പഴയ സ്വർണം വില്‍ക്കാനും ഇനി ഹാള്‍മാർക്കിങ്?: നിയമം മാറിയോ, ബിഐഎസ് പുതുതായി പറയുന്നത് ഇങ്ങനെ
ദില്ലി: ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് വില്‍ക്കപ്പെടുന്ന രണ്ട് ഗ്രാമിന് മുകളിലുള്ള ഏത് സ്വർണത്തിലും എച്ച് യു ഐ ഡി (ഹാൾമാർക് യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ) കർശനമായി നടപ്പിലാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കേരളത്തില്‍ ജ്വല്ലറി ഉടമകളുടെ ഹർജിയില്‍ നിയമം നടപ്പിലാക്കുന്നതിന് മൂന്ന് മാസത്തെ സമയം കൂടി ഹൈക്കോടതി അനുവദിച്ചിട്ടുമുണ്ട്.
രാജ്യത്ത് വില്‍ക്കപ്പെടുന്ന ഒരോ സ്വർണ ആഭരണത്തിനും കൃത്യമായ കണക്ക് ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പുതിയ മുദ്ര പതിപ്പിക്കല്‍ നടപ്പിലാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ രാജ്യത്തെ വിപണിയിലേക്ക് ഇറങ്ങുന്ന സ്വർണത്തിന്റെ മൂല്യവും പരിശുദ്ധിയും എച്ച് യു ഐ ഡി നമ്പറിലൂടെ ഉറപ്പിക്കാനും സാധിക്കും.

ആഭരണങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഹാള്‍മാർക്ക് നമ്പർ ബി ഐ എസ് കെയർ ആപ്പിൽ അടിച്ചു കൊടുക്കുന്നതോടെ ആ ആഭരണം സംബന്ധിച്ച എല്ലാ വിവരവും ലഭിക്കും. സ്വർണം വാങ്ങിക്കുന്നയാളെ സംബന്ധിച്ച് ഇത് ഏറെ ഗുണകരമായി മാറും. ജ്വല്ലറി ഉടമകള്‍ക്ക് യാതൊരു തരത്തിലും ഉപയോക്താവിനെ കബളിപ്പിക്കാനും പുതിയ സാഹചര്യത്തില്‍ സാധിക്കുകയില്ല.
രണ്ടായിരത്തിലായിരുന്നു സ്വർണത്തിന് സർക്കാർ ആദ്യമായി ഹാള്‍മാർക്കിങ് നടപ്പിലാക്കുന്നത്. ആഭരണത്തിന്റെ പരിശുദ്ധി, ജ്വല്ലറി കോഡ്, ഹാൾമാർക്കിങ് കേന്ദ്രത്തിന്റെ കോഡ് എന്നിവ അടങ്ങിയ 4 അക്ക നമ്പർ മാത്രമായിരുന്നു അന്ന് സ്വർണത്തില്‍ രേഖപ്പെടുത്തിയിരുന്നത്. സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാം എന്നത് മാത്രമായിരുന്നു ഇതുകൊണ്ടുള്ള പ്രധാന ഗുണം.
രണ്ട് പതിറ്റാണ്ടിന് ശേഷം 2021 ജുലൈ ഒന്നിനാണ് സർക്കാർ ആറക്ക നമ്പർ ഉൾപ്പെടുന്ന ഹാൾമാർക്കിങ് രീതി നടപ്പിലാക്കുന്നത്. ഇതോടൊപ്പം തന്നെ പഴയ നാല് അക്ക മുദ്ര പതിപ്പിച്ച ആഭരണങ്ങളുടെ വില്‍പ്പനയും തുടർന്ന് വന്നിരുന്നു. എന്നാൽ ഏപ്രിൽ ഒന്നു മുതൽ 6 അക്ക പുതിയ മുദ്ര പതിപ്പിച്ച ആഭരണങ്ങൾ മാത്രമാണ് ജ്വല്ലറികളിൽ വിൽക്കാൻ കഴിയുകയെന്ന നിയമം കേന്ദ്രം ശക്തമായി നടപ്പിലാക്കി.

ബിഐഎസ് മുദ്ര, സ്വർണത്തിന്റെ പരിശുദ്ധി (22K916), ആൽഫാന്യൂമറിക് നമ്പർ എന്ന രീതിയിലാണ് എച്ച് യു ഐ ഡി നമ്പർ രേഖപ്പെടുത്തുന്നത്. ഓരോ ആഭരണത്തിനും വ്യത്യസ്ത ആൽഫാന്യൂമറിക് നമ്പറായിരിക്കും ഉണ്ടാവുക. സ്വർണം നിർമിച്ചത് എവിടെ, ഏതുതരം ഉൽപന്നം, ഹാൾമാർക്കിങ് കേന്ദ്രം തുടങ്ങിയ വിവരങ്ങളെല്ലാം ഈ ആൽഫാന്യൂമറിക് നമ്പറില്‍ അടങ്ങിയിട്ടുണ്ടാവും.
അതേസമയം തന്നെ, പുതിയ നിയമം സർക്കാർ നടപ്പിലാക്കിയതോടെ പലവിധത്തിലുള്ള സംശയങ്ങളും ആളുകള്‍ക്കിടയില്‍ സജീവമാണ്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് പഴയം സ്വർണം വില്‍ക്കാനും എച്ച് യു ഐ ഡി വേണമോയെന്നുള്ളത്. വ്യാപാരികള്‍ക്ക് മാത്രമാണ് ഈ നിയമം ബാധകം. സ്വർണം ഉപയോഗിക്കുന്ന സാധാരണക്കാരെ സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്ന് ചുരുക്കം.
ഉദാഹരണത്തിന് നിങ്ങളുടെ കയ്യില്‍ പഴയൊരു സ്വർണ ആഭരണം ഉണ്ടെങ്കില്‍ അത് വിറ്റു പണമാക്കി മാറ്റുന്നതിനോ പുതിയ ആഭരണമായി മാറ്റിയെടുക്കുന്നതിനോ ഗുണമേൻമാ മുദ്ര വേണമെന്ന് നിർബന്ധമില്ല. ഇക്കാര്യം തുടക്കത്തില്‍ തന്നെ ബിഐഎസ് അറിയിച്ചിരുന്നെങ്കിലും ഉപയോക്താക്കൾ തങ്ങളുടെ പക്കലുള്ള സ്വർണം വിൽക്കുമ്പോഴും എച്ച്‌യുഐഡി നിർബന്ധമാക്കിയെന്ന തരത്തിലുള്ള പ്രചരണം അടുത്തിടെ ശക്തമായിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ വീണ്ടും വ്യക്തത വരുത്തി ബി ഐ എസ് അധികൃതർ മുന്നോട്ട് വന്നിരിക്കുന്നത്.
ഹാൾമാർക്ക് ഇല്ലാത്ത ആഭരണങ്ങൾ ജ്വല്ലറികളിൽ വിൽക്കുന്നതിനു മുൻപ് ഉപയോക്താക്കൾ ഗുണമേൻമാ മുദ്ര പതിപ്പിച്ചിരിക്കണമെന്നതായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ അടക്കം പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത് തികച്ചും തെറ്റായ പ്രചരണമെന്നാണ് ബി ഐ എസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ഉപയോക്താക്കൾക്ക് ഏതു കാരറ്റിലുള്ള, എത്ര പഴയ സ്വർണവും ജ്വല്ലറികളിൽ വിൽക്കാന്‍ സാധിക്കും. ഇത് ഏതെങ്കിലൂം തരത്തിലുള്ള വിലക്കുറവിന് ഇടയാക്കുകയുമില്ല. കാരറ്റിനും തൂക്കത്തിനും അനുസരിച്ചുള്ള മൂല്യം ഉപയോക്താക്കൾക്ക് ലഭിക്കുമെന്നും ബി ഐ എസ് അറിയിച്ചു.












Click it and Unblock the Notifications