ചെറിയ ജ്വല്ലറികളുടെ അന്തകനാവുമോ ഹാള്‍മാർക്കിങ്: വന്‍ ചിലവ്, അതും സ്വർണം വാങ്ങിക്കുന്നവർ നല്‍കേണ്ടി വരുമോ?
കൊച്ചി: സ്വർണാഭരണങ്ങളിൽ പുതിയ ഹാർമാർക്ക് പതിപ്പിക്കാനുള്ള സമയം മൂന്ന് മാസത്തേക്ക് കൂടി ജ്വല്ലറികൾക്ക് നീട്ടി അനുവദിച്ചിരിക്കുകയാണ് ഹൈക്കോടതി. പുതിയ എച്ച് യു ഐ ഡി നമ്പറില്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കാൻ അനുവദിക്കില്ലെന്ന കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ ഗോൾഡ് ആന്റ് മർച്ചന്റസ് അസോസിയേഷൻ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി തീരുമാനം.
വിധി സാവകാശം നൽകുന്നുണ്ടെങ്കിലും ചെറിയ ജ്വല്ലറികളെ സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം വലിയ ആശങ്കയാണ് തീർക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. പുതിയ ഉത്തരവ് നടപ്പാക്കുന്നത് ചെലവേറിയതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എച്ച് യു ഐ ഡി നമ്പറില്ലാത്ത സ്വർണാഭരണങ്ങൾ ഏപ്രിൽ ഒന്ന് മുതൽ വിൽക്കാൻ അനുവദിക്കില്ലെന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം വ്യക്തമാക്കിയത്. രണ്ട് വർഷം മുൻപ് തന്നെ തീരുമാനം നിർബന്ധമാക്കിയിരുന്നുവെങ്കിൽ ജ്വല്ലറികൾ ഇത് സംബന്ധിച്ച് സമയം തേടുകയായിരുന്നു.

ഹാൾമാർക്കിംഗ് ചെയ്ത വർഷം, ഹാൾമാർക്കിംഗ് സെന്റർ മാർക്ക്, ജ്വല്ലറികളുടെ ഐഡന്റിഫിക്കേഷൻ മാർക്ക്, ബിഐഎസ് ലോഗോ, ഗുണമേൻമ, സ്വർണത്തിന്റെ പരിശുദ്ധി എന്നിവ വ്യക്തമാക്കുന്നതായിരുന്നു പഴയ ഹാൾമാർക്കിംഗ്. അതേസമയം പുതിയ ഹാൾമാർക്ക് ബി ഐ എസ് ലോഗോയും പരിശുദ്ധിയും ഗുണമേൻമയും കൂടാതെ ആറ് അക്ക എച്ച് യു ഐ ഡി
ആൽഫ ന്യൂമറിക്കൽ കോഡും ഉൾപ്പെടുന്നതാണ്.
തങ്ങളുടെ കൈയ്യിലുള്ള മുഴുവൻ സ്വർണാഭരണങ്ങളിലും ഹോൾമാർക്ക് പതിപ്പിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഹാൾമാർക്കിംഗിനായി വർഷങ്ങൾ അനുവദിച്ചിട്ട് പോലും
മൊത്തം വ്യവസായത്തിന്റെ 90 ശതമാനത്തിലധികം വരുന്ന പല ചെറുകിട ജ്വല്ലറികൾക്കും ഇതുവരെ അത് പൂർത്തിയാക്കാനായിട്ടില്ല. മാത്രമല്ല സാമ്പത്തിക നഷ്ടം വേറെയും, വ്യാപാരികൾ പറഞ്ഞു.
'ഉപഭോക്താവിനെ സംബന്ധിച്ച് പുതിയ തീരുമാനം വളരെ ഉപകാരപ്രദമായിരിക്കും. എന്നിരുന്നാലും പഴയ ഹാൾമാർക്കിംഗ് നിലനിർത്തി കൊണ്ട് തന്നെ പുതിയ ആഭരണങ്ങൾക്ക് പുതിയ ഹാൾമാർക്കിംഗ് പതിപ്പിക്കുന്നതിന് ജ്വല്ലറികളെ അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകമമെന്നതാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ നഷ്ടം നികത്താൻ തീരുമാനം സഹായിച്ചേക്കും', ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു.

ചെറുകിട ജ്വല്ലറികളെ സംബന്ധിച്ച് പഴയ ഹാൾമാർക്കിംഗ് നമ്പറിന് പകരം ആറക്ക എച്ച് യി ഐ ഡി നമ്പർ പതിപ്പിക്കുമ്പോൾ ഓരോ ആഭരണത്തിനും രണ്ട് മുതൽ അഞ്ച് മില്ലി ഗ്രാം സ്വർണം വരെ നഷ്ടമുണ്ടാകുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഓരോ ആഭരണത്തിലെ ഹാർമാർക്കിംഗിനും അധികമായി 45 രൂപയും ജ്വല്ലറികൾക്ക് ചെലവാകുന്നുണ്ട്.
കൊവിഡ് പ്രതിസന്ധിയിൽ നിന്നും സ്വർണ വ്യാപാരം കരകയറുന്നതിനിടയിൽ സ്വർണ വിലയിൽ ഉണ്ടായ വലിയ വർധനവ് കച്ചവടത്തെ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. അതിനിടയിലാണ് ഇപ്പോൾ പ്രതിസന്ധി ഇരട്ടിയാക്കി ഹാൾമാർക്കിംഗ് കേന്ദ്രസർക്കാർ നിർബന്ധമാക്കിയത്', വ്യാപാരികൾ പരാതിപ്പെട്ടു.ഉപഭോക്താക്കൾ കൂടുതലും തങ്ങളുടെ പഴയ സ്വർണം മാറ്റി പുതിയവ വാങ്ങുന്നതാണ് വിപണിയിലെ ഇപ്പോഴത്തെ ട്രെന്റെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

പുതിയ ഹാൾമാർക്കിംഗ് വന്നതോടെ ഉപഭോക്താക്കൾ പലരും പുതിയ മുദ്ര പതിപ്പിച്ച സ്വർണാഭരണങ്ങൾ ചോദിച്ചെത്തുന്ന സാഹചര്യവും ഉണ്ട്. ഇത് പഴയ മുദ്ര പതിപ്പിച്ച സ്വർണാഭരണങ്ങൾ വിൽക്കുന്നതിന് തടസം തീർക്കുന്നുണ്ടെന്നും വ്യാപാരികൾ പറഞ്ഞു. നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വാണിജ്യ മന്ത്രാലയത്തിന്നിവേദനം കൈമാറിയിട്ടുണ്ടെന്ന് ആൾ ഇന്ത്യ ജെ ആന്റ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ഉടമ ബി ഗോവിന്ദൻ അറിയിച്ചു.
'ചില പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. , ഉദാഹരണത്തിന്, ഒരു നെക്ലൈസിൽ ഉപയോഗിച്ച ചെയിനോ അല്ലെങ്കിൽ അതിന്റെ ലോക്കറ്റോ മാറ്റിഉപഭോക്താവിന്റെ ഇഷ്ടപ്രകാരം മറ്റൊന്നിനായി ഉപയോഗിക്കാൻ കഴിയില്ല, കാരണം ആഭരണം മുഴുവൻ ഒറ്റ നമ്പർ മാത്രമായിരിക്കും,' ബി ഗോവിന്ദൻ പറഞ്ഞു. അതേസമയം പുതിയ തീരുമാനം പരിശുദ്ധിയുള്ള സ്വർണം ഉറപ്പാക്കാൻ സഹായിക്കുമെന്ന കാര്യത്തിൽ വ്യാപാരികൾക്ക് ആർക്കും എതിരഭിപ്രായമില്ല.












Click it and Unblock the Notifications