സ്വർണം ഒരു പൊടിക്ക് രക്ഷപ്പെട്ടു, ഇല്ലെങ്കില്‍ കാണാമായിരുന്നു: ഇറക്കുമതി തീരുവ ഉയർത്തിയില്ല, ആശ്വാസം
ഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി സ്വർണ്ണാഭരണ പ്രേമികളും നിക്ഷേപകരും ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നത് സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ ഉയർത്തുമോ എന്നതായിരുന്നു. കഴിഞ്ഞ ബജറ്റില്‍ താഴ്ത്തിയ തീരുവ ഇത്തവണ 10 ശതമാനമായെങ്കിലും ഉയർത്തുമെന്നായിരുന്നു വിദഗ്ധർ ഉള്‍പ്പെടെ ഭൂരിപക്ഷം പേരുടേയും വിലയിരുത്തല്‍. ഇതോടെ സ്വർണത്തിന്റെ വില വീണ്ടും കുതിച്ചേക്കുമെന്ന പ്രവചനവും ഉണ്ടായിരുന്നു. എന്നാല്‍ സ്വർണത്തിന്റെ ഇറക്കുമതി തീരുവ സംബന്ധിച്ചില്‍ ഇത്തവണത്തെ ബജറ്റില്‍ യാതൊരു പ്രഖ്യാപനവും ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം.
സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടായത് 2024 ലെ ബജറ്റിലാണ്. ഇതോടെ സ്വർണ്ണത്തിന്റെ ഇറക്കുമതി വലിയ തോതില്‍ കൂടുകയും രാജ്യത്തിന്റെ വ്യാപാര കമ്മി ഉയരുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ കൂട്ടുന്ന കാര്യം കേന്ദ്രം പരിഗണിച്ചുകൊണ്ടിരിക്കുന്നുവെന്നായിരുന്നു റിപ്പോർട്ട്.

ഇറക്കുമതി തീരുവ വർധിപ്പിക്കാന്‍ സർക്കാർ തീരുമാനിക്കുകയാണെങ്കില്‍ അത് സ്വർണ വിലയിലെ വർധനവിന് കാരണമാകും എന്നതില്‍ യാതൊരു സംശയവുമില്ല. 'ഏതെങ്കിലും സാഹചര്യത്തില്‍ സർക്കാർ സ്വർണ്ണത്തിൻ്റെ കസ്റ്റം ഡ്യൂട്ടി 6% ൽ നിന്ന് പഴയ 15% ആയി വർദ്ധിപ്പിക്കുകയാണെങ്കിൽ, ബജറ്റ് പ്രഖ്യാപനത്തിന് ശേഷം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ സ്വർണ്ണ വില 10 ഗ്രാമിന് 1 ലക്ഷം രൂപ വരെ ഉയർന്നേക്കാം' എന്നായിരുന്നു ലോകബാങ്കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്നിവരുൾപ്പെടെ പ്രമുഖ സ്ഥാനങ്ങൾ വഹിച്ച സാമ്പത്തിക വിദഗ്ധനായ സുഭാഷ് ചന്ദ്ര ഗാർഗ് അഭിപ്രായപ്പെട്ടത്.
മറുവശത്ത് സ്വർണത്തിന്റെ ഇറക്കുമതി വീണ്ടും കുറക്കണമെന്ന ആവശ്യമായിരുന്നു വ്യാപാരികള്‍ക്ക് ഉണ്ടായിരുന്നത്. ഇറക്കുമതി നികുതി ഇനിയും കുറച്ച് മൂന്ന് ശതമാനമാക്കണം എന്നായിരുന്നു അവരുടെ ആവശ്യം. നികുതി കുറയ്ക്കുന്നത് വഴി നികുതി കള്ളക്കടത്തിലൂടെ സ്വർണം രാജ്യത്തേക്ക് എത്തുന്നത് കുറയകയും അത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമായി മാറുമെന്നും അവർ ചൂണ്ടിക്കാട്ടി. ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി ജനപ്രിയമാക്കണം എന്ന നിർദേശവും അവർ മുന്നോട്ട് വെച്ചു.
എന്നാല്‍ സ്വർണത്തിന്റെ ഇറക്കുമതി തീരുവ നിലവിലെ ആറ് ശതമാനത്തില്‍ തന്നെ തുടരാനാണ് സർക്കാർ തീരുമാനം. അതേസമയം, സ്വർണ്ണ വില ഇന്നും പുതിയ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. ശനിയാഴ്ച പവന് 120 രൂപ കൂടി വില 61960 രൂപയിലേക്ക് ഉയർന്നു. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് ഇതാദ്യമായി 2,800 ഡോളര്‍ പിന്നിട്ടു. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications