സ്വർണാഭരണങ്ങൾ ആളുകൾക്ക് വേണ്ട? ഇതെന്താണ് സംഭവിക്കുന്നത്..കണക്കിൽ അമ്പരപ്പ്
സ്വർണ വില പിടിവിട്ട് കുതിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് വില വീണ്ടും വർധിച്ചു. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ന് പവന് വില 71360 രൂപയായി. കഴിഞ്ഞ രണ്ടാഴ്ചയോളമായി സ്വര്‍ണ വിലയില്‍ സ്ഥിരമായ ചാഞ്ചാട്ടമാണ് ആഗോളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും വിലയിൽ വലിയ ഏറ്റകുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. അതേസമയം വില വർധിച്ചതോടെ ആഭരണം വാങ്ങാൻ മടിക്കുകയാണ് ആളുകൾ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2025-26 സാമ്പത്തിക വർഷത്തിൽ 9-10 ശതമാനം ഇടിവാണ് സ്വർണാഭരണങ്ങളുടെ ഉപയോഗത്തിൽ ഉണ്ടാകുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ 2024, 2025 സാമ്പത്തിക വർഷത്തിൽ നാണയങ്ങളുടേയും സ്വർണക്കട്ടികളുടേയും ഉപഭോഗം വർധിച്ചു. യഥാക്രമം 17, 25 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്', ഐസിആർഎ റിപ്പോർട്ടിൽ പറയുന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ നാണയങ്ങൾക്കും ബാറുകൾക്കുമുള്ള ആവശ്യം ഏകദേശം 10 ശതമാനം വർധിക്കുമെന്നും മൊത്തെം ആവശ്യകതയുടെ 35 ശതമാനം വരുമിതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

അതേസമയം വാങ്ങുന്ന സ്വർണാഭരണങ്ങളുടെ അളവ് കുറഞ്ഞെങ്കിലും മൂല്യം വർധിക്കും. ഏകദേശം 12-14 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം സ്വർണവിലയിൽ 33 ശതമാനത്തിന്റെ വർധനവ് ഉണ്ടായപ്പോൾ മൂല്യക്കണക്കിൽ 28 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. വില വർധിച്ചതോടെ ചെറുകിട സ്വർണവ്യാപാരികൾക്ക് വലിയ കോളടിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2026 സാമ്പത്തിക വർഷത്തിൽ ചില്ലറ വ്യാപാരികളുടെ വരുമാനം 14-16 ശതമാനം വളരുമെന്നാണ് ഐ സി ആർ എ റിപ്പോർട്ടിലെ പ്രവചനം. സ്വർണ വിലയിലെ വർധനവ്, കടകളുടെ വിപുലീകരണം, മാർക്കറ്റ് ഷെയറിൽ നിന്നുള്ള നേട്ടം ഇവയെല്ലാം വ്യാപാരികളെ തുണയ്ക്കും. മാത്രമല്ല സ്വർണം വാങ്ങുന്നതിന് ശുഭദിനമായി കണക്കാക്കുന്ന അക്ഷയതൃതീയ പോലുള്ള ദിവസങ്ങൾ വർഷത്തിൽ ഉണ്ടെന്നതും വിൽപന വർധിക്കാൻ സഹായിക്കും. കഴിഞ്ഞ അക്ഷയ തൃതീയക്ക് സ്വർണ വില വർധിച്ചെങ്കിലും വിൽപ്പനയിൽ വലിയ കുതിപ്പായിരുന്നു രേഖപ്പെടുത്തിയത്.
2025 സാമ്പത്തിക വർഷത്തിൽ, സംഘടിത ജ്വല്ലറികളുടെ വരുമാനത്തിൽ മികച്ച വളർച്ചയാണ് ഉണ്ടായത്. കുറഞ്ഞ അളവിലുള്ള സ്വർണം മാത്രമേ ഇവർ വിറ്റിരുന്നുള്ളൂവെങ്കിലും സ്വർണ വില വർധിച്ചതാണ് ഇവർക്ക് തുണയായത്. പല ചെറുകിട വ്യാപാരികളും കൂടുതൽ കടകൾ തുറന്നിരുന്നു. എന്നാൽ ഇവരിൽ ചിലർക്ക് മാത്രമേ ലാഭം ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളൂ. സ്വർണത്തോടുള്ള ആളുകളുടെ ഭ്രമം ഒട്ടും കുറയില്ലെന്നതിനാൽ ഈ പ്രവണത 2026 ലും തുടർന്നേക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സ്വർണ വില ഇനിയും കൂടുമോ?
ആഗോള തലത്തിലെ സാമ്പത്തിക രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. വ്യാപാര യുദ്ധമാണ് അടുത്തിടെ സ്വർണ വിലയിലെ വർധനവിന് വഴിവെച്ചത്. യുഎസ് മറ്റ് രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ പകരച്ചുങ്കം വിപണിയിൽ വലിയ പ്രത്യാഘാതത്തിന് വഴിയൊരുക്കി. വിപണിയിലെ പ്രതിസന്ധികൾ സുരക്ഷിത സ്വർണം എന്ന നിലയ്ക്കുള്ള സ്വർണത്തിന്റെ പെരുമ ഉയർത്തി. റഷ്യ-യുക്രൈൻ യുദ്ധവും യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്ന പ്രതീതിയുമല്ലാം സ്വർണ വില വർധിക്കാൻ കാരണമായി.
വരും ദിവസങ്ങളിലും സ്വർണ വില വർധിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ. എന്നാൽ കുത്തനെയുള്ള വർനവിന് സാധ്യത ഇല്ലെന്നാണ് ചില പ്രവചനങ്ങൾ. അതേസമയം ഈ വർഷാവസാനം ആഗോള വിപണിയിൽ ഔൺസിന് വില 4500 ഡോളർ വരെ എത്തിയേക്കുമെന്നാണ് ചിലർ പ്രവചിക്കുന്നത്. അതേസമയം 3200 ലേക്ക് ഇടിയാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. എന്നാൽ ഇതിന് വലിയ സ്വീകാര്യത ലഭിച്ചിട്ടില്ല.












Click it and Unblock the Notifications