സ്വർണം മലയാളികൾ ഇനിയെങ്കിലും ഇങ്ങനെ വാങ്ങൂ, മികച്ച ലാഭം കൊയ്യാം..മേരി ജോർജ് പറയുന്നു
സ്വർണം വാങ്ങുന്ന രീതികളിൽ ഇനിയെങ്കിലും മലയാളികൾ മാറ്റം വരുത്തണമെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. വെറുതെ പൊങ്ങച്ചം കാണിക്കാൻ ഉപയോഗിക്കേണ്ട ലോഹമല്ല സ്വർണം. അതൊരു മികച്ച നിക്ഷേപമാർഗമാണ്. ശരിയായ രീതിയിൽ വാങ്ങിയാൽ ഭാവിയിൽ സ്വർണം മികച്ച ലാഭം നൽകുമെന്നും അവർ പറഞ്ഞു. വണ്‍ ഇന്ത്യ മലയാളത്തോടാണ് പ്രതികരണം. മേരി ജോർജിൻ്റെ വാക്കുകളിലേക്ക്
'സ്വർണവില ആരെയും അമ്പരപ്പിച്ചുകൊണ്ട് കയറ്റിറക്കങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുകയാണ്. യുക്രൈൻ റഷ്യ യുദ്ധം വന്നതിനു ശേഷമാണ് സ്വർണത്തിന്റെ വില കൂടി തുടങ്ങിയത്. അതുവരെ 40,000 രൂപയ്ക്ക് പരിസരത്തായിരുന്നു വില. ഫെബ്രുവരിയിൽ യുഎസ് ഇറാൻ യുദ്ധം തുടങ്ങിയതോടെയാണ് സ്വർണത്തിന്റെ വില ഒരു ലക്ഷത്തിന്റെ മുകളിലേക്ക് കുതിക്കുകയും റെക്കോഡ് ഉയരങ്ങൾ കീഴടക്കുകയും ചെയ്തത്. 1.50 ലക്ഷം വരെ പവൻ വില പോകും എന്നാണ് അന്ന് നിരീക്ഷകർ സ്വർണത്തെ പറ്റി പ്രവചിച്ചത്.

എന്നാൽ അതത്ര എളുപ്പമായേക്കില്ലെന്നാണ് ഞാൻ വിലയിരുത്തിയത്. ഡോളർ മൂല്യം ഉയർത്തുമെന്ന് പ്രഖ്യാപിച്ചാണ് ട്രംപ് ഭരണത്തിൽ ഏറിയത്. അതിനാണ് അദ്ദേഹം ശ്രമിച്ചത്. ഡോളർ മൂല്യം കൂടുമ്പോൾ നിക്ഷേപങ്ങളെല്ലാം ഡോളറിലേക്ക് പോകും. അങ്ങനെയുള്ള ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ട്രംപിൻ്റെ ആഗ്രഹം. ഇറാൻ-യുഎസ് സംഘർഷത്തോടെയാണ് സ്വർണ വില വീണ്ടും കുതിച്ചു തുടങ്ങിയത്. ഓഹരി വിപണികളെല്ലാം ഈ സയത്ത് തകർന്നടിഞ്ഞു. വിപണികളിൽ നിന്ന് തിരിച്ചെടുക്കുന്ന പണം നിക്ഷേപകർ സ്വർണത്തിൽ നിക്ഷേപിക്കാൻ തുടങ്ങി. ഇത് സ്വർണ വിലയെ മുകളിലേക്ക് നയിച്ചു.
വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നത് ഇന്ത്യയിൽ വിൽക്കപ്പെടുന്ന സ്വർണത്തിന്റെ 20 ശതമാനം വിൽക്കപ്പെടുന്നത് കേരളത്തിൽ ആണെന്നാണ് .അതിന്റെ തെളിവാണല്ലോ ഈ കഴിഞ്ഞ അക്ഷയ തൃതീയ ദിനം 1220 കോടി രൂപയുടെ സ്വർണം ഒറ്റദിവസം കൊണ്ട് കേരളത്തിൽ വിറ്റഴിഞ്ഞത്. കാരണം ഈ തെറ്റിദ്ധാരണയൊക്കെ മനുഷ്യരുടെ മനസ്സിൽ കുത്തി വെച്ചിരിക്കുകയാണ്. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം മേടിച്ചാൽ ധനലക്ഷ്മി നമ്മളുടെ കുടുംബത്തേക്ക് വരും, പിന്നെ നമുക്ക് ബുദ്ധിമുട്ടട് ഉണ്ടാവുകയില്ല എന്ന ഒരു ധാരണ ക്രിയേറ്റ് ചെയ്തു വെച്ചിട്ടുണ്ട്. അന്ന് വിലയും കുറച്ച് ഉയർന്നു നിൽക്കുകയായിരുന്നു. എന്നിട്ടും ഒരു 1220 കോടിയുടെ സ്വർണം ഒറ്റദിവസം കൊണ്ട് കേരളത്തിൽ വിറ്റഴിക്കപ്പെട്ടു.
ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന സ്വർണം എന്ന് പറഞ്ഞാൽ 800 ടണ്ണിനും 1000 ടണ്ണിനും ഇടയിലാണ്. അതായത് ഔദ്യോഗികമായി വിൽക്കപ്പെടുന്നതിന്റെ 20ശതമാനം കേരളത്തിൽ വിൽക്കപ്പെടുന്നു എന്നാണ് പറയുന്നത്. അങ്ങനെ കേരളത്തിൽ വിൽക്കപ്പെടുമ്പോൾ നമ്മൾ ഓർത്തിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. മലയാളികൾ മറ്റുള്ളവരുടെ അടുത്ത് പൊങ്ങച്ചം കാണിക്കാനുള്ള ഒരു മാർഗ്ഗമായിട്ടാണ് സ്വർണം വാങ്ങിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്. യഥാർത്ഥത്തിൽ സ്വർണം ഒരു നല്ല നിക്ഷേപമാണ്, അതായത് ഒരുതരത്തിലും നഷ്ടപ്പെട്ടു പോകില്ലാത്ത ഒരു നിക്ഷേപം. പക്ഷേ ആ നിക്ഷേപം കള്ളന് മോഷ്ടിച്ചുകൊണ്ട് പോകാൻ പറ്റും. അതുകൊണ്ട് നിക്ഷേപ രീതികളിൽ മാറ്റം വരുത്തണം. ഇടിഎഫിൽ ആണ് നിക്ഷേപിക്കുന്നതെങ്കിൽ കുഴപ്പമില്ല. അതുപോലെതന്നെ സ്വർണ നാണയത്തിലാണ് നിക്ഷേപിക്കുന്നതെങ്കിലും നല്ലതാണ്. കൂടാതെ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുന്നതാണെങ്കിലും നല്ല വരുമാനമാർഗമായി മാറും.
സ്വർണം ഇങ്ങനെ വലിച്ചുവാരിയിട്ട് നടക്കേണ്ട കാര്യമില്ല. സ്വർണം നല്ല ഒരു മൂലധനമാണ്, നിക്ഷേപമാണ്. അത് വീട്ടിൽ സുരക്ഷിതമായോ ബാങ്കുകളിലോ സൂക്ഷിക്കാം. അങ്ങനെയിരിക്കുമ്പോൾ എന്തിനാണ് സ്വർണം ഇട്ട് ആഡംബരം കാണിക്കുന്നത്?' മേരി ജോർജ് ചോദിച്ചു


Click it and Unblock the Notifications
