സ്വര്‍ണവില പറക്കും; മാത്രമല്ല വിപണി മാറിമറിയും, ഇറക്കുമതി നികുതി കൂട്ടിയാല്‍ സംഭവിക്കുന്നത്
സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ആറില്‍ നിന്ന് 15 ശതമാനമാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മെയ് 13 മുതല്‍ പുതിയ തീരുമാനം നിലവില്‍ വന്നു. 2024ല്‍ ഇറക്കുമതി നികുതി 15 ശതമാനമായിരുന്നു. പിന്നീട് ആറ് ശതമാനമാക്കി കുറച്ചു. ഇതോടെ സ്വര്‍ണത്തിന്റെ ഇറക്കുമതി വന്‍ തോതില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ ഈ സാഹചര്യം തുടര്‍ന്നാല്‍ രാജ്യം പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്.
ഇറക്കുമതി നികുതി കൂട്ടുമ്പോള്‍ സ്വാഭാവികമായും സ്വര്‍ണവില വര്‍ധിക്കും. ഇറക്കുമതി ചെയ്യുമ്പോള്‍ നികുതി ഇനത്തില്‍ വലിയ തുക ഖജനാവിലേക്ക് എത്തും. ഇറക്കുമതി ചെയ്യുന്നവര്‍ക്ക് ചെലവ് കൂടുകയാണ് ചെയ്യുക. ഈ വേളയില്‍ അവര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ നിന്ന് പിന്തിരിയും. ഇന്ത്യയുടെ കരുതല്‍ ധനം വിദേശത്തേക്ക് ഒഴുകുന്നത് കുറയ്ക്കാന്‍ ഇത് വഴി സാധിക്കും.

എന്നാല്‍ സ്വര്‍ണവില ഒമ്പത് ശതമാനം കൂട്ടേണ്ടി വരുമെന്നാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഉപഭോക്താക്കള്‍ സ്വര്‍ണവും സ്വര്‍ണാഭരണവും വാങ്ങുന്നത് കുറയ്ക്കും. ഇത് ജ്വല്ലറി മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടും. ലക്ഷക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന മേഖല തകര്‍ക്കരുത് എന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണം എന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. തൊട്ടുപിന്നാലെയാണ് ഇറക്കുമതി നികുതി ഇരട്ടിയില്‍ അധികം വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വാങ്ങുന്നത് നിര്‍ത്തിവെക്കുന്നതിന് പകരം ആഭ്യന്തരമായുള്ള സ്വര്‍ണം ക്രിയാത്മകമായി ഉപയോഗിക്കുകയാണ് വേണ്ടത് എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.
നികുതി കൂട്ടുമ്പോള്‍ വെട്ടിപ്പ് കൂടും
സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കൂട്ടിയാല്‍ കള്ളക്കടത്ത് വര്‍ധിക്കുമെന്നാണ് മറ്റൊരു ഫലം. സ്വര്‍ണത്തിന്റെ ഹബ്ബായി അറിയപ്പെടുന്ന ദുബായില്‍ ഇന്ത്യയിലെ വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം കിട്ടും. ഇവിടെ നിന്ന് വലിയ തോതില്‍ നിയമവിരുദ്ധമായി സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരുന്ന സാഹചര്യം വരും. മാത്രമല്ല, നേപ്പാള്‍, തായ്‌ലാന്റ് വഴിയും സ്വര്‍ണം ഇന്ത്യയിലേക്ക് നികുതി വെട്ടിച്ച് ചട്ടവിരുദ്ധമായി എത്തും.
പ്രവാസികള്‍ക്ക് വലിയ നേട്ടമാണ് വരാന്‍ പോകുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം കിട്ടുമെന്നതാണ് ഒരു നേട്ടം. ആ സ്വര്‍ണം നാട്ടില്‍ വിറ്റ് കൂടുതല്‍ പണം കൊയ്യാന്‍ ശ്രമിക്കുന്നവരുടെ എണ്ണവും വര്‍ധിക്കും. അതേസമയം, സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന് മുന്നിലുള്ള പ്രധാന ലക്ഷ്യം.
ക്രൂഡ് ഓയില്‍, സ്വര്‍ണം എന്നിവയുടെ ഇറക്കുമതിയിലൂടെ സര്‍ക്കാരിന് വലിയ തോതില്‍ വിദേശ കരുതല്‍ ധനം നഷ്ടമാകുന്നുണ്ട്. ഇറക്കുമതി നികുതി വര്‍ധിപ്പിച്ചതിനാല്‍ ഇറക്കുമതി കുറയുമെന്ന് പ്രതീക്ഷിക്കാം. അതുവഴി കരുതല്‍ ധനം ചോരുന്നത് കുറയ്ക്കാം. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനും സാധിക്കും. ഇപ്പോള്‍ 95.50ന് താഴെക്ക് വീണിരിക്കുകയാണ് രൂപയുടെ നിരക്ക്. രൂപ വന്‍ ഇടിവിലേക്ക് പോകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.















Click it and Unblock the Notifications