'സ്വർണ വില കേരളത്തിൽ പവന് 90000 വരെ കൂടിയേക്കാം'; ഇപ്പോൾ ആഭരണങ്ങൾ വിൽക്കല്ലേ..ചെയ്യേണ്ടത് ഇതെന്ന് വ്യാപാരികൾ
സ്വർണ വിലയുടെ കുതിപ്പ് കണ്ട് അന്തിച്ച് നിൽക്കുകയാണ് ആഭരണപ്രേമികൾ. ഇന്ന് മാത്രം 2400 രൂപയുടെ വർധനവാണ് വിലയിൽ ഉണ്ടായത്. ആഗോള വിപണിയിലെ വില വർധനവിൻ്റെ ചുവടുപറ്റിയാണ് കേരളത്തിലും വില കുതിച്ചത്. രാജ്യസുരക്ഷയ്ക്ക് അപകടമാണെന്ന് അവകാശപ്പെട്ട് ഗ്രീൻലൻഡ് ഏറ്റെടുക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളാണ് നിക്ഷേപകരെ ഭയപ്പെടുത്തിയത്. തൻ്റെ നീക്കത്തിൽ പിന്തുണയ്ക്കാത്ത യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് മേൽ കനത്ത തീരുവ ചുമത്തുമെന്ന ഭീഷണി ട്രംപ് ഉയർത്തിയിട്ടുണ്ട്.
മാത്രമല്ല യുഎസ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതുമെല്ലാം സ്വർണ വിലയുടെ കുതിപ്പിന് വഴിവെച്ചു. എന്തായാലും ഇപ്പോഴത്തെ സാഹചര്യങ്ങൾ വില ഇനിയും വർധിക്കുമെന്ന സൂചനയാണ് നൽകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. രാജ്യാന്തര വിപണിയിൽ വില ഉയരുമ്പോൾ കേരളത്തിലും സ്വർണം കത്തിക്കയറും. ഈ പോക്ക് തുടർന്നാൽ കേരളത്തിൽ പവൻ വില 2 ലക്ഷം ആയേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പറയുകയാണ് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ അംഗം ജസ്റ്റിൻ പാലത്ര. സീ ന്യൂസ് മലയാളത്തോട് അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങന

'ഗ്രാമിന് 13,500 എന്ന നിലവാരത്തിലാണ് ഇന്ന് വിപണി തുറന്നത്. എന്നാൽ ഉച്ച ആയപ്പോഴേക്കും വില 13,600 ആയി. ഉച്ചകഴിഞ്ഞപ്പോൾ വില വീണ്ടും കൂടി 13,800 ആയി. 2,400 രൂപയാണ് ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് പവനിൽ കൂടിയത്. അതായത് ഗ്രാമിന് 14,000 ആവാൻ ഇനി വെറും 200 രൂപയുടെ കുറവ് മാത്രം. എന്നാൽ വില അവിടെയും നിൽക്കില്ലെന്നാണ് അനുമാനം. പവൻ വില ഒന്നര ലക്ഷത്തിന് മുകളിലേക്ക് പോകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
സ്വർണവില രണ്ട് ലക്ഷത്തിലേക്ക് എത്താം എന്ന നിഗമനമാണ് സത്യത്തിൽ ഇപ്പോൾ കാണുന്നത്. വില കൂടിയതുകൊണ്ട് സ്വർണം വിറ്റേക്കാം എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ തൽക്കാലം സ്വർണം വിൽക്കരുത്. കാരണം സ്വർണം ഇപ്പോഴും അല്പമെങ്കിലും വാങ്ങി വെക്കുന്നത് നല്ലതായിരിക്കും എന്നതാണ് അനുമാനം.
ലോകം ഒരു വലിയ യുദ്ധഭീഷണിയിലേക്ക് പോകുന്നുവെന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. ഇറാനെ തൊട്ടാൽ വിവരം അറിയുമെന്ന് റഷ്യ വരെ പറഞ്ഞുകഴിഞ്ഞു. അമേരിക്ക, ഇറാൻ, റഷ്യ, ചൈന, തായ്‌ലൻഡ്, ഇന്ത്യ, പാക്കിസ്ഥാൻ - അങ്ങനെ എല്ലാം യുദ്ധത്തിന്റെ മുനയിൽ നിൽക്കുന്നതിനാൽ രാജ്യങ്ങളൊന്നാകെ ഗോൾഡ് റിസർവുകൾ കൂട്ടിക്കൊണ്ടിരിക്കുകയാണ്. ടൺ കണക്കിന് സ്വർണം വാങ്ങുകയാണ്. ഡിമാൻഡ് കൂടുകയും പ്രൊഡക്ഷൻ കുറയുകയും ചെയ്യുന്നു. മൈനുകളിൽ ഇപ്പോൾ പ്രൊഡക്ഷൻ വളരെ ചെലവേറിയതാണ്. അതിനാൽ പ്രൊഡക്ഷൻ കുറയുന്നു, ഡിമാൻഡ് കൂടുന്നു. അങ്ങനെ വരുമ്പോൾ വില എങ്ങനെ കുറയാനാണ്?
അല്പം കൂടി ആലോചിച്ച ശേഷം മാത്രമേ സ്വർണം വിൽക്കാവൂ. കാരണം ഇപ്പോൾ വിറ്റാൽ പിന്നീടത് വിഷമമായി തോന്നാം - "അയ്യോ, കുറച്ചുകൂടി കഴിഞ്ഞിട്ട് കൊടുത്താൽ മതിയായിരുന്നു" എന്നൊരു തോന്നൽ വന്നേക്കും.
വെള്ളിവില സ്വർണത്തേക്കാൾ പോലും ക്രമാതീതമായി ഇനി കൂടാൻ പോകുകയാണ്. ആഭരണമായി ഉപയോഗിക്കുന്നത് മാത്രമല്ല, അതിലുപരി വ്യവസായ ആവശ്യങ്ങൾക്കാണ് വെള്ളി കൂടുതലായി ഉപയോഗിക്കുന്നത്. ഇ.വി. വാഹനങ്ങളുടെ ബാറ്ററികളിൽ സിൽവർ ഉപയോഗിക്കുന്നുണ്ട്. ഒരു ബാറ്ററി നിർമ്മിക്കാൻ ഏകദേശം ഒരു കിലോ വെള്ളി ആവശ്യമാണ്. ഏകദേശം 60 ശതമാനത്തോളം വെള്ളി വ്യവസായ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. സോളാർ ഇൻഡസ്ട്രിയിലെയും ആവശ്യങ്ങൾ വേറെയും ഉണ്ട്. വെള്ളിയുടെ ആഭരണ ഉപയോഗം 20-30 ശതമാനം മാത്രമാണ്. അതല്ല വെള്ളിയുടെ വില കൂടാനുള്ള പ്രധാന കാരണം. വെള്ളിയെങ്കിലും വാങ്ങാമെന്ന് കരുതിയാൽ അതും പ്രശ്നത്തിലേക്ക് പോകുകയാണ്. എല്ലാംകൊണ്ടും പൊതുജനങ്ങളും കച്ചവടക്കാരും വലിയൊരു അങ്കലാപ്പിലാണ്',അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications