണ വിലയിലുണ്ടായ വലിയ വർധനവ് ആഭരണ വിപണിയെ കടുത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. പവൻ വില ഒരു ലക്ഷം ആയപ്പോൾ തന്നെ സ്വർണാഭരണങ്ങൾ വാങ്ങാൻ മടിച്ച ഉപഭോക്താക്കൾ ഇനി ജ്വല്ലറിയിലേക്ക് തിരിഞ്ഞുനോക്കില്ലെന്ന ആധിയാണ് കച്ചവടക്കാർ പങ്കുവെയ്ക്കുന്നത്. അതിനിടയിലിതാ തമിഴ്നാട്ടിൽ നിന്നുള്ള ജ്വല്ലറി വ്യാപാരികൾ കടുത്ത തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ്. സ്വർണ നാണയങ്ങളുടെ വിൽപ്പന നിർത്താനാണ് ഇവരുടെ തീരുമാനം. ഒപ്പം വിവിധ പ്രൊമോഷണൽ സ്വർണ്ണ പദ്ധതികളും നിർത്തുകയാണ്. സംസ്ഥാനത്തെ ഏകദേശം 30,000 സ്വർണ്ണ വ്യാപാരികളുടേതാണ് തീരുമാനം.
സ്വർണ ഇറക്കുമതി തീരുവയിൽ ഉണ്ടായ അപ്രതീക്ഷിത വർധനയും ജി എസ് ടി ഉയരാനിടയുണ്ടെന്ന അഭ്യൂഹങ്ങളുമാണ് വ്യാപാരികളുടെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്ന് തമിഴ്നാട് ജ്വല്ലേഴ്‌സ് ഫെഡറേഷൻ അറിയിച്ചു. "ഇറക്കുമതി തീരുവ ഒറ്റരാത്രികൊണ്ട് ഉയർത്തി. ജിഎസ്ടി വർധിപ്പിക്കുമെന്ന വാർത്തകളും വിപണിയിൽ പ്രചരിക്കുന്നുണ്ട്. ഇതോടെ സ്വർണ്ണവ്യാപാര രംഗം വലിയ സമ്മർദ്ദത്തിലാണ്',ജ്വല്ലേഴ്സ് ഫെഡറേഷൻ അംഗം ശബരീനാഥിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ മാസം മാത്രം 125 ടൺ സ്വർണം വാങ്ങിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ ആഭ്യന്തര ആവശ്യകത കുറയുകയാണെങ്കിൽ ബാങ്കുകളിൽ നിന്നുള്ള വായ്പ തിരിച്ചടവുകൾക്കും തിരിച്ചടിയാകാമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

ഇതിനിടെ, സർക്കാർ നികുതി വർധനവിന്റെ പ്രതിഫലനം വിപണിയിൽ ഉടൻ തന്നെ അനുഭവപ്പെട്ടുവെന്നാണ് കോയമ്പത്തൂർ ഗോൾഡ്‌സ്മിത്ത്സ് അസോസിയേഷൻ പ്രസിഡന്റ് എസ്.എം. കമൽ ഹസൻ പറയുന്നത്. സർക്കാർ ഏകദേശം 10 ശതമാനം നികുതി വർധിപ്പിച്ചതിനെ തുടർന്ന് ബുധനാഴ്ച മാത്രം ഒരു ഗ്രാം സ്വർണത്തിന് 1000 രൂപവരെ കൂടി. ചൊവ്വാഴ്ച 14,400 ആയിരുന്ന ഒരു ഗ്രാം സ്വർണത്തിന്റെ വില ബുധനാഴ്ച 15,400 രൂപയായി ആയി ഉയർന്നു. ഇതിൽ ഏകദേശം 3,000 നികുതിയാണെന്നും അദ്ദേഹം വ്യക്തമാക്കി."അടുത്ത മാസം വിവാഹ സീസൺ ആരംഭിക്കാനിരിക്കുകയാണ്. അപ്പോൾ സ്വർണവിലയും ഉപഭോക്താക്കളുടെ ചെലവും എങ്ങനെയാകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും എന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിലെ പ്രധാന സ്വർണവ്യാപാര കേന്ദ്രങ്ങളിലൊന്നായ കോയമ്പത്തൂരിൽ മാത്രം ഏകദേശം 35,000 സ്വർണപ്പണിക്കാരുണ്ടെന്നാണ് കണക്ക്. ഒരു ലക്ഷത്തോളം ആളുകൾ ഈ മേഖലയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. സ്വർണവിലയിലെ കനത്ത ചാഞ്ചാട്ടം ഇതിനകം തന്നെ വിപണിയെ പ്രതികൂലമായി ബാധിച്ചുവെന്നും വ്യാപാര സംഘടനകൾ പറയുന്നു. "കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ വിൽപ്പനയിൽ ഏകദേശം 60 ശതമാനം ഇടിവ് രേഖപ്പെടുത്തി,' എന്നാണ് ശബരിനാഥിന്റെ വിലയിരുത്തൽ.
ഇതിനുള്ള പരിഹാരമായി രാജ്യത്തിനകത്ത് ജനങ്ങളുടെ കൈവശമുള്ള ഏകദേശം 25,000 ടൺ സ്വർണം വിപണിയിലേക്ക് കൊണ്ടുവരാനുള്ള ഒരു രൂപരേഖ സർക്കാരിന് സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു. സ്വർണം പണമാക്കാനുള്ള പദ്ധതികളിൽ ജ്വല്ലറികളെയും പങ്കാളികളാക്കണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു.
അതോടൊപ്പം, ഗോൾഡ് ഇടിഎഫുകളും ഡിജിറ്റൽ സ്വർണ വിൽപ്പനയും ഉടൻ നിയന്ത്രിക്കുകയോ നിരോധിക്കുകയോ വേണമെന്ന ആവശ്യവും ഫെഡറേഷൻ മുന്നോട്ടുവച്ചു. സ്വർണ ഇറക്കുമതിക്കാർ, ചാനൽ ഏജന്റുമാർ, ബുള്ളിയൻ ഡീലർമാർ എന്നിവരെയും കൂടുതൽ നിയന്ത്രണ വിധേയരാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സ്വർണവില ചരിത്രത്തിലെ ഉയർന്ന നിലകളിലേക്ക് കുതിക്കുമ്പോൾ കേരളത്തിലും ഉപഭോക്താക്കളും വ്യാപാരികളും ഒരുപോലെ ആശങ്കയിലാണ്. പ്രത്യേകിച്ച് വിവാഹ സീസൺ അടുത്തിരിക്കെ, വരും ദിവസങ്ങളിൽ സ്വർണ വിപണിയിൽ കൂടുതൽ വിലക്കയറ്റവും വ്യാപാര മന്ദഗതിയും ഉണ്ടാകുമോയെന്ന ആശങ്കയാണ് വ്യാപാരികൾ പങ്കുവെയ്ക്കുന്നത്. കൃത്യമായ നടപടി സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിൽ കച്ചവടം തന്നെ പൂട്ടിക്കെട്ടേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്.












Click it and Unblock the Notifications