അമ്പമ്പോ, പിടിവിട്ട് പൊന്ന് വില, പക്ഷേ നേട്ടമാക്കാം..സ്വർണ വായ്പ പ്രയോജനപ്പെടുത്താം ഇങ്ങനെ, അറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിക്കുകയാണ്. ഇന്ന് പവന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 44,960 രൂപയായി. ഇന്നലെ പവന് 44,560 രൂപയായിലായിരുന്നു വ്യാപാരം നടന്നത്.
സ്വർണ വിലയിൽ വലിയ കുതിപ്പോടെയായിരുന്നു ഈ മാസത്ത സ്വർണ വ്യാപാരം ആരംഭിച്ചത്. തുടക്കത്തിൽ 44,000 ആയിരുന്നു പവന് വില. ഏപ്രിൽ 5 ന് റെക്കോഡ വിലയായ 45,000 വും തൊട്ടു. വരും ദിവസങ്ങളിലും സ്വർണ വില റോക്കറ്റ് പോലെ കുതിക്കുമോ അതോ ആശ്വാസം നൽകുന്ന കണക്കുകൾ വിപണിയിൽ നിന്ന് പ്രതീക്ഷിക്കാമോയെന്ന് ഇപ്പോൾ പ്രവചിക്കാൻ ആകില്ലെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

സ്വർണ വില പിടിവിട്ട് പോകുന്നത് സാധാരണക്കാരന്റെ നെഞ്ചിടിപ്പ് ഉയർത്തുകയാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. വിവാഹ സീസണുകളിലെ ഈ വിലക്കുതിപ്പിൽ എങ്ങനെ സ്വർണം വാങ്ങുമെന്നാണ് പലരും പരിതപിക്കുന്നത്. എന്നാൽ ഈ വില വർധനവ് സാധരണക്കാരന് നേട്ടമാക്കാനാകും, എങ്ങനെയെന്നല്ലേ? സ്വർണ വായ്പ തന്നെ. പരമാവധി വില ഉയർന്ന് നിൽക്കുന്ന ഈ സമയമാണ് സ്വർണ വായ്പ എടുക്കാൻ പറ്റിയ സമയമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
എന്താണ് സ്വർണ വായ്പ?
സ്വർണാഭരണങ്ങൾ ഈടായി നൽകി വായ്പയെടുക്കുന്നതാണ് ഗോൾഡ് ലോൺ. ബാങ്ക്, എൻബിഎഫ്സികൾ എന്നിലരാണ് ഗോൾഡ് ലോൺ അനുലദിക്കുക. സ്വർണാഭരണങ്ങളോട് പ്രിയമുള്ളവരായത് കൊണ്ട് തന്നെ ഒരു തരി പൊന്നെങ്കിലും ഇല്ലാത്ത വീട് ഉണ്ടാകില്ല. പെട്ടെന്ന് പണത്തിന് ആവശ്യം വന്നാൽ പൊന്നുമായി നേരെ ബാങ്കിലേക്ക് വിടാൻ ഇപ്പോഴാണ് ഉചിതമായ സമയമെന്നാണ് വിപണി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോൾ സ്വർണ വായ്പ എടുക്കുന്നതിന്റെ നേട്ടങ്ങൾ ഒന്ന് പരിശോധിക്കാം-
വളരെ എളുപ്പം-ഒന്നാമത്തെ കാര്യം വളരെ വേഗത്തിലും എളുപ്പത്തിലും വായ്പ എടുക്കാൻ സാധിക്കുമെന്നത് തന്നെ. സാധാരണഗതിയിൽ ഒരു വായ്പ എടുക്കുമ്പോൾ അതിന്റെ നടപടി ക്രമങ്ങളും നൂലാമാലകളും ഏറെയാണ്.ബാങ്കിൽ അല്ലെങ്കിൽ സഹകരണ സ്ഥാപനങ്ങളിൽ മണിക്കൂറുകളോളം നമ്മൾ ചെലവഴിക്കേണ്ടി വരും. എന്നാൽ സ്വർണ വായ്പയാണെങ്കിൽ മിനിറ്റുകൾകുള്ളിൽ തന്നെ പണം കൈയ്യിലിരിക്കും.
ഉയർന്ന വായ്പ തുക- സ്വർണ്ണ വായ്പകൾ മറ്റ് വായ്പ തരങ്ങളെ അപേക്ഷിച്ച് ഉയർന്ന വായ്പ തുകയാണ് വാഗ്ദാനം ചെയ്യുന്നത്. പണയം വയ്ക്കുന്ന സ്വർണത്തിന്റെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയാണല്ലോ വായ്പ തുക നിശ്ചയിക്കുന്നത്. കടം വാങ്ങുന്നവർക്ക് പരമാവധി വായ്പ തന്നെ സ്വർണത്തിലൂടെ ലഭിക്കും. പലപ്പോഴും സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 80 ശതമാനം വരെ നേടാൻ സാധിക്കും.
കുറഞ്ഞ പലിശ നിരക്ക്-മറ്റ് വായ്പകളെ അപേക്ഷിച്ച് സ്വർണ വായ്പകൾക്ക് പലിശ നിരക്ക് കുറവായിരിക്കും. സ്വർണ്ണ വായ്പയുടെ പലിശ നിരക്ക് 10-15 ശതമാനം ആണ്. ഈടായി കൊടുക്കുന്ന സ്വർണ്ണത്തിന്റെ ഗുണനിലവാരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ഇത്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് പണം ആവശ്യമുള്ളവരെ സംബന്ധിച്ച് സ്വർണ വായ്പ മികച്ച ഒരു ഓപ്ഷനായിരിക്കും.

സ്വർണ വായ്പ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ-
വിപണി വില പരിശോധിക്കാം- പണയം വയ്ക്കുന്ന സ്വർണ്ണത്തിന്റെ വിപണി മൂല്യം പരിശോധിക്കേണ്ടത് പ്രധാനമാണ്. സ്വർണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെയാണ് വായ്പയായി അനുവദിക്കുക.
പലിശ നിരക്കും തിരിച്ചടവ് എങ്ങനെയെന്നതും ഉറപ്പാക്കേണ്ടതുണ്ട്-കൂടാതെ പ്രൊസസിങ് ഫീസ് എങ്ങനെയെന്ന കാര്യവും പരിശോധിക്കണം. സാധാരണ ഗതിയിൽ സ്വർണ വായ്പകൾക്ക് ഉയർന്ന പ്രോസസിംഗ് ഫീസ് ഇടാക്കാറുണ്ട്. ലോൺ തുടകയുടെ അഞ്ച് മുതൽ 10 ശതമാനം വരെയാണ് ഇത്തരത്തിൽ ഇടാക്കുന്നത്.












Click it and Unblock the Notifications