'കുറഞ്ഞ പവനിൽ തന്നെ ഷോ മാലകളും വളകളും കമ്മലുകളും വാങ്ങാം, ഇപ്പോഴത്തെ ട്രെൻഡ്, യെസ് പറഞ്ഞ് ജ്വല്ലറികൾ'
സ്വർണവില പവന് ഒരു ലക്ഷത്തിന് മുകളിൽ പോയത് സാധാരണക്കാരെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. പ്രത്യേകിച്ച് കല്യാണ ആവശ്യങ്ങൾക്ക് പത്ത് പവൻ പോയിട്ട് 5 പവൻ സ്വർണം പോലും തികച്ച് വാങ്ങാൻ പറ്റാത്ത അവസ്ഥയിലേക്കാണ് ഇന്ന് സ്വർണവില സാധാരണക്കാരനെ സംബന്ധിച്ച് എത്തി നിൽക്കുന്നത്.
ഇത്തരം സാധാരണക്കാരെ വിപണിയിലേക്ക് എത്തിക്കാൻ ജ്വല്ലറികൾ പല ഓഫറുകളും മുന്നോട്ട് വെക്കുന്നുണ്ട്. 5 പവൻ ആണ് കല്യാണ ആവശ്യത്തിന് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിൽ തന്നെ എല്ലാ ആഭരണങ്ങളും ലഭിക്കുമോ എന്നാണ് ആളുകൾ നോക്കുന്നത്.
ജ്വല്ലറി ഉടമയായ അരുൺ മാർക്കോസ് പറയുന്നത് ഇങ്ങനെയാണ്: '' ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് സാധാരണക്കാരായിട്ടുളള ആളുകള്‍ അന്വേഷിച്ച് വരുന്നത്. നേരത്തെ 20 പവന്‍ സ്വര്‍ണം വാങ്ങുന്ന ആളുകള്‍ പത്ത് പവനിലാണ് വാങ്ങുന്നത്. ഒന്നോ രണ്ടോ ഷോ മാലകളും കമ്മലുകളും വളകളും അടക്കം പത്ത് പവനില്‍ ലഭിക്കുമോ എന്നതാണ് ആളുകള്‍ അന്വേഷിച്ച് വരുന്നത്. അത് ജ്വല്ലറികള്‍ നല്‍കുന്നുമുണ്ട്.

പിന്നെ ഇപ്പോഴത്തെ യുവതലമുറ സ്വര്‍ണം അധികം ഉപയോഗിക്കുന്നില്ല. ഉപയോഗിച്ചാല്‍ തന്നെ അത് നേര്‍ത്ത ഒരു മാലയോ വളയോ ബ്രേസ്ലറ്റോ ഒക്കെയാണ്. എല്ലാവരും ജോലിക്ക് പോകുന്നവരാണ്. ദിവസവും സ്വര്‍ണവും ഉപയോഗിക്കുന്നതിലുളള ബുദ്ധിമുട്ടുകളും കൂടെ ജോലി ചെയ്യുന്ന ആളുകള്‍ അധികം സ്വര്‍ണം ഉപയോഗിക്കാത്തതും അടക്കമുളള കാരണങ്ങള്‍ കൊണ്ട് പുതിയ തലമുറ സ്വര്‍ണത്തില്‍ നിന്ന് അകന്നാണ് നില്‍ക്കുന്നത്.
അതുകൊണ്ട് തന്നെ കൂടുതലും ആളുകള്‍ കല്യാണം വരുമ്പോള്‍ കയ്യിലുളള ആഭരണങ്ങള്‍, അത് പഴയതാണെങ്കിലും മാറ്റി വാങ്ങുക പോലും ചെയ്യാതെ കൊടുക്കുന്ന ഒരു ട്രെന്‍ഡിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അതും വ്യാപാരത്തെ കാര്യമായി തിരിച്ചടിക്കുന്നുണ്ട്. ലൈറ്റ് വെയ്റ്റ് ആയിട്ടുളള ആഭരണങ്ങളാണ് ആളുകള്‍ വാങ്ങുന്നത് എന്നത് കൊണ്ട് തന്നെ വലിയ ബിസിനസ്സൊന്നും ജ്വല്ലറികളില്‍ നടക്കുന്നില്ല. ആളുകള്‍ വലിയ അളവില്‍ സ്വര്‍ണം വാങ്ങുന്നില്ല എന്നതാണ് വസ്തുത.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണപ്പണിക്കാര്‍ക്കൊക്കെ തൊഴില്‍ നഷ്ടപ്പെടുകയാണ്. ഇവര്‍ക്കൊക്കെ ലഭിക്കേണ്ടതായിട്ടുള്ള തൊഴില്‍ പൂര്‍ണമായും ഇല്ലാതാകുന്ന തരത്തിലേക്കാണ് ചെന്നെത്തുന്നത്. ആ സാഹചര്യം സ്വര്‍ണവിലയാകാം, ഇപ്പോഴത്തെ തലമുറയ്ക്ക് സ്വര്‍ണത്തോടുളള സങ്കല്‍പ്പങ്ങളിലെ മാറ്റങ്ങളാകാം. ഇതൊക്കെ ബാധിക്കുന്ന പരമ്പരാഗത സ്വര്‍ണപ്പണിക്കാരെയാണ്. അവരെ സംബന്ധിച്ച് പരമ്പരാഗതമായി സ്വര്‍ണപ്പണി തന്നെ ചെയ്യുന്നവരാണ്.. അവര്‍ക്ക് വേറെ മറ്റൊരു ജോലിയിലേക്ക് പെട്ടെന്ന് ചെന്നിറങ്ങുക എന്നുളളത് ബുദ്ധിമുട്ടാണ്.
ഇതൊക്കെ മാറണമെങ്കില്‍ സ്വര്‍ണവിപണി സജീവമാകണം, മാന്ദ്യം മാറണം. ഇതിലൊക്കെ കൃത്യമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇതെല്ലാം ഒരു ചെയിന്‍ പോലെ ബന്ധപ്പെട്ടതാണ്. സ്വര്‍ണം നിര്‍മ്മിക്കുന്നവരും വ്യാപാരികളും ജീവനക്കാരും എല്ലാം. കൃത്യമായി ബിസിനസ്സ് നടന്നാലെ ഇവര്‍ക്കൊക്കെ രക്ഷയുളളൂ. അല്ലെങ്കില്‍ ഇവരൊക്കെ പട്ടിണിയിലേക്ക് പോകും''.












Click it and Unblock the Notifications