സ്വര്‍ണം വാങ്ങുന്നവര്‍ ഇക്കാര്യം അറിയണം; നഷ്ടപ്പെട്ടാലും ഭയക്കേണ്ട, ആഭരണം ഇന്‍ഷുറന്‍സ് ചെയ്യാം
സ്വര്‍ണവില ഒരു ലക്ഷം കടന്നിട്ട് മാസങ്ങളായി. ഏറിയും കുറഞ്ഞും വില ഉയര്‍ന്നു തന്നെയാണ് നില്‍പ്പ്. ഇനി വലിയ തോതില്‍ ഇടിയുമെന്ന പ്രതീക്ഷയും വേണ്ട. കാരണം, സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ആളുകളുടെ എണ്ണം കൂടിയിരിക്കുന്നു. വാങ്ങാന്‍ കൂടുതല്‍ പേര്‍ എത്തുമ്പോള്‍ വില ഉയരുമെന്ന് ഉറപ്പാണ്. സ്വര്‍ണവില കൂടിയപ്പോള്‍ സ്വര്‍ണം കൈവശമുള്ളവര്‍ക്ക് ആശങ്കയും കൂടിയിട്ടുണ്ട്.
പഴയ പോലെ ആഭരണം ധരിച്ച് ധൈര്യത്തോടെ പുറത്തുപോകാന്‍ പലരും മടി കാണിക്കുന്നുണ്ട്. വീട്ടിലോ ബാങ്കിലോ സുരക്ഷിതമായി സൂക്ഷിക്കുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാലും ഒന്നോ രണ്ടോ പവന്‍ അണിയാത്ത സ്ത്രീകള്‍ കുറവാണ്. അതായത്, അവരുടെ കൈവശം എപ്പോഴും ചുരുങ്ങിയത് രണ്ട് ലക്ഷമുണ്ട് എന്ന് ചുരുക്കം. ഇത് നഷ്ടപ്പെടുകയോ അപഹരിക്കപ്പെടുകയോ ചെയ്താലും പണം നഷ്ടമാകാതിരിക്കാന്‍ വഴിയുണ്ട്. ആഭരണങ്ങള്‍ ഇന്‍ഷുര്‍ ചെയ്യുക.

ആഭരണം വാങ്ങുന്നവരും വില്‍ക്കുന്ന ജ്വല്ലറിക്കാരും ഇന്‍ഷുര്‍ ചെയ്യുന്നത് നല്ലതാണ്. ഇക്കാര്യം പലരും ശ്രദ്ധിക്കാറില്ല. ചിലര്‍ അറിഞ്ഞാലും ആസ്തി വിവരം പുറത്തറിയുമെന്ന് ഭയന്ന് എല്ലാം രഹസ്യമാക്കി വെക്കും. സ്വര്‍ണ വ്യാപാരികള്‍ക്ക് ജ്വല്ലേഴ്‌സ് ബ്ലോക്ക് ഇന്‍ഷുറന്‍സും വ്യക്തിള്‍ക്ക് ജ്വല്ലറി ഇന്‍ഷുറന്‍സും ഇന്ന് ലഭ്യമാണ്. ഇന്‍ഷുര്‍ ചെയ്താല്‍ എല്ലാ ഉത്തരവാദിത്തവും അവര്‍ ഏറ്റെടുത്തു എന്ന് അര്‍ഥമില്ല. എങ്കിലും നിശ്ചിത വിഹിതം ലഭ്യമാകും.
ഇന്ത്യയിലെ ജ്വല്ലറി വ്യവസായത്തിന് 4.7 ലക്ഷം കോടി രൂപയുടെ മൂല്യമുണ്ട്. എന്നാല്‍ ജ്വല്ലറി ഇന്‍ഷുറന്‍സ് വിപണി 500 കോടി രൂപയില്‍ താഴെ മാത്രമാണ്. അതായത്, ആഭരണം ഇന്‍ഷുര്‍ ചെയ്യുന്ന വ്യക്തികളും സ്ഥാപനങ്ങളും വളരെ കുറവാണ് എന്ന് ചുരുക്കം. അടുത്ത കാലത്ത് ആഭരണം ഇന്‍ഷുര്‍ ചെയ്യുന്നവര്‍ വര്‍ധിച്ചുവരുന്നുണ്ട് എന്നതും എടുത്തു പറയണം. 112960 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആഭരണമാണെങ്കില്‍ 1.25 ലക്ഷം രൂപ വരും.
സ്വര്‍ണം എങ്ങനെയാണ് ഇന്‍ഷുര്‍ ചെയ്യുക?
സ്വര്‍ണാഭരണങ്ങള്‍ ഇന്‍ഷുറന്‍സ് ചെയ്യുന്നതിന് രണ്ട് വഴികളുണ്ട്. ഹോം ഇന്‍ഷുറന്‍സ് പോളിസിയില്‍ ആഡ് ഓണ്‍ ആയി ചെയ്യാം. വീടിനുള്ളില്‍ വെച്ചിരിക്കുന്ന സ്വര്‍ണം മോഷണം, പ്രകൃതി ദുരന്തം എന്നിവ കാരണം നഷ്ടപ്പെട്ടാല്‍ കവറേജ് കിട്ടുമെന്നതാണ് ഇതിന്റെ നേട്ടം. ജ്വല്ലറി ഇന്‍ഷുറന്‍സ് വഴിയും ആഭരണം ഇന്‍ഷുര്‍ ചെയ്യാം. വീട്ടിലോ ലോക്കറിലോ ആണെങ്കിലും കവറേജ് കിട്ടുന്ന പോളിസിയാണിത്.
ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ആദ്യം മൂല്യം കണക്കാക്കുകയാണ് ചെയ്യുക. ബില്ലുകള്‍ ഉണ്ടെങ്കില്‍ നടപടികള്‍ എളുപ്പമാണ്. അല്ലെങ്കില്‍ അംഗീകൃത ജ്വല്ലറിയില്‍ നിന്നോ വാല്യുവറില്‍ നിന്നോ വാല്യൂവേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ശേഷം ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ച് പോളിസി എടുക്കാം. എപ്പോഴെല്ലാം കവറേജ് ലഭിക്കും എന്ന് കൃത്യമായി ചോദിച്ചറിയണം. ആകെ മൂല്യത്തിന്റെ നിശ്ചിത ശതമാനമായിരിക്കും പ്രീമിയം തുക.
മോഷണം, പിടിച്ചുപറിക്കല്‍, ദുരന്തം എന്നിവ കാരണം ആഭരണം നഷ്ടമായാല്‍ കവറേജ് ലഭിക്കുമോ എന്ന് ചോദിച്ച് മനസിലാക്കണം. ആഭരണങ്ങളുടെ ഫോട്ടോകള്‍ എടുത്തു വെക്കുന്നത് ക്ലെയിം ചെയ്യുന്ന സമയത്ത് സഹായകരമാകും. നിങ്ങള്‍ ആഭരണങ്ങള്‍ ലോക്കറിലാണ് സൂക്ഷിക്കുന്നതെങ്കില്‍ പ്രീമിയം തുകയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ അത് നിലവിലുള്ള പോളിസിയില്‍ ചേര്‍ക്കുന്നതും ഗുണം ചെയ്യും.















Click it and Unblock the Notifications