സ്വർണം പണയം വെക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം: പലിശയിളവ് മാത്രം കണ്ട് മണ്ടത്തരം കാണിക്കരുത്
പെട്ടെന്ന് അല്‍പം പണത്തിന് ആവശ്യം വന്നാല്‍ സാധാരണക്കാർ പെട്ടെന്ന് ചെയ്യുന്നത് വീട്ടിലുള്ളതോ, അല്ലെങ്കില്‍ ബന്ധുക്കളുടേയോ സ്വർണാഭരണങ്ങള്‍ വാങ്ങി പണയം വെക്കുക എന്നുള്ളതാണ്. ഈടായി സ്വർണം നല്‍കുന്നതിനാല്‍ തന്നെ വളരെ പെട്ടെന്ന് തന്നെ മറ്റ് നൂലാമാലകള്‍ ഇല്ലാതെ തന്നെ പണം ലഭിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് സ്വർണപണയത്തിന്റെ ഗുണം.
നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിന് വേണ്ടിയോ നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കാനോ, വീട് പുതുക്കിപ്പണിയാനോയൊക്കെ നിങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സുരക്ഷ നൽകാൻ ഒരു സ്വർണ്ണ വായ്പയ്ക്ക് കഴിയും. എന്നാൽ, നിരവധി വായ്പാ ദാതാക്കളും ലോൺ ഓപ്ഷനുകളും ലഭ്യമായ ഈ മേഖലയില്‍ വളരെ കരുതലോടെ വേണം. അതുകൊണ്ട് തന്നെ ഗോള്‍ഡ് ലോണില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇനി പറയാന്‍ പോവുന്നത്.

സമയം
ഗോൾഡ് ലോൺ ദാതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ട ഒരു നിർണായക ഘടകമാണ് പെട്ടെന്നുള്ള വിതരണം. നിങ്ങൾക്ക് അടിയന്തിരമായി പണം ആവശ്യമായി വരുമ്പോൾ, നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ കാലതാമസമില്ലാതെ നിറവേറ്റാൻ കഴിയുന്ന സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുക. അതായത് സ്വർണവുമായി ചെല്ലുമ്പോള്‍ വലിയ പേപ്പർ വർക്കുകള്‍ ഇല്ലാതെ തന്നെ പണയമെടുക്കുന്ന സ്ഥാപനങ്ങളെയാണ് ഇവിടെ പരിഗണിക്കേണ്ടത്.
പലിശ നിരക്ക്
ഒരു സ്വർണ്ണ വായ്പ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധേക്കേണ്ട മറ്റൊരു ഘടകം പലിശ നിരക്കാണ്. വേഗത്തില്‍ പണം തരുന്ന സ്ഥാപനങ്ങളുണ്ടെങ്കിലും അവർ എത്ര പലിശനിരക്കാണ് ഈടാക്കുന്നതെന്ന് ശ്രദ്ധിക്കണം. സ്ഥാപനങ്ങള്‍ക്ക് അനുസരിച്ച് ഇത് വ്യത്യാസപ്പെട്ട് കിടക്കും. കുറഞ്ഞ പലിശ നിരക്ക് വായ്പയുടെ മൊത്തത്തിലുള്ള ചെലവ് ഗണ്യമായി കുറയ്ക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങള്‍ക്ക് വലിയ നേട്ടവും നല്‍കുന്നു.
മത്സര പലിശ നിരക്കുകളും സുതാര്യമായ നിബന്ധനകളും വ്യവസ്ഥകളും വാഗ്ദാനം ചെയ്യുന്ന ഒരു സ്വർണ്ണ വായ്പ ദാതാവിനെ തിരഞ്ഞെടുക്കുക എന്നതാണ് ബുദ്ധി. അതോടൊപ്പം തന്നെ നാല് ശതമാനം മാത്രം പലിശ നിരക്ക് വരുന്ന അഗ്രി-ഗോള്‍ഡ് ലോണും തിരഞ്ഞെടുക്കാവുന്നതാണ്.
ലോൺ-ടു-വാല്യൂ അനുപാതം (LTV)
നിങ്ങള്‍ പണയം വെക്കുന്ന സ്വർണ്ണാഭരണങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ലോണിന്റെ അളവാണ് എൽടിവി അനുപാതം എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്. അതായത് ഒരു പവന്‍ സ്വർണം പണയം വെച്ചാല്‍ നിങ്ങള്‍ക്ക് പരമാവധി എത്ര തുക വരെ ലഭിക്കുന്നു എന്നത് ഇതുകൊണ്ട് അർത്ഥമാക്കുന്നു. സാധ്യമായ പരമാവധി ലോൺ തുക നിങ്ങൾക്ക് ലഭിക്കുന്ന സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
സുരക്ഷിതത്വം
പലിശ നിരക്ക് വളരെ കുറവ്, ഉയർന്ന തുക എന്നിവ അടക്കമുള്ള വാഗ്ദാനങ്ങളുണ്ടെങ്കിലും സ്വർണം പണയം വെക്കുന്ന സ്ഥാപനം വിശ്വാസ്യയോഗ്യമാണോയെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ഇല്ലെങ്കില്‍ നിങ്ങള്‍ വഞ്ചിക്കപ്പെട്ടേക്കാം. ലോൺ പൂർണ്ണമായി തിരിച്ചടയ്ക്കുന്നത് വരെ നിങ്ങളുടെ സ്വർണം അവിടെ സുരക്ഷിതമായിരിക്കണം. അങ്ങനെ ഉറപ്പുള്ള സ്ഥാപനങ്ങളില്‍ നിന്ന് മാത്രം പണയം സ്വീകരിക്കുക.
തിരിച്ചടവ്
പരിഗണിക്കേണ്ട മറ്റൊരു പ്രധാന ഘടകം സ്ഥാപനങ്ങള്‍ നൽകുന്ന തിരിച്ചടവ് ഓപ്ഷനാണ്. നിങ്ങളുടെ തിരിച്ചടവ് ആവശ്യങ്ങൾക്ക് അനുയോജ്യമായ ഫ്ലെക്സിബിലിറ്റി വാഗ്ദാനം ചെയ്യുന്ന ഒരു വായ്പക്കാരനെ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. വേഗത്തില്‍ ലോണ്‍ അടച്ച് തീർക്കാന്‍ ഉദ്ദേശിക്കുന്നവരാണെങ്കിലും പതിയെ അടച്ച് തീർക്കാന്‍ ഉദ്ധേശിക്കുന്നവരാണെങ്കിലും തങ്ങള്‍ക്ക് അനുയോജ്യമായ തിരിച്ചടവ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുക.












Click it and Unblock the Notifications