സ്വര്‍ണം മടുത്തോ? യുഎഇ ഓഫര്‍ നല്‍കിയിട്ടും വാങ്ങുന്നില്ല... അമ്പരപ്പിക്കും പുതിയ വിവരങ്ങള്‍
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരാണ് ഇന്ത്യക്കാര്‍. ആഭരണമായും നിക്ഷേപമായും സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍. മലയാളികളെ സംബന്ധിച്ചാണെങ്കില്‍ സ്വര്‍ണം തൊടാതെ ഒരു ആഘോഷവുമില്ല എന്ന് പറയാം. സമീപ കാലത്തായി ചില മാറ്റങ്ങള്‍ പ്രകടമാകുകയാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ വലിയ കുറവ് വന്നിരിക്കുന്നു.
യുഎഇയും ഇന്ത്യയും തമ്മില്‍ സ്വതന്ത്ര്യ വ്യാപാര കരാര്‍ നിലവിലുണ്ട്. ഇതുപ്രകാരം യുഎഇയില്‍ നിന്ന് ഇറക്കുന്ന വസ്തുക്കള്‍ക്ക് നികുതി ഇളവ് ലഭിക്കും. തിരിച്ച് ഇന്ത്യയില്‍ നിന്ന് യുഎഇ ഇറക്കുന്ന വസ്തുക്കള്‍ക്കും ഇളവുണ്ടാകും. യുഎഇ ഇന്ത്യയ്ക്ക് ഇളവ് നല്‍കിയ വസ്തുക്കളില്‍ ഒന്നാണ് സ്വര്‍ണം. 120 ടണ്‍ സ്വര്‍ണം ഇത്തരത്തില്‍ ഇറക്കാന്‍ അനുമതിയുണ്ടായിരുന്നു എങ്കിലും ഇന്ത്യക്കാര്‍ വാങ്ങിയില്ല.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇന്ത്യയും യുഎഇയും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പുവച്ചത്. ഇതുപ്രകാരം ഓരോ മാസവും 10 ടണ്‍ സ്വര്‍ണം നികുതി ഇളവില്‍ ഇന്ത്യയ്ക്ക് ഇറക്കുമതി ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെ ഇന്ത്യ ഇറക്കിയ സ്വര്‍ണത്തിന്റെ കണക്ക് 52.81 ടണ്‍ മാത്രമാണ്. അബുദാബി എമിറേറ്റ്‌സില്‍ നിന്ന് മാത്രമുള്ള കണക്കാണിത്.
2021-22 സാമ്പത്തിക വര്‍ഷം അബുദാബിയില്‍ നിന്ന് ഇന്ത്യ 99.86 ശതമാനം സ്വര്‍ണം ഇറക്കിയിരുന്നു. 2022-23 സാമ്പത്തിക വര്‍ഷം 47 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. 2003ന് ശേഷം ആദ്യമായിട്ടാണ് ഇത്രയും കുറഞ്ഞ സ്വര്‍ണം ഇന്ത്യ യുഎഇയില്‍ നിന്ന് വാങ്ങുന്നത്. അന്ന് 18 ടണ്‍ സ്വര്‍ണം മാത്രമായിരുന്നു ഇറക്കിയത്. ഇന്ത്യ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സ്വിറ്റ്‌സര്‍ലാന്റിനെയാണ്.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം സ്വര്‍ണ ഇറക്കുമതി 23 ശതമാനം കുറഞ്ഞു. 2021-22 കാലയളവില്‍ 878 ടണ്‍ സ്വര്‍ണം വാങ്ങിയിരുന്ന ഇന്ത്യ കഴിഞ്ഞ വര്‍ഷം 677 ടണ്‍ ആയി. സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നുള്ള ഇറക്കുമതി 39 ശതമാനമാണ് കുറഞ്ഞത്. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം യുഎഇയില്‍ നിന്നുള്ള ഇറക്കുമതി കുറയാന്‍ കാരണം നികുതി വ്യവസ്ഥയിലെ അവ്യക്തതയാണെന്ന് സ്വര്‍ണ വ്യാപാര രംഗത്തെ പ്രമുഖനായ കോളിന്‍ ഷാ പറയുന്നു.
ഇളവ് നല്‍കിയിട്ടും യുഎഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി കുറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഇന്ത്യ ഇറക്കുമതി പ്രോല്‍സാഹിപ്പിക്കുന്നില്ല എന്നതാണ് കാര്യം. ഇറക്കുമതി കുറയ്ക്കാന്‍ സ്വര്‍ണത്തിന് നികുതി വന്‍തോതില്‍ കൂട്ടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 10.75 ശതമാനത്തില്‍ നിന്ന് ഇറക്കുമതി ചുങ്കം 15 ശതമാനമാക്കി ഉയര്‍ത്തി. ഈ വേളയില്‍ പ്ലാറ്റിനം ഇറക്കുമതി വര്‍ധിച്ചു. തുടര്‍ന്ന് പ്ലാറ്റിനം ഇറക്കുമതിയുടെ ചുങ്കം 15.4 ശതമാനമാക്കി കേന്ദ്രം കൂട്ടുകയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നികുതി കൂട്ടുന്നത് സ്വര്‍ണക്കടത്ത് വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ നിരീക്ഷണം. ഉയര്‍ന്ന നികുതി ഒഴിവാക്കാന്‍ വളഞ്ഞ വഴി ജനം സ്വീകരിക്കുമെന്നാണ് ഇവരുടെ വാദം. സ്വതന്ത്ര്യ വ്യാപാര കരാര്‍ ഒപ്പുവച്ച ആദ്യ വര്‍ഷം 120 ടണ്‍ സ്വര്‍ണമാണ് യുഎഇ ഇളവോടെ വാങ്ങാന്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കുന്നത്. പിന്നീടുള്ള ഓരോ വര്‍ഷവും സ്വര്‍ണത്തിന്റെ അളവ് കൂടും. അഞ്ചാം വര്‍ഷം 200 ടണ്‍ സ്വര്‍ണം എന്ന തോതിലെത്തും. അതുകൊണ്ടുതന്നെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്വര്‍ണം യുഎഇയില്‍ നിന്ന് ഇറക്കുമെന്ന് പ്രതീക്ഷിക്കാം.












Click it and Unblock the Notifications