സ്വർണത്തിന്റെ തിളക്കം മങ്ങുന്നു;റെക്കോർഡ് വിലയിൽ നിന്ന് 30% ഇടിവ്, ഇനിയും കുറയും?
ആഭരണപ്രേമികളുടെ പ്രതീക്ഷ ഉയർത്തി രാജ്യാന്തര വിപണിയിൽ സ്വർണം കുത്തനെ ഇടിയുകയാണ്.ഒരു ഔൺസിന് 5,600 ഡോളർ എന്ന റെക്കോർഡ് ഉയരത്തിൽ നിന്ന് 30 ശതമാനത്തിലേറെ ഇടിവാണ് സ്വർണത്തിന് ഇതുവരെ രേഖപ്പെടുത്തിയത്. നിലവിൽ 4,000 ഡോളറിനടുത്താണ് വ്യാപാരം പുരോഗമിക്കുന്നത്.
സാധാരണയായി യുദ്ധസമാനമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ സ്വർണത്തിന് ഡിമാൻഡ് കൂടാറുണ്ട്. എന്നാൽ ഇത്തവണ ഇറാൻ യുദ്ധത്തെ തുടർന്ന് എണ്ണവില വർദ്ധിക്കുകയും ഇത് പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്തു. ഇതോടെ കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ അസ്ഥാനത്തായി. മാത്രമല്ല പണപ്പെരുപ്പ ആശങ്ക പലിശ നിരക്ക് കൂട്ടുമെന്ന സൂചനകളും ശക്തമാക്കി.ഈയൊരു സാഹചര്യമാണ് സ്വർണത്തിന് തിരിച്ചടിയായത്.

മാത്രമല്ല ജൂൺ അവസാനത്തോടെ ആഗോള തലത്തിൽ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഹരികളിൽ വലിയ തകർച്ചയുണ്ടായപ്പോൾ, നഷ്ടം നികത്താനും പണം കണ്ടെത്താനുമായി പല വൻകിട നിക്ഷേപകരും തങ്ങളുടെ കൈവശമുണ്ടായിരുന്ന സ്വർണവും വെള്ളിയും വൻതോതിൽ വിറ്റഴിച്ചതും വിലയിടിവിന് ആക്കം കൂട്ടി.
അതേസമയം സ്വർണ വില ഇടിഞ്ഞെങ്കിലും ദീർഘകാലത്തിൽ സ്വർണം സുരക്ഷിത നിക്ഷേപമായി തന്നെ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പണപ്പെരുപ്പത്തിൽ നിന്നുള്ള സുരക്ഷ, ഡോളറിലുള്ള വിശ്വാസക്കുറവ്, കേന്ദ്ര ബാങ്കുകളുടെ നിരന്തരമായ സ്വർണം വാങ്ങൽ എന്നിവ സ്വർണത്തിന് എന്നും കരുത്താണെന്ന് വിദഗ്ധർ പറയുന്നു.
അതേസമയം വരുന്ന ആഴ്ചകളിൽ സ്വർണവില 4,400 ഡോളറിലേക്ക് തിരിച്ചുകയറാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അനുകൂല സാഹചര്യം ഉണ്ടായാൽ 2026 അവസാനത്തോടെ വില 4,900 മുതൽ 5,000 ഡോളർ വരെയോ ഉയർന്നേക്കാമെന്നും ഇവർ പറയുന്നു. നിലവിൽ 3,950 - 4,000 ഡോളറിനും ഇടയിലാണ് വില. ഇവിടെനിന്ന് വില താഴേക്ക് പോകാൻ സാധ്യത കുറവാണെന്നും ഇവർ ചൂണ്ടിക്കാട്ടി.
യുഎസ് ഫെഡറൽ റിസർവ് ഈ വർഷം പലിശനിരക്കുകളിൽ മാറ്റം വരുത്താൻ സാധ്യതയില്ല. കൂടാതെ ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞ പാദത്തിൽ 40 ശതമാനത്തോളം കുറവുണ്ടായതും ഇംപോർട്ട് ഡ്യൂട്ടികളുടെ ആഘാതം കുറഞ്ഞതും പണപ്പെരുപ്പത്തിന്റെ സമ്മർദ്ദം കുറയ്ക്കും. വരും വർഷങ്ങളിൽ സാമ്പത്തിക വളർച്ച കുറയുന്നതും സ്വർണത്തിന് ഗുണകരമാകുമെന്നും സാമ്പത്തിക വിദഗ്ധർ പറഞ്ഞു.
കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നു
2025നെ അപേക്ഷിച്ച് 2026ന്റെ ആദ്യ പകുതിയിൽ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നതിന്റെ വേഗത കുറഞ്ഞിട്ടുണ്ടെങ്കിലും, ഡോളറിന്മേലുള്ള ആശ്രയത്വം കുറയ്ക്കാൻ പല രാജ്യങ്ങളും തങ്ങളുടെ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് കൂട്ടുകയാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ സർവേ പ്രകാരം 84% കേന്ദ്ര ബാങ്കുകളും വരും വർഷങ്ങളിൽ തങ്ങളുടെ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ പങ്ക് വർദ്ധിപ്പിക്കാൻ താല്പര്യപ്പെടുന്നുണ്ട്. യുഎസ് ഡോളർ ഇപ്പോൾ ശക്തമായി തുടരുന്നുണ്ടെങ്കിലും അമേരിക്കയുടെ വലിയ സാമ്പത്തിക പ്രതിസന്ധികൾ വരുംദിവസങ്ങളിൽ ഡോളറിന് തിരിച്ചടിയായേക്കാം. ഡോളർ ദുർബലപ്പെടുന്നത് എപ്പോഴും സ്വർണവില ഉയരാൻ കാരണമാകാറുണ്ട്.
വരും ദിവസങ്ങളിൽ യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനങ്ങളായിരിക്കും സ്വർണവിലയുടെ ഗതി നിർണ്ണയിക്കുക. ചൈനയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലെ സ്വർണത്തിന്റെ യഥാർത്ഥ ആവശ്യകതയും വിപണി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യ, മിഡിൽ ഈസ്റ്റ്, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ റീട്ടെയിൽ ഉപഭോക്താക്കൾ ഏത് വിലയിലാണ് വിപണിയിലേക്ക് ശക്തമായി തിരിച്ചെത്തുക എന്നതിനെ ആശ്രയിച്ചിരിക്കും സ്വർണവിലയുടെ വരുംകാല കുതിപ്പ്.












Click it and Unblock the Notifications