സ്വര്‍ണവില ഇനിയും പറക്കുമോ? ഹാള്‍മാര്‍ക്കിങ് ചാര്‍ജ് വര്‍ധിപ്പിച്ചു, പിന്‍വലിക്കണം എന്ന് വ്യാപാരികള്‍
സ്വര്‍ണാഭരണങ്ങളില്‍ പതിപ്പിക്കുന്ന എച്ച്‌യുഐഡി മുദ്രയ്ക്കുള്ള നിരക്ക് വര്‍ധിപ്പിച്ചു. ഇതുവരെ നിരക്ക് 45 രൂപയായിരുന്നു. പുതുക്കിയ നിരക്ക് 75 രൂപയാണ്. സ്വര്‍ണത്തിന് ഓരോ ദിവസവും ആശങ്കപ്പെടുത്തുന്ന വില മാറ്റം സംഭവിക്കുന്നതിനിടെയാണ് ഹാള്‍മാര്‍ക്കിങ് ചാര്‍ജിലെ വര്‍ധനവ്. ഇത് പിന്‍വലിക്കണം എന്ന് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു.
ഓരോ സ്വര്‍ണാഭരണത്തിനും ഹാള്‍മാര്‍ക്കിങ് ചെയ്യേണ്ടതുണ്ട്. എല്ലാത്തിനും ചാര്‍ജ് ഈടാക്കുകയും ചെയ്യുന്നു. ഹാള്‍മാര്‍ക്കിങിന് വേണ്ടി പ്രത്യേക കേന്ദ്രങ്ങളില്‍ ആഭരണം എത്തിക്കണം. മുദ്ര പതിപ്പിക്കുന്നതിന് ഫീസ് നല്‍കുകയും വേണം. വലിയ തോതില്‍ മുദ്ര പതിപ്പിക്കുന്ന വ്യാപാരികള്‍ക്ക് ഈ നിരക്ക് വര്‍ധന ബാധ്യതയാകും. ഇതിന്റെ ആത്യന്തികമായ ഇര ഉപഭോക്താക്കളായി മാറും.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹാള്‍മാര്‍ക്കിങ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. സ്വര്‍ണത്തിന്റെ അളവ്, ഇടപാട് എന്നിവ സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുന്നതിനാണിത്. സ്വര്‍ണത്തിന്റെ പരിശുദ്ധി, തൂക്കം, സ്ഥാപനം തുടങ്ങിയ കാര്യങ്ങളെല്ലാം ഉള്‍പ്പെടുന്നതാണ് ഹാള്‍മാര്‍ക്കിങ്. സ്വര്‍ണാഭരണത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നത് കൂടിയാണിത്. ഹാള്‍മാര്‍ക്കിങ് ചെയ്യാത്ത ആഭരണങ്ങള്‍ വില്‍ക്കാന്‍ പാടില്ല എന്നാണ് ചട്ടം. എല്ലാ കാരറ്റിലും ഹാള്‍മാര്‍ക്കിങ് വേണം.
ഹാള്‍മാര്‍ക്കിങ് പരിശോധിച്ചാല്‍ ഏത് ജ്വല്ലറിയുടെ ആഭരണമാണ്, കാരറ്റ്, തൂക്കം എന്നിവയെല്ലാം അറിയാന്‍ സാധിക്കും. ഉപഭോക്താവിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് ഹാള്‍മാര്‍ക്കിങ്. രാജ്യത്ത് ആദ്യമായി ഇത് സമ്പൂര്‍ണമായി നടപ്പാക്കിയത് കേരളത്തിലാണ്. സുതാര്യമായ ഇടപാടിന് വഴിയൊരുക്കുന്ന ഹാള്‍മാര്‍ക്കിങ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ വ്യാപാരികള്‍ പ്രതിസന്ധിയിലാകുമെന്നതാണ് എടുത്തു പറയേണ്ടത്. അധിക ചെലവ് ഒടുവില്‍ ഉപഭോക്താവിന് മേല്‍ എത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
ഹാള്‍മാര്‍ക്കിങ് സംവിധാനം കാര്യക്ഷമമാക്കുന്നതിനെ കെജിഎസ്എംഎ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ നിരക്ക് ഉയര്‍ത്തുന്നത് അവര്‍ അംഗീകരിക്കുന്നില്ല. വ്യാപാരികള്‍ക്ക് ആശ്വാസകരമാകുന്ന നടപടികള്‍ വേണമെന്നാണ് അവരുടെ ആവശ്യം. ലക്ഷക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന മേഖലയ്ക്ക് അനുകൂലമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഹാള്‍മാര്‍ക്കിങ് ചാര്‍ജ് 45 രൂപയിലേക്ക് തിരികെ കൊണ്ടുവരണമെന്നും കെജിഎസ്എംഎ ആവശ്യപ്പെട്ടു.





Click it and Unblock the Notifications
