സ്വർണ വില ഇന്ന് പിടിവിട്ട് കുതിച്ചു,ഒരു പവൻ വാങ്ങാൻ സാധാരണക്കാരൻ എന്ത് ചെയ്യും? വില ഇനി താഴേക്കില്ല?
സ്വർണാഭാരണപ്രേമികൾക്ക് വളരെ പ്രതീക്ഷ നൽകിക്കൊണ്ടാണ് ഫെബ്രുവരിയിൽ സ്വർണ വ്യാപാരം ആരംഭിച്ചത്. ജനുവരിയെ അപേക്ഷിച്ച് ഏകദേശം 10,000ത്തോളം രൂപയുടെ ഇടിവ് പവൻ വിലയിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ പോകപ്പോകെ വീണ്ടും വില ഉയരുകയാണ്. സ്വർണം വീണ്ടും സർവ്വകാല റെക്കോഡ് തൊടുമോയെന്നതാണ് പുതിയ ആശങ്ക.
ആഗോള വിപണിയിലെ വില വർധനവാണ് കേരളത്തിലെ വിലയേയും സ്വാധീനിക്കുന്നത്. ഇന്ന് രാജ്യാന്തര വിപണിയിൽ വില കുത്തനെ ഉയർന്നതോടെയാണ് കേരളത്തിലും സ്വർണ വില വീണ്ടും ഉയരത്തിലെത്തിയത്. യുഎസ്-ഇറാൻ ബന്ധത്തിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളാണ് ഇന്ന് ആഗോള സ്വർണവിലയിൽ വലിയ മുന്നേറ്റമുണ്ടാക്കിയത്. ഇറാൻറെ ആണവ പദ്ധതികളെച്ചൊല്ലിയുള്ള ട്രംപിൻ്റെ ഭീഷണിയും സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും മേഖലയിൽ യുദ്ധഭീതിക്ക് വഴിവെച്ചിട്ടുണ്ട്. ഇതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ അഭയംപ്രാപിച്ചു.

അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ദുര്‍ബലമായ ചിത്രമാണ് പുതിയ കണക്കുകൾ നൽകുന്നത്. മന്ദഗതിയിലുള്ള ജിഡിപിയും മറ്റ് സൂചകങ്ങളും നിക്ഷേപകരിൽ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട് സമ്പദ്‌വ്യവസ്ഥ അസ്ഥിരമാകുമ്പോൾ സ്വർണത്തിൻ്റെ പെരുമ ഉയരും. ഡിമാൻ്റ് കൂടുമ്പോൾ സ്വാഭാവികമായും വില ഉയരും. ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവ നീക്കങ്ങളും വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. മുൻ നയങ്ങൾ സുപ്രീം കോടതി തടഞ്ഞെങ്കിലും കലിപൂണ്ട ട്രംപ് വീണ്ടും ലോകരാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ ചുമത്തി. 150 ദിവസത്തേക്കാണ് തീരുവ ചുമത്തിയത്.
കേരളത്തിൽ സ്വർണം തിളച്ച് മറയുന്നു
സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും വീണ്ടും 1,16,000ന് മുകളിലെത്തി. ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് ഇന്ന് 14600 രൂപയാണ്. പവൻ വില 1,16,800 രൂപയും. ഇന്നലെ രാവിലെ ഒറ്റയടിക്ക് 800 രൂപ കുറഞ്ഞെങ്കിലും ഉച്ചയോടെ 880 രൂപയാണ് തിരിച്ചുകയറിയിരുന്നു. ഫെബ്രുവരി ഒന്നിന് 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
അതേസമയം വില ഉയർന്നതോടെ ഇന്ന് ഒരു പവൻ സ്വർണാഭാരണം വാങ്ങണമെങ്കിൽ ജി എസ് ടിയും പണിക്കൂലിയുമെല്ലാം ചേർത്ത് 1.30 ലക്ഷത്തിന് അടുത്തെങ്കിലും നൽകേണ്ടി വരും. കാരറ്റ് കുറച്ച് വാങ്ങാമെന്ന് കരുതിയാലും ഇന്ന് ക്ഷീണമാണ്. 18 കാരറ്റിന് ഇന്ന് വില ഗ്രാമിന് 12055 രൂപയാണ്.
ഇനിയൊരു തിരിച്ച് പോക്കില്ല?
കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതോടെ ഇനിയും സ്വർണം താഴേക്ക് പോകുമോയെന്നതായിരുന്നു പലരുടേയും ചോദ്യം. ആഗോള തലത്തിൽ റഷ്യയുടെ ചില നീക്കങ്ങളും സ്വർണപ്രേമികളുടെ പ്രതീക്ഷ ഉയർത്തി. റഷ്യ അമേരിക്കയുമായി യുഎസ് ഡോളറിൽ വീണ്ടും വ്യാപാരം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളായിരുന്നു ഇതിന് കാരണം. മോസ്കോ ഡോളർ അധിഷ്ഠിത വ്യാപാര തീർപ്പുകളിലേക്ക് മടങ്ങിയെത്തുന്നത് ബ്രിക്സ് രാജ്യങ്ങളുടെ ഡീ-ഡോളറൈസേഷൻ ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നും ഇതോടെ ബ്രിക്സ് രാജ്യങ്ങൾ സ്വാഭാവികമായും കൂടുതൽ അളവിൽ സ്വർണം വാങ്ങുന്നത് അവസാനിപ്പിക്കും ഇത് സ്വർണ വില ഇടിയാൻ കാരണമാകുമെന്നുമുള്ള റിപ്പോർട്ടുകളും വന്നു. എന്നാൽ അടുത്തകാലത്തൊന്നും അത്തരമൊരു സാഹചര്യത്തിന് സാധ്യതയില്ലെന്നാണ് ഇപ്പോൾ ചില വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ദീർഘകാലാടിസ്ഥാനത്തിൽ സ്വർണം പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications