സ്വര്‍ണം ഒഴുകുന്നത് ഇവിടെ; ആഭരണമായി കാണില്ല, 2080 കോടിയുടെ ഇടപാട്, വന്‍ ലാഭം
കൊച്ചി: സ്വര്‍ണവില എന്തുകൊണ്ട് ഇങ്ങനെ കുതിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? വളരെ എളുപ്പം മനസിലാക്കാന്‍ ഒരുകാര്യം പറയാം. ഏതൊരു വസ്തുവിനും ആവശ്യക്കാര്‍ക്ക് ഏറുമ്പോഴാണ് വില കൂടുന്നത്. ആവശ്യക്കാരില്ലാത്ത വസ്തുവിന് വില കാണില്ല. വിപണിയില്‍ മൂല്യം വേണമെങ്കില്‍ കൂടുതല്‍ ആവശ്യക്കാര്‍ ചോദിച്ചുവരണം. അത്തരത്തില്‍ ഒരു ലോഹമാണ് സ്വര്‍ണം. സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാനമായ ഡിമാന്റ് ആന്റ് സപ്ലെ തന്നെയാണ് ഇവിടെയും.
സ്വര്‍ണവില ഒരു പവന് 72000ത്തില്‍ എത്തി നില്‍ക്കുകയാണ് ഇന്ന്. 74000 കടന്ന് കുതിച്ചിരുന്നു ആഴ്ചകള്‍ക്ക് മുമ്പ്. എന്നാല്‍ ഈ സ്വര്‍ണം എല്ലാം ആഭരണമായി വാങ്ങുന്നതല്ല. സ്വര്‍ണക്കട്ടികളായി വാങ്ങുന്നവരുണ്ട്. ആഭരണമായും കോയിനുകളായും വാങ്ങുന്നവരുണ്ട്. എല്ലാത്തിനും പുറമെ ഡിജിറ്റലായി വാങ്ങുന്നവരുമുണ്ട്. ഡിജിറ്റലായി വാങ്ങുന്നതില്‍ വലിയ മാറ്റം സംഭവിച്ചു എന്നാണ് പുതിയ വാര്‍ത്ത.

ഡിജിറ്റലായി സ്വര്‍ണം വാങ്ങുന്ന ഇടപാടാണ് ഗോള്‍ഡ് ഇടിഎഫ്. വിവിധ സ്ഥാപനങ്ങള്‍ ഇത്തരം ഇടപാട് നടത്തുന്നുണ്ട്. കഴിഞ്ഞ മാസം മാത്രം 2080 കോടി രൂപയുടെ സ്വര്‍ണം വാങ്ങലാണ് ഇടിഎഫില്‍ നടന്നത്. മെയ് മാസത്തില്‍ ഇത് 292 കോടി മാത്രമായിരുന്നു എന്ന് ഓര്‍ക്കണം. അതായത്, 70 ഇരട്ടിയോളം വര്‍ധനവ് ജൂണിലുണ്ടായി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇത്രയും വലിയ ഇടിഎഫ് ഇടപാട് ആദ്യമാണ്. ഇടിഎഫ് വഴി സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കുന്നത് വിപണിയിലെ വില തന്നെയാണ്.
അസോസിയേഷന്‍ ഓഫ് മ്യൂച്ചല്‍ ഫണ്ട് ഇന്‍ ഇന്ത്യ (എഎംഎഫ്‌ഐ) പുറത്തുവിട്ട കണക്കിലാണ് ജൂണില്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങല്‍ നടന്നു എന്ന വിവരം. വിറ്റ് പണമക്കുന്ന പ്രവണത ജൂണില്‍ കുറഞ്ഞു. സ്വര്‍ണവില വന്‍തോതില്‍ ഉയര്‍ന്നിട്ടും ഇടിഎഫില്‍ വാങ്ങുന്നത് ഉയരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ജൂണില്‍ വാങ്ങാനെത്തിയവര്‍ കൂടുകയും വിറ്റ് പണമാക്കുന്നവര്‍ കുറയുകയും ചെയ്തുവെന്ന് എഎംഎഫ്‌ഐ ചീഫ് എക്‌സിക്യൂട്ടീവ് വെങ്കട്ട് ചലസാനി പറയുന്നു.
വെള്ളിയുടെ ഇടിഎഫിലും സമാനമായ ഇടപാട് നടന്നിട്ടുണ്ട്. മാര്‍ച്ചിലും ഏപ്രിലിലും സ്വര്‍ണത്തിന് വന്‍തോതില്‍ വില കൂടിയിരുന്നു. ഈ വേളയില്‍ ഇടിഎഫില്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നു. അതുവഴി ലാഭം കൊയ്യലായിരുന്നു ഉദ്ദേശം. എന്നാല്‍ ജൂണില്‍ കാര്യങ്ങള്‍ മറിച്ചാണ്. വാങ്ങല്‍ മാത്രമാണ് കാര്യമായും നടന്നത്. അതുകൊണ്ടാണ് ഇടപാട് 2000 കോടി കടന്ന് കുതിച്ചത്.
ഇടിഎഫ് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ
ഗോള്‍ഡ് ഇടിഎഫ് എന്നാല്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളാണ്. സ്വര്‍ണത്തില്‍ നേരിട്ട് നിക്ഷേപിക്കാതെ തന്നെ സ്വര്‍ണവിലയുടെ മാറ്റം നോക്കി ലാഭം കൊയ്യാന്‍ സഹായിക്കുന്ന ഒന്ന്. സ്വര്‍ണം കൈയ്യില്‍ വാങ്ങുന്നില്ല എന്നതാണ് ഇതില്‍ എടുത്തുപറയേണ്ടത്. പകരം ഇലക്ട്രോണിക് രൂപത്തില്‍ നമ്മുടെ നിയന്ത്രണത്തില്‍ തന്നെയാകും. ഗോള്‍ഡ് ഇടിഎഫിന്റെ ഒരു യൂണിറ്റ് വിപണിയിലെ ഒരു ഗ്രാം സ്വര്‍ണത്തിന് തുല്യമാണ്. 24 കാരറ്റ് സ്വര്‍ണം മാത്രമാണ് ഇവിടെ ഇടപാട്.
നിക്ഷേപം വരുന്നതിന് അനുസരിച്ച് അത്രയും സ്വര്‍ണം നിലവറകളില്‍ സൂക്ഷിക്കും. ഓഹരി വിപണിയില്‍ വാങ്ങാനും വില്‍ക്കാനും പറ്റും. ഡിമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ വേണം എന്നുമാത്രം. വിപണിയില്‍ എന്താണോ വില അതുതന്നെയാണ് ഗോള്‍ഡ് ഇടിഎഫിലെയും സ്വര്‍ണവില. കൈയ്യില്‍ സ്വര്‍ണമായി വാങ്ങുന്നില്ല എന്നതുകൊണ്ട് നേട്ടങ്ങള്‍ പലതാണ്. സുരക്ഷയും പരിശുദ്ധിയും ഉറപ്പിക്കാം, വേഗത്തില്‍ പണമാക്കി മാറ്റാം, പണിക്കൂലി ഇല്ല, ചെലവ് കുറവാണ്, ഇടപാടിലെ സുതാര്യത എന്നിവയെല്ലാമാണ് നേട്ടം.












Click it and Unblock the Notifications