ബജറ്റില്‍ സ്വര്‍ണം ലക്ഷ്യമിട്ടേക്കും; പണം കണ്ടെത്താന്‍ വിഡി സതീശന്റെ തുറുപ്പുചീട്ട്, വരുമാനം ഇങ്ങനെ
വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ ബജറ്റ് ജൂണ്‍ അഞ്ചിന് അവതരിപ്പിച്ചേക്കും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തിരഞ്ഞെടുപ്പും കഴിഞ്ഞാല്‍ ഗവര്‍ണറുടെ നയപ്രഖ്യാപനമുണ്ടാകും. ധനവകുപ്പ് മുഖ്യമന്ത്രി വിഡി സതീശന്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം നേരത്തെ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.
ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ച് കൈയ്യടി നേടാനുള്ള പ്രഖ്യാപനം ബജറ്റില്‍ പ്രതീക്ഷിക്കുന്നു. എണ്ണ വിലയിലെ സംസ്ഥാനത്തിന്റെ നികുതിയില്‍ ഇളവ് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം പരിഗണിക്കുമ്പോള്‍ സാധ്യത കുറവാണ്. എന്നാല്‍ ജിഎസ്ടി പിരിവ് കാര്യക്ഷമമാക്കാനാണ് സാധ്യത കൂടുതല്‍.

സംസ്ഥാനത്ത് ജിഎസ്ടി പിരിവ് മതിയായ രീതിയില്‍ നടക്കുന്നില്ല എന്ന വിമര്‍ശനം വിഡി സതീശന്‍ നേരത്തെ ഉന്നയിച്ചിരുന്നു. ജിഎസ്ടി പിരിവ് കാര്യക്ഷമമാക്കിയാല്‍ വരുമാനം ഉണ്ടാക്കാമെന്നാണ് പ്രതീക്ഷ. സ്വര്‍ണം വില്‍ക്കുമ്പോള്‍ ലഭിക്കേണ്ട ജിഎസ്ടി പൂര്‍ണമായി കിട്ടുന്നില്ല എന്ന ആക്ഷേപവും യുഡിഎഫ് നേതൃത്വത്തിനുണ്ട്. ഇത് പിരിച്ചെടുക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.
കേരളത്തിലെ സ്വര്‍ണ വില്‍പ്പന
ഒരു ലക്ഷം കോടി രൂപയുടെ സ്വര്‍ണവില്‍പ്പന കേരളത്തില്‍ നടക്കുന്നുണ്ട് എന്ന് മുന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് ശതമാനമാണ് സ്വര്‍ണത്തിന്റെ ജിഎസ്ടി. അതായത്, 3000 കോടി രൂപയുടെ വരുമാനം ജിഎസ്ടി ഇനത്തില്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ 750 കോടിയില്‍ താഴെ പിരിച്ചെടുക്കാനേ സാധിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ ജിഎസ്ടി പിരിവ് കൃത്യമാക്കിയാല്‍ വരുമാനം കൂടും.
പ്രമുഖ ജ്വല്ലറികളില്‍ എല്ലാ സ്വര്‍ണ ഇടപാടിനും ബില്ല് നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായി ജിഎസ്ടി കാണിക്കുകയും ചെയ്യും. എന്നാല്‍ ചെറുകിട ജ്വല്ലറികളില്‍ വെള്ളക്കടലാസില്‍ വിലയും പണിക്കൂലിയും എഴുതി മൊത്തം തുക കാണിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ജിഎസ്ടി പിരിവ് കൃത്യമായി നടക്കുന്നില്ല. പ്രമുഖ ജ്വല്ലറികളില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാന്‍ ചെറുകിട ജ്വല്ലറികള്‍ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യും.
ജ്വല്ലറി വ്യാപാരികള്‍ പ്രതിസന്ധിയിലാകുമോ?
ജിഎസ്ടി പിരിവ് കൃത്യമാക്കിയാല്‍ ചെറുകിട ജ്വല്ലറികളും ഔദ്യോഗികമായ ബില്ല് നല്‍കേണ്ടി വരും. ഇതോടെ ജിഎസ്ടി പിരിവ് കൃത്യമാകുകയും വരുമാനം ഉയരുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. എന്നാല്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറി വ്യാപാരികളെ നികുതി പിരിവിന്റെ മറവില്‍ ഉപദ്രവിക്കരുത് എന്ന് സ്വര്‍ണ കച്ചവടക്കാരുടെ സംഘടന അഭ്യര്‍ഥിക്കുന്നു.
സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ആറില്‍ നിന്ന് 15 ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ഉയര്‍ത്തിയിരുന്നു. ഇത് സ്വര്‍ണ കള്ളക്കടത്ത് വ്യാപിക്കാന്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കള്ളക്കടത്ത് തടയാനുള്ള നടപടികളും സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടേക്കും. ജിഎസ്ടി പിരിവ് കാര്യക്ഷമമാക്കുന്നതോടെ ആഭരണങ്ങള്‍ക്ക് വില കൂടാനുള്ള സാധ്യതയുണ്ട്. ചെറുകിട കച്ചവടക്കാന്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും. ഇതിനുള്ള ബദല്‍ നിര്‍ദേശവും ബജറ്റില്‍ പ്രതീക്ഷിക്കാം.















Click it and Unblock the Notifications