സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?
തിരുവനന്തപുരം: സ്വര്‍ണവില ഒരു ദിവസം ഒന്നില്‍ക്കൂടുതല്‍ തവണ മാറി മറിയുന്ന പ്രതിഭാസം ഇന്നും തുടരുന്നു. ഇന്ന് രണ്ടാം തവണയാണ് സ്വര്‍ണവിലയില്‍ മാറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ സ്വര്‍ണവില കുറഞ്ഞതിന്റെ ആശ്വാസമായിരുന്നു ഉപഭോക്താക്കള്‍ക്കെങ്കില്‍ ഉച്ചയ്ക്ക് ശേഷം വില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.
സ്വര്‍ണവിപണിയെ അമ്പരപ്പിച്ച് കൊണ്ട് ഇന്നലെ മാത്രം നാല് തവണയാണ് വിലയില്‍ മാറ്റമുണ്ടായത്. ഇന്ന് രാവിലെ പവന് വലിയ വിലയിടിവുണ്ടായി. 2160 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ പവന് 102920 രൂപയായിരുന്നു. എന്നാല്‍ ആഗോളതലത്തില്‍ എണ്ണ വില ഉയര്‍ന്നതോടെ സ്വര്‍ണവും വീഴ്ചയില്‍ നിന്ന് കര കയറുന്ന കാഴ്ചയാണ് കാണുന്നത്.
ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില പവന് 1880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 235 രൂപയും വര്‍ധിച്ചു. ഇതോടെ നിലവില്‍ വിപണിയില്‍ കച്ചവടം നടക്കുന്നത് പവന് 104800 രൂപയ്ക്കും ഗ്രാമിന് 13100 രൂപയ്ക്കുമാണ്. ഇറാന്‍-ഇസ്രായേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് തന്നെയാണ് വിപണയിലെ ഈ ചാഞ്ചാട്ടം തുടരുന്നത്.

സംഘര്‍ഷത്തിന് വിരാമമിടാന്‍ ഇറാനുമായി ചര്‍ച്ച നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എണ്ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. 15 ശതമാനമാണ് വില ഇടിഞ്ഞത്. ഇതോടെയാണ് സ്വര്‍ണവും തുടര്‍ച്ചയായ തകര്‍ച്ചയില്‍ നിന്നും തിരിച്ച് കയറുന്ന ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്.
ഇന്നലെ ഒരു ദിവസം മാത്രം സ്വര്‍ണവിലയില്‍ ഏഴായിരത്തില്‍ അധികം രൂപയുടെ കുറവാണ് സംഭവിച്ചത്. ഡിസംബറില്‍ ഒരു ലക്ഷം കടന്ന പവന്‍ വില ഇന്നലെ ആദ്യമായി അതിന് താഴേക്ക് പോയി. രാവിലെ രണ്ട് തവണ വില കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് ശേഷം രണ്ട് തവണയായി വില വീണ്ടും ഉയരുകയും ചെയ്തു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് 102680 രൂപയ്ക്കായിരുന്നു കച്ചവടം എങ്കില്‍ ഉച്ചയ്ക്ക് വില 99480ലേക്ക് കുറഞ്ഞു.
ഉച്ചയ്ക്ക് ശേഷം വില ഉയര്‍ന്നതോടെ വീണ്ടും പവന്‍ വില ലക്ഷം തൊട്ടു. ഉച്ചയ്ക്ക് ശേഷം 101080 രൂപയിലേക്കാണ് വില ഉയര്‍ന്നത്. വൈകിട്ട് ആകുമ്പോഴേക്കും വീണ്ടും വില മുകളിലേക്ക് കുതിച്ചു. ഇതോടെ പവന്‍ വില 105080 രൂപയിലേക്ക് ആണ് ഉയര്‍ന്നത്. രാവിലെ രണ്ട് തവണയായി 7500 രൂപ പവന് കുറഞ്ഞപ്പോള്‍ ഉച്ചയ്ക്ക് 5600 രൂപയാണ് വര്‍ധിച്ചത്. ഈ മാസം ഇതുവരെ 27000 രൂപയാണ് സ്വര്‍ണവിലയില്‍ ആകെ കുറവ് ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications