സ്വർണത്തിന് വൻ എക്സ്ചേഞ്ച് ഓഫർ,ഡയമണ്ടിന് 15 ശതമാനം വരെ ഡിസ്കൌണ്ട്..വമ്പൻ സ്കീമുകളുമായി ജ്വല്ലറികൾ
സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നതിനിടയിലും വാങ്ങൽ തകൃതി. ഓണവും വിവാഹ സീസണും കൂടി ആയതോടെ ജ്വല്ലറികളിൽ കച്ചവടം പൊടിപൊടിക്കുകയാണ്. എത്രയൊക്കെ വില കൂടിയാലും ആളുകൾ വാങ്ങാൻ മടിക്കുന്നില്ലെന്നാണ് ജ്വല്ലറി വ്യാപാരികൾ പറയുന്നത്. ആളുകളെ സംബന്ധിച്ച് സ്വർണം ഒരു മികച്ച നിക്ഷേപ മാർഗമാണ്. അതുകൊണ്ട് തന്നെ ഈ സമയത്തും ഒരു തരിയെങ്കിലും പൊന്ന് വാങ്ങണമെന്ന ചിന്തയിലാണ് ആളുകളെന്ന് തിരുവനന്തപുരം ഭീമ ജ്വല്ലറി മാനേജർ ഷിബിൻ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.
' ഈ വർഷം സ്വർണത്തിന് വലിയ രീതിയിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും സ്വർണം എന്ന് വെച്ചാൽ ആളുകളെ സംബന്ധിച്ച് മികച്ച നിക്ഷേപമാർഗമാണ്. മറ്റു മാസങ്ങളൊക്കെ അപേക്ഷിച്ച് നോക്കുമ്പോഴത്തേക്കും ഫെസ്റ്റിവ് സീസൺ എന്നുള്ളതിനൊക്കെ അപ്പുറം ഒരുപാട് കല്യാണങ്ങളൊക്കെ നടക്കുന്ന ഒരു മാസം കൂടിയാണിത്. ഈ സമയത്ത് മികച്ച എക്സ്ചേഞ്ച് ഓഫറും മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൌകര്യവുമൊക്കെ കൊടുക്കുന്നുണ്ട്.

മുൻകൂട്ടി ബുക്ക് ചെയ്തവരാണെങ്കിൽ ഇപ്പോഴത്തെ വിലയുടെ ഭാരം അവർക്ക് സഹിക്കേണ്ടി വരില്ല. അതൊരു ബെസ്റ്റ് ഓഫ് ദ ഓപ്ഷൻ ആണ് എന്ന് തന്നെ പറയാൻ സാധിക്കും.ഈ മാസത്തേക്ക് മാത്രമല്ല മുന്നോട്ടുള്ള മാസങ്ങളിലേക്കുള്ള ബുക്കിംഗുകളും നടക്കുന്നുണ്ട്.
അതുകൂടാതെ ഗോൾഡിന് 50% ഓഫർ ചെയ്യുന്നുണ്ട്. ഡയമണ്ടിന് 15000 പർ കാരറ്റിന് ഡിസ്കൗണ്ട് കൊടുക്കുന്നുണ്ട്. അതുപോലെതന്നെ പ്ലാറ്റിനം ആൻഡ് സിൽവർ ആഭരണങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള മറ്റ് ആഭരണങ്ങൾ എന്നിവയ്ക്ക് സീറോ മേക്കിങ് കോസ്റ്റ് കൊടുക്കുന്നുണ്ട്. വ്യത്യസ്ത കളക്ഷൻസ് ഉണ്ട് . എല്ലാ വൈവിധ്യ ഡിസൈനുകളും ഇവിടെ എത്തിച്ചിട്ടുണ്ട്',അദ്ദേഹം പറഞ്ഞു.
ചിങ്ങമാസം സ്വർണം എടുക്കുന്നത് ഒരു ഐശ്വര്യം ആണ് എന്നതിനാലാണ് വില കൂടിയിട്ടും വാങ്ങാൻ എത്തിയതെന്നാണ് ഒരു ഉപഭോക്താവ് പ്രതികരിച്ചത്. ആൾക്കാർക്ക് വില കൂടുന്നതാണ് ഇഷ്ടം. പിന്നെ എല്ലാ തലത്തിലും വില കൂടികൊണ്ടിരിക്കുകയാണല്ലോ. അതുകൊണ്ട് ബുദ്ധിമുട്ടില്ല. മുൻകൂട്ടി ബുക്ക് ചെയ്തതിനാൽ ആ വിലക്ക് കിട്ടും. അധിക ജിഎസ്ടിയുടെ കാര്യമൊക്കെ നോക്കിയാൽ മതി',അവർ പറഞ്ഞു.
സ്വർണം മുകളിലേക്ക്
അന്താരാഷ്ട്ര വിപണിയിലെ വർധനവാണ് കേരളത്തിലും സ്വർണ വിലയെ മുകളിലേക്ക് നയിക്കുന്നത്. സ്വർണ വില ഈ വർഷം അവസാനം 6000 ഡോളർ തൊടുമെന്നായിരുന്നു ഈ വർഷം തുടക്കത്തിൽ വിവിധ സാമ്പത്തിക നിരീക്ഷകർ പ്രവചിച്ചത്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം ഇത്തരം പ്രവചനങ്ങളെ കാറ്റിൽ പറത്തി, വില കുത്തനെ താഴേക്ക് ഇടിച്ചു. യുദ്ധ സാഹചര്യങ്ങളിൽ സ്വർണ വില കുത്തനെ കൂടാറുണ്ടെങ്കിലും സംഘർഷത്തിൻ്റെ പശ്ചാലത്തലത്തിൽ ക്രൂഡ് വില കുതിച്ചതോടെ സ്വർണത്തിന് കത്തിക്കയറാനുള്ള സാധ്യതകൾ മങ്ങുകയായിരുന്നു.
ക്രൂഡ് വിലയിലെ വർധനവ് ഡോളറിൻ്റെ മൂല്യം ഉയർത്തിയതോടെ നിക്ഷേപകർ സർക്കാർ കടപ്പത്രങ്ങളിലേക്കും ബോണ്ടുകളിലേക്കും തിരിഞ്ഞു, സ്വർണം താഴേക്ക് പതിച്ചു. ഒരു ഘട്ടത്തിൽ അന്താരാഷ്ട്ര വില ഔണ്‍സിന് 4000 ഡോളറിന് താഴേക്ക് എത്തുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതോടെ കേരളത്തിൽ പവൻ വില 1 ലക്ഷത്തിന് താഴേക്ക് എന്ന പ്രതീതിയും ശക്തമാക്കി.
യുദ്ധം തീർത്ത പ്രതിസന്ധികൾ യുഎസിനെ സാമ്പത്തികമായി തകർത്തതാണ് ഇപ്പോൾ സ്വർണത്തിന് തിരിച്ചുകയറാനുള്ള വഴി ഒരുക്കിയത്. സർക്കാർ കടപ്പത്രങ്ങൾ അനാകർഷകമായതോടെ നിക്ഷേപകർ വീണ്ടും സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഇതാണിപ്പോൾ വില ഉയർത്തുന്നത്. ഈ നിലയിൽ മുന്നോട്ട് പോയാൽ സ്വർണം ഉടൻ തന്നെ ഔണ്‍സിന് 5000 ഡോളർ കടക്കുമെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications