യുഎഇയില്‍ നിന്നും കടല്‍ കടന്ന് വരും 140000 കിലോഗ്രാം സ്വർണം: പുത്തന്‍ നീക്കവുമായി ഇന്ത്യ
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍ നിരയിലാണ് ഇന്ത്യ. ഇതില്‍ തന്നെ 90 ശതമാവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. യു എ ഇയില്‍ നിന്നും സ്വിറ്റ്സർലൻഡില്‍ നിന്നുമാണ് ഇന്ത്യ സ്വർണം കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. അതേസമയം തന്നെ ഉയർന്ന ഇറക്കുമതി തീരുവയും കേന്ദ്ര സർക്കാർ സ്വർണത്തിന് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൊണ്ട് കൂടിയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വർണക്കള്ളക്കടത്ത് വർധിച്ചുകൊണ്ടിരിക്കുന്നത്.
അടുത്ത കാലത്ത് സ്വർണ വിലയില്‍ വർധനവ് ഉണ്ടായതോടെ സ്വർണ്ണക്കടത്ത് കൂടുതല്‍ ശക്തമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ പ്രത്യേക സംവിധാനം വഴി യു എ ഇയില്‍ നിന്നും വലിയ തോതില്‍ സ്വർണം ഇറക്കുമതി ചെയ്യാന്‍ പ്രത്യേക വിന്‍ഡോ കേന്ദ്ര സർക്കാർ ആരംഭിക്കാന്‍ പോവുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ത്യയും യു എ ഇയും അടുത്തിടെ ആരംഭിച്ച ഉഭയകക്ഷി വ്യാപാരത്തിലൂടെയാണ് സ്വർണം ഇറക്കുമതി ചെയ്യാന്‍ പോവുന്നത്.

ഉഭയകക്ഷി വ്യാപാര ഉടമ്പടി പ്രകാരം, വ്യാപാര ഭാഷയിൽ താരിഫ് റേറ്റ് ക്വാട്ട (TRQ) എന്ന് വിളിക്കുന്ന ഇറക്കുമതി ക്വോട്ട സമ്പ്രദായത്തിലൂടെ യുഎഇയിൽ നിന്ന് ഇളവുള്ള തീരുവയിൽ 140 മെട്രിക് ടണ്‍ സ്വർണ്ണം ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികളാണ് ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. അതായത് 140000 കിലോഗ്രാം സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിലായിരിക്കും ഇറക്കുമതി.
ആഭരണ നിർമ്മാതാക്കൾക്കും ജ്വല്ലറികൾക്കും ഈ വിൻഡോ ഉപയോഗിക്കാൻ അനുമതി നൽകുന്ന യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയതിന് ശേഷം ക്വാട്ട സമ്പ്രദായത്തിന് കീഴിലായിരിക്കും ഇറക്കുമതി. ഇത് കാരണം വരുമാന നഷ്ടമുണ്ടാവില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സിഇപിഎ) ഭാഗമായി, പുതുക്കിയ ലളിതമായ യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്വർണം ഇറക്കുമതി ചെയ്യാനുള്ള താരിഫ് റേറ്റ് ക്വാട്ട അനുവദിക്കുമെന്ന് ഫോറിൻ ട്രേഡ് ഡയറക്ടർ ജനറൽ സന്തോഷ് സാരംഗി വ്യക്തമാക്കി.
ഈ വർഷത്തേക്ക് ലഭ്യമായ 140 മെട്രിക് ടൺ സ്വർണ്ണ ഇറക്കുമതി ക്വാട്ട ലഭിക്കുന്നതിന് അപേക്ഷകരെ പരിഗണിക്കുന്നതിനായി മാർച്ച് 23 ന് എക്സിം ഫെസിലിറ്റേഷൻ കമ്മിറ്റി യോഗം ചേർന്നപ്പോൾ തന്നെ ഈ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് റവന്യൂ വകുപ്പുമായി ചർച്ച ചെയ്തിരുന്നു. 78 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. താരിഫ് റേറ്റ് ക്വാട്ട അപേക്ഷകൾ സൂക്ഷ്മപരിശോധനയിലാണ്. ഇന്നുവരെ ഒരു അപേക്ഷകനും താരിഫ് റേറ്റ് ക്വാട്ട ലൈസൻസുകൾ നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു

2022 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്ന CEPA പ്രകാരം, നിലവിലെ കസ്റ്റംസ് തീരുവയ്‌ക്കെതിരെ 1% ഡ്യൂട്ടി ഇളവോടെ 2023-24 ൽ ഇന്ത്യക്ക് 140 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്യാം, അതായത് 15% നിരക്കില്‍. കഴിഞ്ഞ വർഷം 110 മെട്രിക് ടൺ സ്വർണ ഇറക്കുമതി ഇളവ് നിരക്കിൽ അനുവദിച്ചിരുന്നു. അതിൽ 8.1 മെട്രിക് ടൺ മാത്രമാണ് ഇറക്കുമതി ചെയ്തത്.
ജ്വല്ലറി നിർമ്മാതാക്കൾക്ക് മാത്രം സ്വർണ്ണ താരിഫ് റേറ്റ് ക്വാട്ട അനുവദിക്കുന്നത് പോലുള്ള നിയന്ത്രിത മാനദണ്ഡങ്ങൾ നീക്കം ചെയ്യാനും എല്ലാ ഇറക്കുമതിക്കാർക്കും ക്വാട്ട ലഭിക്കുന്നതിന് അർഹത നേടാനും യുഎഇ അഭ്യർത്ഥിച്ചുവെന്നും വൃത്തങ്ങൾ അറിയിക്കുന്നു. അതേസമയം, ഇന്ത്യയുടെ മൊത്തം സ്വർണ ഇറക്കുമതി നടപ്പ് സാമ്പത്തിക വർഷം 24 ശതമാനം കുറഞ്ഞ് 35 ബില്യൺ ഡോളറായിട്ടുണ്ടെന്ന കണക്കുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.












Click it and Unblock the Notifications