സ്വർണ വിലയുടെ കുതിപ്പ് 1.78 ലക്ഷത്തിലേക്ക്; ഇനിയൊരു റിവേഴ്സ് ഇല്ലെന്ന് വിദഗ്ധർ..പുതിയ പ്രവചനം ഇങ്ങനെ
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ചരിത്രത്തിലാദ്യമായി 5000 ഡോളർ കടന്നിരിക്കുകയാണ്. ഔണ്‍സിന് 5,091 ഡോളർ എന്ന റെക്കോർഡ് വിലയാണ് തൊട്ടത്. വർധിച്ചുവരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സുരക്ഷിത നിക്ഷേപം തേടിയുള്ള ആവശ്യകതയുമാണ് ഈ സ്വർണക്കുതിപ്പിന് വഴിവെച്ചത്.
യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശ നിരക്ക് വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് സ്വർണവില കുതിച്ചുയരാൻ ഒരു പ്രധാന കാരണം. ഗ്രീൻലാൻഡിനെ ചൊല്ലി അമേരിക്കയും നാറ്റോയും തമ്മിലുണ്ടായ പുതിയ സംഘർഷങ്ങളും വില വർധനവിന് ആക്കം കൂട്ടി. കാനഡ ചൈനയുമായി വ്യാപാര കരാറിൽ ഏർപ്പെട്ടാൽ 100% താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് അടുത്തിടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങളല്ലാം സ്വർണത്തിന് അനുകൂല സാഹചര്യമൊരുക്കുകയാണ്.

ഇനി സ്വർണം എങ്ങോട്ട്?
2026 പകുതിയോടെ സ്വർണം 5000 ഡോളർ തൊടുമെന്നായിരുന്നു ആഗോള സാമ്പത്തിക സ്ഥാപനങ്ങൾ ആദ്യം പ്രവചിച്ചിരുന്നത്. എന്നാൽ ജനവരി അവസാനമായപ്പോൾ തന്നെ ഈ പ്രവചനങ്ങൾ സ്വർണം മറികടന്നിരിക്കുകയാണ്. ഇതോടെ ഇനിയും സ്വർണം അപ്രതീക്ഷിത ഉയരങ്ങൾ തൊട്ടേക്കുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. മഞ്ഞലോഹത്തിന് ദീർഘകാലത്തേക്ക് ഒരു ഔൺസിന് 5,550 ഡോളർ മുതൽ 7,000 ഡോളർ വരെ വില വർധനവാണ് വിശകലന വിദഗ്ധർ പ്രവചിക്കുന്നത്.
സ്വർണം 7,040 ഡോളർ എന്ന റെക്കോഡിലേക്കാണ് കുതിക്കുന്നതെന്നാണ് സാമ്കോ സെക്യൂരിറ്റീസിന്റെ മാർക്കറ്റ് റിസർച്ച് മേധാവി അപൂർവ ഷേത്ത് പറയുന്നത്. ശക്തമായ മുന്നേറ്റങ്ങൾക്ക് ശേഷം താൽക്കാലികമായ സ്ഥിരീകരണങ്ങൾ സ്വാഭാവികമാണെങ്കിലും, അടുത്ത വർഷങ്ങളിൽ സ്വർണം ഇനിയും മുന്നേറാൻ തന്നെയാണ് സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുർബലമായ ഡോളർ, വർദ്ധിച്ചുവരുന്ന ആഗോള കടം, സെൻട്രൽ ബാങ്കുകളുടെ തുടർച്ചയായ സ്വർണ്ണ ശേഖരണം എന്നിവയും മഞ്ഞലോഹത്തിന് മികച്ച പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വില എത്രയാകും
ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ കുതിച്ചുച്ചാട്ടമാണ് ഉണ്ടായത്. പവൻ വില 3000 രൂപയാണ് ഉയർന്നത്. ഗ്രാമിന് 14,915 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവൻ വില 1,19,320 രൂപയായി. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1.35 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. മൂന്നു മുതൽ 30 ശതമാനം വരെയാണ് സാധാരണ സ്വർണത്തിന് പണിക്കൂലി ഈടാക്കുന്നത്. കൂടാതെ 3 ശതമാനം ജിഎസ്ടിയും നൽകേണ്ടി വരും.
ആഗോള വിപണിയിൽ സ്വർണ വില ഇനി 7040 ഡോളർ തൊടുകയാണെങ്കിൽ പവൻ വില മാത്രം 1.65 ലക്ഷമാകും. ജിഎസ്ടിയും അടിസ്ഥാന പണിക്കൂലിയായ 5 ശതമാനവും ചേരുമ്പോൾ 1.28 ലക്ഷമാകും പവന് വില. വിവാഹം പോലുള്ള ആവശ്യങ്ങൾക്കുളള വൈവിധ്യമാർന്ന ഡിസൈനുകൾക്ക് 35 ശതമാനം വരെയാണ് പണിക്കൂലി. അതുകൊണ്ട് തന്നെ ഒരു പവൻ ആഭരണം 2 ലക്ഷം രൂപയ്ക്ക് വാങ്ങേണ്ടി വന്നാൽ യാതൊരു അതിശയവുമില്ല.












Click it and Unblock the Notifications