സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ രണ്ട് മെച്ചം; മോദിയുടെ തന്ത്രം വിജയിക്കും, കസ്റ്റമര്‍ ശ്രദ്ധിക്കേണ്ട കാര്യം
സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ വരികയാണോ, വില വന്‍തോതില്‍ ഇടിയുമോ തുടങ്ങിയ ആശങ്കകള്‍ക്ക് ഇടയാക്കുകയും ചെയ്തു. ഇറക്കുമതി ചെലവ് കുറയ്ക്കുകയായിരുന്നു മോദിയുടെ ഉദ്ദേശം.
ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെലവ് നേരിടുന്നത് ക്രൂഡ് ഓയില്‍, സ്വര്‍ണം ഉള്‍പ്പെടെയുള്ളവയ്ക്കാണ്. ക്രൂഡ് ഓയില്‍ പ്രത്യക്ഷത്തില്‍ തന്നെ രാജ്യത്തിന് ആവശ്യം വേണ്ടതാണ്. സ്വര്‍ണത്തിന്റെ കാര്യം അങ്ങനെ അല്ല. സ്വര്‍ണം ലോകത്ത് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത് കുറച്ചാല്‍ ഇന്ത്യയുടെ വിദേശ കരുതല്‍ ധനം പുറത്തേക്ക് പോകുന്നത് ഇല്ലാതാക്കാം.

സ്വര്‍ണം വാങ്ങുന്നത് നിര്‍ത്തിവെക്കണം എന്ന മോദിയുടെ ആവശ്യം ഗുണം ചെയ്യില്ലെന്നാണ് സ്വര്‍ണ വ്യാപാരികളുടെ നിലപാട്. കൈവശമുള്ള സ്വര്‍ണം എങ്ങനെ വിപണിക്ക് ഗുണപരമായി ഉപയോഗിക്കാം എന്നാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത് എന്ന് അവര്‍ പറയുന്നു. പുതിയ ഇറക്കുമതി കുറയ്ക്കണം എങ്കില്‍ ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണം ക്രയവിക്രയം ചെയ്യേണ്ടതുണ്ട്.
ബുള്യന്‍ ബാങ്ക് തുടങ്ങുന്ന നിര്‍ദേശം വ്യാപാരികള്‍ മുന്നോട്ട് വെക്കുന്നു. അതിന് പുറമെ പുതിയ സ്വര്‍ണം വാങ്ങുന്നതിന് പകരം പഴയ സ്വര്‍ണം മാറ്റിവാങ്ങുന്ന പദ്ധതി പ്രമുഖ ജ്വല്ലറികളിലുണ്ട്. തനിഷ്‌ക് പോലുള്ള ജ്വല്ലറികള്‍ ഇക്കാര്യം തുടര്‍ന്നു വരുന്നുണ്ട്. പല ജ്വല്ലറികളും എക്‌സ്‌ചെയ്ഞ്ച് ഓഫര്‍ പ്രഖ്യാപിക്കാറുമുണ്ട്. എങ്ങനെയാണ് ഇത് പ്രാവര്‍ത്തികമാകുന്നത് എന്ന് പറയാം.
പഴയ സ്വര്‍ണം നല്‍കി പുതിയത് വാങ്ങുമ്പോള്‍
പുതിയ സ്വര്‍ണം വാങ്ങുമ്പോള്‍ ഇറക്കുമതി ആവശ്യമായി വരും. എന്നാല്‍ കൈയ്യിലുള്ള പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങുമ്പോള്‍ കൂടുതല്‍ ഇറക്കുമതി വേണ്ട. രാജ്യത്തുള്ള സ്വര്‍ണം വീണ്ടും ക്രയവിക്രയം ചെയ്യുകയാണ് ഇവിടെ. ഇറക്കുമതി കുറയ്ക്കുന്നതിലൂടെ മോദിയുടെ ആഗ്രഹം നടക്കും. മാത്രമല്ല, ജ്വല്ലറി വ്യാപാര രംഗത്ത് ജോലി നഷ്ടം നേരിടുകയുമില്ല.
കൈവശമുള്ള സ്വര്‍ണാഭരണം ജ്വല്ലറിയില്‍ എത്തിച്ചാല്‍ അവര്‍ മാറ്റ് നോക്കി ഉരുക്കി എത്ര തൂക്കമുണ്ട് എന്ന് പരിശോധിക്കും. ഈ അളവിലുള്ള പുതിയ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. എത്ര തൂക്കമുണ്ടോ അത്രയും തന്നെ സ്വര്‍ണം പുതിയത് എടുക്കാം. എന്നാല്‍ ഉപഭോക്താവ് പണിക്കൂലി നല്‍കേണ്ടി വരും. സ്വര്‍ണാഭരണം വാങ്ങുമ്പോഴുള്ള അനുബന്ധ ചെലവുകള്‍ നല്‍കണം. ഇതില്‍ ചില ഇളവുകള്‍ ഓഫര്‍ സമയം കിട്ടിയേക്കും.
ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, ജിഎസ്ടി എന്നിവ ഉപഭോക്താവ് നല്‍കണം. ഒരു പവന്‍ ആഭരണത്തിന് ഏകദേശം 10000 രൂപ അധികമായി വരുന്നത് ഇതെല്ലാം ചേരുമ്പോഴാണ്. ഈ തുക എക്‌സ്‌ചെയ്ഞ്ച് സമയം നല്‍കേണ്ടി വരും. ഇതില്‍ ഇളവ് ലഭിക്കാന്‍ ഉപഭോക്താവ് ജ്വല്ലറി വ്യാപാരികളുമായി ധാരണയിലെത്തണം. പ്രത്യേക ഓഫര്‍ ലഭ്യമാണോ എന്ന് ചോദിച്ച് മനസിലാക്കുകയും വേണം. ഒരു ജ്വല്ലറിയുടെ സ്വര്‍ണം മറ്റു ജ്വല്ലറികളില്‍ നല്‍കുമ്പോള്‍ ഓഫര്‍ ലഭിക്കാറില്ല എന്നതും ഉപഭോക്താവ് ശ്രദ്ധിക്കണം.















Click it and Unblock the Notifications