സ്വര്‍ണം ദുബായ് മോഡലിലേക്ക് മാറുന്നു; സ്വര്‍ണവില കൂടാന്‍ സാധ്യത, ആശങ്കയോടെ വ്യാപാരികള്‍
കൊച്ചി: ജിഎസ്ടി സ്ലാബില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സൂചിപ്പിക്കുകയും ചെയ്തു. നിലവിലുള്ള നാല് സ്ലാബുകള്‍ക്ക് പകരം രണ്ട് സ്ലാബുകള്‍ മാത്രമാക്കി ചുരുക്കുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ പല വസ്തുക്കള്‍ക്കും വില കുറയും. എന്നാല്‍ ചില വസ്തുക്കള്‍ക്ക് വില കൂടുകയും ചെയ്യും.
ഇക്കൂട്ടത്തില്‍ സ്വര്‍ണം ഉള്‍പ്പെടുമോ എന്ന ആശങ്കയാണ് ജ്വല്ലറി വ്യാപാരികള്‍ പങ്കുവയ്ക്കുന്നത്. ഉയര്‍ന്ന ജിഎസ്ടി നിരക്കിലേക്ക് സ്വര്‍ണം എത്തിയാല്‍ വില കൂടുമെന്ന് ഉറപ്പാണ്. ദുബായ് മോഡലില്‍ സ്വര്‍ണവില്‍പ്പനയിലെ നികുതിയില്‍ മാറ്റം വരാനാണ് സാധ്യത എന്ന് സ്വര്‍ണക്കച്ചവടക്കാര്‍ സംശയിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ സ്വര്‍ണവിലയില്‍ എന്തു മാറ്റമാണ് വരിക എന്ന് പറയാം...

നിലവില്‍ 5, 12, 18, 28 എന്നീ സ്ലാബുകളാണ് ജിഎസ്ടിയില്‍ ഉള്ളത്. ഇതില്‍ 12, 28 സ്ലാബുകള്‍ എടുത്തു മാറ്റിയേക്കുമെന്നാണ് വിവരം. ഈ സ്ലാബിന്റെ പരിധിയില്‍ വരുന്ന വസ്തുക്കള്‍ 5, 18 സ്ലാബുകളിലേക്ക് മാറും. 28 ശതമാനം നികുതി ചുമത്തിയിരുന്ന വസ്തുക്കള്‍ 18ലേക്ക് ചുരുങ്ങുമ്പോള്‍ സ്വാഭാവികമായും വില കുറയും. 10 ലക്ഷത്തില്‍ താഴെയുള്ള കാറുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ കുറവുണ്ടാകുമെന്ന സന്തോഷ വാര്‍ത്തയും വന്നിട്ടുണ്ട്.
എന്നാല്‍ സ്വര്‍ണം ഏത് ഗണത്തിലാണ് ഉള്‍പ്പെടുക എന്നാണ് അറിയേണ്ടത്. കാരണം, നിലവില്‍ സ്വര്‍ണത്തിന് മൂന്ന് ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്. ഇത് അഞ്ച് ശതമാനം എന്ന സ്ലാബിലേക്ക് ഉള്‍പ്പെടുത്തിയാല്‍ സ്വര്‍ണത്തിന്റെ നികുതി ഉയരും. സ്വാഭാവികമായും വിലയും വര്‍ധിക്കും. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതിയില്‍ കുറവ് വരുത്തിയപ്പോള്‍ ലഭിച്ച നേട്ടം ഇതോടെ ഇല്ലാതാകും.
ദുബായ് മോഡല്‍ നികുതി വരുമോ?
നേരത്തെ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 15 ശതമാനം ആയിരുന്നു. ഇത് ആറ് ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. ഇന്ത്യയും യുഎഇയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുണ്ട്. ഇതുപ്രകാരം യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യുമ്പോള്‍ ഒരു ശതമാനം ഇളവുണ്ട്. എന്നാല്‍ ഇവിടെ ജിഎസ്ടി ഉയര്‍ത്തിയാല്‍ ഉപഭോക്താവ് ഉയര്‍ന്ന വില കൊടുക്കേണ്ടി വരും. ഇത് സ്വര്‍ണവ്യാപാര മേഖലയെ ബാധിക്കുകയും ചെയ്യും.
ദുബായില്‍ സ്വര്‍ണത്തിന് ഇറക്കുമതി നികുതിയില്ല. എന്നാല്‍ ആഭരണങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതിയുണ്ട്. ഈ നികുതി ഘടന ഇന്ത്യയിലും നടപ്പാക്കാനാണ് ശ്രമം എന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു. നിലവില്‍ ഇന്ത്യയില്‍ സ്വര്‍ണത്തിന് പ്രത്യേക ജിഎസ്ടിയാണ്. മൂന്ന് ശതമാനം എന്ന കണക്കാണ് ഈടാക്കുന്നത്. സാധാരണ മറ്റു സ്ലാബുകളുടെ പരിധിയില്‍ പെടാത്ത നിരക്കാണിത്.
ജിഎസ്ടി നിലവില്‍ വരുമ്പോള്‍ സ്വര്‍ണം പവന്‍ വില 20000 രൂപയായിരുന്നു. അതായത്, അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയായിരുന്നു ജിഎസ്ടി. ഇന്ന് പവന്‍ വില 75000 വരെ എത്തിയിരിക്കുന്നു. ഇതോടെ 2300 രൂപ വരെ ജിഎസ്ടി വരുന്നു. ഇനി അഞ്ച് ശതമാനത്തിലേക്ക് നികുതി ഉയര്‍ത്തിയാല്‍ പവന് 3750 രൂപ വരെ അധികമായി നല്‍കേണ്ടി വരും. ഇത് ഉപഭോക്താക്കളെ ആഭരണം വാങ്ങുന്നതില്‍ നിന്ന് പിന്നോട്ടടിക്കും. വ്യാപാര മേഖല പ്രതിസന്ധിയില്‍ ആകുകയും ചെയ്യും. 3ല്‍ നിന്ന് 1 ശതമാനമാക്കി സ്വര്‍ണത്തിന്റെ ജിഎസ്ടി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് ജ്വല്ലറി വ്യാപാരികള്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications