സ്വര്‍ണം പോകുന്നത് യുഎഇയിലേക്ക്; കേരളത്തിലെ ജ്വല്ലറി മേഖലയ്ക്ക് ആശങ്കയില്ല, എന്നാല്‍ സൂറത്ത്?
കൊച്ചി: അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുങ്കം 50 ശതമാനമാക്കി ഉയര്‍ത്തിയത് കയറ്റുമതി മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വലിയ ചെലവേറിയതായി മാറി. ടെക്‌സ്റ്റൈല്‍സ് രംഗത്തുള്ള കമ്പനികള്‍ അമേരിക്കയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ കുറച്ചിരിക്കുകയാണ്. മുംബൈ, സൂറത്ത് എന്നിവിടങ്ങളിലെ ആഭരണ കയറ്റുമതിക്കാരും ഓര്‍ഡര്‍ സ്വീകരിക്കുന്നില്ല.
അമേരിക്കയും ഇന്ത്യയും തമ്മില്‍ ചര്‍ച്ച നടത്തി വിഷയത്തില്‍ പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിട്ടുവീഴ്ചയുടെ ഭാഗം സംസാരിക്കുന്നേയില്ല എന്നത് ആശങ്കയുണ്ടാക്കുന്നു. അമേരിക്കയുടെ ചുങ്കപ്പോര് കേരളത്തിലെ ജ്വല്ലറി വ്യാപാര മേഖലയെ കാര്യമായി ബാധിക്കില്ല എന്നാണ് വിവരം. കാരണം, കേരളത്തില്‍ നിന്നുള്ള ആഭരണ കയറ്റുമതി കൂടുതലും യുഎഇയിലേക്കാണ്.

ലോകത്തെ പ്രധാന ആഭരണ ഉപഭോക്താക്കളാണ് ഇന്ത്യക്കാര്‍. ആഭരണ കയറ്റുമതിയിലും ഇന്ത്യക്കാര്‍ വളരെ മുന്നിലാണ്. ഇന്ത്യയുടെ മൊത്തം സ്വര്‍ണം-വജ്രം കയറ്റുമതി 35 ബില്യണ്‍ ഡോളറിന്റേതാണ് എന്നാണ് കണക്ക്. ഇതില്‍ 12 ശതമാനം വരെയാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. അമേരിക്കയിലേക്ക് അയക്കുന്നത് പ്രധാനമായും വജ്ര ആഭരണങ്ങളാണ്.
ലോകത്തിലെ പ്രധാന വജ്ര ആഭരണ നിര്‍മാണ മേഖലയാണ് സൂറത്ത്. ഇവിടെ നിന്നാണ് അമേരിക്കയിലേക്ക് പ്രധാനമായും ആഭരണം കയറ്റുമതി ചെയ്യുന്നത്. പിന്നെ മുംബൈയില്‍ നിന്നും. അതുകൊണ്ടുതന്നെ അമേരിക്ക ചുങ്കം 50 ശതമാനമാക്കി ഉയര്‍ത്തിയത് ബാധിക്കുക ഈ രണ്ട് മേഖലകളെയാണ്. പുതിയ ഓര്‍ഡര്‍ സൂറത്തിലെയും മുംബൈയിലെയും കയറ്റുമതിക്കാല്‍ തല്‍ക്കാലം സ്വീകരിക്കുന്നില്ലത്രെ. ഇത് തൊഴില്‍ നഷ്ടത്തിന് കാരണമാകും.
കേരളത്തിന്റെ സ്വര്‍ണാഭരണ കയറ്റുമതി
സ്വര്‍ണാഭരണങ്ങള്‍ കയറ്റുമതി ചെയ്യുന്നത് പ്രധാനമായും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. കര്‍ണാടകയില്‍ നിന്ന് തനിഷ്‌ക് അമേരിക്കയിലേക്ക് സ്വര്‍ണാഭരണം കയറ്റുമതി ചെയ്യുന്നുണ്ട്. കേരളത്തില്‍ നിന്ന് സ്വര്‍ണാഭരണം 90 ശതമാനം കയറ്റുമതി ചെയ്യുന്നത് യുഎഇയിലേക്കാണ്. സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്ക് കുറഞ്ഞ അളവിലും കയറ്റുമതിയുണ്ട്. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്നുള്ള കയറ്റുമതി പൂര്‍ണമായും യുഎഇയിലേക്കാണ്.
അതുകൊണ്ടുതന്നെ അമേരിക്കയിലെ അധിക ചുങ്കം കേരളത്തിലെ സ്വര്‍ണാഭരണ കയറ്റുമതി വ്യാപാരികളെ കാര്യമായി ബാധിക്കില്ല. അതേസമയം, യുഎഇ പുതിയ നിയന്ത്രണം കൊണ്ടുവന്നാല്‍ തിരിച്ചടിയാകും. എന്നാല്‍ യുഎഇയും ഇന്ത്യയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുള്ളത് ആശ്വാസകരമാണ്. നികുതി ഇളവുകളോടെ കയറ്റുമതിയും ഇറക്കുമതിയും നടക്കും.
അതേസമയം, അമേരിക്ക കയറ്റുമതി താരിഫ് വര്‍ധിപ്പിച്ചത് സ്വര്‍ണ, വജ്ര വ്യവസായത്തിന് തിരിച്ചടിയാണ് എന്ന് ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസർ അഭിപ്രായപ്പെട്ടു. ആഭരണ മേഖല കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സ്വര്‍ണം വാങ്ങുന്നതിന് ഇഎംഐ പദ്ധതി നടപ്പാക്കണം എന്ന ആവശ്യമാണ് വ്യാപാരികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications