സ്വർണാഭരണം പണയം വെച്ച് പെട്ടോ? തലവേദന ഒഴിവാക്കാം..മികച്ച മാർഗം ഇതാ
സ്വർണവില കുത്തനെ കുറഞ്ഞതോടെ സ്വർണം പണയം വെച്ചവർ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വർണത്തിന്റെ മൂല്യം കുറഞ്ഞതോടെ ഉയർന്ന നിരക്കിൽ സ്വർണം പണയം വെച്ചവർക്കാണ് ബാങ്കുകളിൽ നിന്നും സന്ദേശം വരുന്നുണ്ട്. വായ്പാ പരിധി കവിഞ്ഞതോടെ അധിക തുകയോ കൂടുതൽ സ്വർണമോ പണയത്തിലേക്ക് നൽകണമെന്നാണ് നിർദേശം.
എന്തായാലും ഇത്തരം നൂലാമാലകൾ ഇല്ലാതിരിക്കാൻ ഒരു മികച്ച മാർഗം നിർദേശിക്കുകയാണ് പ്രമുഖ പേഴ്സണൽ ഫിനാൻസ് വിദഗ്ധൻ നിഖിൽ ഗോപാലകൃഷ്ണൻ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചത് ഇങ്ങനെ
'സ്വർണവില ഇപ്പോൾ വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. റെക്കോഡ് തുകയിൽ നിന്നും ഏകദേശം 25 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിൽ വീണ്ടും പലിശ നിരക്ക് ഉയർത്തിയേക്കും. 50 ബേസിസ് പോയിൻ്റ് വർധിപ്പിക്കാനാണ് സാധ്യത.
നിരക്ക് കുറക്കുന്നതിന് മുൻപേ തന്നെ സ്വർണവില കുറയും. മാർക്കറ്റ് എപ്പോഴും കാര്യങ്ങളെ മുൻകൂട്ടി വിലയിരുത്തും. അതുകൊണ്ട് പലിശ നിരക്ക് കൂട്ടിയ പ്രഖ്യാപനം വന്നതിന് ശേഷം വില കുറയുമോയെന്നത് രണ്ടാമത്തെ കാര്യം. എന്തായാലും നിരക്ക് ഉയർത്തി കഴിഞ്ഞാൽ അടുത്ത നെഗറ്റീവ് ഘടകങ്ങൾ വരുമ്പോഴായിരിക്കും അടുത്ത വില കുറയുക.
വീട്ടിൽ 100 പവൻ ആഭരണം ഒക്കെ ആളുകൾ അതിനെയൊരു നിക്ഷേപമായി കണക്കാക്കുന്നുണ്ടാവില്ല. അവർ വില കൂടിയാലും കുറഞ്ഞാലും വിൽക്കാറില്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ വിലക്കുറവിൽ അവർ ആശങ്കപ്പെടാറും ഇല്ല. നിക്ഷേപം എന്ന നിലയ്ക്ക് സ്വർണം വാങ്ങിയവർ മാത്രമേ ആശങ്കപ്പെടുകയുള്ളൂ. നമ്മുടെ നിക്ഷേപത്തിൻ്റെ 80 ശതമാനവും സ്വർണനിക്ഷേപത്തിലാണെങ്കിൽ
അങ്ങനെയുള്ളവർക്ക് ആശങ്ക ഉണ്ടാകും.
സ്വർണാഭരണം പണയം വെച്ച് പലിശ കൊടുക്കുന്നതിനേക്കാൾ നല്ലത് ഇടിഎഫിലൂടേയും മ്യൂച്വൽ ഫണ്ടിലൂടേയും സ്വർണം വാങ്ങി എപ്പോഴാണോ വിൽക്കേണ്ടത് അപ്പോൾ വിൽക്കാം. പലിശ കൊടുക്കുന്നതിന് പകരം ഇഎംഐയിൽ ഗോൾഡ് വാങ്ങികൊണ്ടിരുന്നാൽ പോരെ.

ഇടിഎഫ് ആണ് മികച്ച റിട്ടേണ്‍ നൽകുന്നത്. എന്നാൽ അതിലും ഒരു അപകടം ഉണ്ട്. കാരണം പ്രശ്നം ഇടിഎഫിന് ഒരു ഇൻട്രിൻസിക്ക് വാല്യൂ ഉണ്ട്. ചിലപ്പോൾ ട്രേഡ് ചെയ്യുന്നത് ഇത്തിരി കൂടിയായിരിക്കും നിൽക്കുന്നത്. അപ്പൊ 100 യുടെ സാധനത്തിന് 101 രൂപയക്കാണ് ട്രേഡ് ചെയ്യുന്നതെങ്കിൽ പോലും ഇമ്പാക്റ്റ് കോസ്റ്റ് കൂടുതലാണ്. ഇതൊന്ന് നോക്കിയിട്ട് വാങ്ങിയാൽ മാത്രം മതി. ഇനി അതിൽ ടെൻഷൻ ഉണ്ടെങ്കിൽ മ്യൂച്ചൽ ഫണ്ടിൽ കൂടെ വാങ്ങാം.അതായത് സ്വർണാഭരണത്തിന് ജിഎസ്ടി കൊടുക്കുന്നതിനേക്കാൾ ലാഭം ഉണ്ട്', നിഖിൽ ഗോപാലകൃഷ്ണൻ പറഞ്ഞു.


Click it and Unblock the Notifications
